ദുബായ്: യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാർ ഇന്ത്യൻ എംബസിയിൽ തങ്ങളുടെ പേരും മറ്റു വിവരങ്ങളും രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശം. എംബസിയുടെയോ ഇന്ത്യൻ കോൺസുലേറ്റിന്റെയോ ഔദ്യോഗിസക വെബ്‌സൈറ്റിൽ ലഭ്യമാകുന്ന നിർദിഷ്ട രജിസ്‌ട്രേഷൻ ഫോറം പൂരിപ്പിച്ച് നൽകണം. യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് രജിസ്‌ട്രേഷൻ നടത്തുന്നതെന്ന്  ഇന്ത്യൻ കൗൺസുൽ ജനറൽ അനുരാഗ് ഭൂഷൺ അറിയിച്ചു.

നിർദിഷ്ട ഫോറത്തിൽ രജിസ്‌ട്രേഷൻ നടത്തിക്കഴിയുമ്പോൾ ഓരോരുത്തർക്കും ഐഡിയും പാസ് വേർഡും ഇ-മെയിലിലേക്ക് അയച്ചു കൊടുക്കും. പിന്നീട് ഇതിൽ മാറ്റങ്ങൾ വരുത്തേണ്ടവർക്ക് അതിനുള്ള സൗകര്യമുണ്ടായിരിക്കും. വ്യക്തിയെ സംബന്ധിച്ച് അടിസ്ഥാന വിവരങ്ങൾ മാത്രമേ ശേഖരിക്കുന്നുള്ളൂവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കാൻ ആരും അർഹരല്ല എന്നും പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്. യുഎഇയിൽ താമസിച്ച് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് ഈ നടപടിയെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. വ്യക്തിയുടെ ഇന്ത്യയിലെ ബന്ധപ്പെടേണ്ട വിലാസവും യുഎഇയിലെ വിലാസവും നൽകണമെന്നും എംബസി നിർദേശിക്കുന്നു.

സ്വയം രജിസ്റ്റർ ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് ഇക്കാര്യത്തിൽ തൊഴിൽ ഉടമയുടെ സഹായം തേടാം. ഓൺലൈൻ വഴി തന്നെയാണ് അപേക്ഷ പൂരിപ്പിച്ച് നൽകേണ്ടത്. ഇന്ത്യൻ എംബസിയുടെ വെബ് സൈറ്റിൽ കമ്യൂണിറ്റി വെൽഫെയർ പോർട്ടലിൽ എൻആർഐ രജിസ്‌ട്രേഷൻ എന്ന വിഭാഗത്തിലാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്.  പേര്, ജനന തീയതി, പാസ്‌പോർട്ട് വിശദാംശങ്ങൾ, എമിറേറ്റ്‌സ് ഐഡി നമ്പർ, തൊഴിൽ, യുഎഇ വിലാസം, ഫോൺ നമ്പർ, ഈമെയിൽ, സ്‌പോൺസറുടെ പേര്, വിലാസം തുടങ്ങിയ വിശദാംശങ്ങളാണു റജിസ്‌ട്രേഷൻ ഫോമിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ വിലാസം, സംസ്ഥാനം, ജില്ല, താലൂക്ക് തുടങ്ങിയ വിവരങ്ങളും നൽകണം.
ഇന്ത്യക്കാർക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും അടിയന്തിര ഘട്ടങ്ങളിലും മറ്റും സേവനം ലഭ്യമാക്കുന്നതിനും ഈ വിവരശേഖരണം ഉപകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.