വിദേശ രാജ്യത്ത് പ്രവാസികൾ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുന്നിട്ടിറങ്ങേണ്ടത് അവിടെയുള്ള ഇന്ത്യൻ എംബസ്സികളാണ്. എന്നാൽ, പ്രവാസികൾക്ക് എംബസ്സികളിൽ നിന്ന് നേരിടുന്ന അവഗണന എത്രത്തോളമാണെന്ന് തെളിയിക്കുന്നതാണ് അവിടെ കെട്ടിക്കിടക്കുന്ന പരാതികൾ. വംശീയ വിദ്വേഷത്തിനെതിരെയും ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള ശാരീരിക-മാനസിക പീഡനത്തിനെതിരെയും നൽകിയ പരാതികളാണ് അവഗണിക്കപ്പെട്ടുകിടക്കുന്നത്.

കഴിഞ്ഞ നാലുവർഷം കൊണ്ടാണ് ഇത്രയേറെ പരാതികൾ തീർപ്പാകാതെ കിടക്കുന്നത്. കൂടുതൽ പരാതികളും ഗൾഫ് രാജ്യങ്ങളിൽനിന്നാണ്. എന്നാൽ, പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസ്സിയിൽ പരാതിയൊന്നുമില്ലെന്നതാണ് മറ്റൊരു കൗതുകകരമായ വസ്തുത. ആവശ്യഘട്ടങ്ങളിൽ സഹായം നൽകുന്നതിൽ എംബസ്സികൾ പരാജയപ്പെടുന്നതായി പ്രവാസികൾ പരാജയപ്പെടുന്നു. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കഴിവുകേടാണ് ഇത് വ്യക്തമാക്കുന്നതെന്ന് അവർ പറയുന്നു.

ലോകത്തേറ്റവും കൂടുതൽ പ്രവാസികളുള്ള രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. രണ്ടരക്കോടിയോളം ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലായി ജീവിക്കുന്നത്. ഏറ്റവും കൂടുതൽ പ്രവാസികൾ ഉള്ള രാജ്യം ചൈനയാണ്.

12 വിഭാഗങ്ങളിലായി നാലുവർഷത്തിനിടെ 60,608 പരാതികളാണ് 32 എംബസ്സികളിൽ ലഭിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ സൗദി അറേബ്യയിലെ ഇന്ത്യൻ എംബസ്സിയിലാണ് ലഭിച്ചിട്ടുള്ളത്. 12495 എണ്ണം. കുവൈറ്റിലെ എംബസ്സിയിൽ 12,110 പരാതികളും ഖത്തറിലെ എംബസ്സിയിൽ 9786 പരാതികളും യു.എ.ഇയിലെ എംബസ്സിയിൽ 6,212 പരാതികളും പരിഹരിക്കപ്പെടാതെ കിടക്കുന്നു.

ഗൾഫ് മേഖലയിൽ മാത്രം 70 ലക്ഷത്തോളം ഇന്ത്യക്കാരാണുള്ളത്. ഇതിൽ കേരളത്തിൽനിന്നുള്ളവരാണ് കൂടുതൽ. ഒരുവർഷം ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കെത്തുന്നത് 60,000 കോടി രൂപയാണെന്ന് കണക്കാക്കപ്പെടുന്നു. ഗൾഫ് മേഖലയിലെ എംബസ്സികളിൽ ലഭിച്ചിട്ടുള്ള പരാതികളിലേറെയും ലൈംഗികാതിക്രമവും ശാരീരിക പീഡനവുമാണ്. 

അമേരിക്കയിലെ ഇന്ത്യൻ എംബസ്സിയിൽ 468 പരാതികളാണ് നാല് വർഷത്തിനിടെ ലഭിച്ചത്. യുകെയിൽ 245-ഉം. ബംഗ്ലാദേശിൽനിന്ന് 167 പരാതികൾ ലഭിച്ചപ്പോൾ, ചൈനയിൽനിന്ന് വെറും ഒമ്പത് പരാതികളാണുള്ളത്.