- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയിൽ കോവിഡ് വ്യാപനം മെയ് പകുതിയോടെ മൂർധന്യത്തിലെത്തും; സജീവകേസുകളുടെ എണ്ണം 33-35 ലക്ഷം വരെ ഉയരും; മെയ് അവസാനത്തോടെ കുത്തനെ കുറയുമെന്നും ഐഐടി ശാസ്ത്രജ്ഞർ; മഹാരാഷ്ട്രയിലും ഛത്തീസ്‌ഗഢിലും അതിതീവ്ര ഘട്ടത്തിലെന്നും വിലയിരുത്തൽ
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം മെയ് മാസം പകുതിയോടെ മൂർധന്യത്തിലെത്തുമെന്ന് ഐഐടി ശാസ്ത്രജ്ഞർ. മെയ് 11-15 വരെയുള്ള കാലയളവിൽ സജീവ കോവിഡ് കേസുകളുടെ എണ്ണം 33-35 ലക്ഷത്തിലെത്തിയേക്കാമെന്നും മെയ് അവസാനത്തോടെ രോഗവ്യാപനം കുത്തനെ കുറയുമെന്നും ഐഐടി വിദഗ്ദ്ധർ തയ്യാറാക്കിയ കണക്കുകൾ സൂചിപ്പിക്കുന്നു.
രോഗവ്യാപനം കുറയുന്നതിന് മുമ്പ് മെയ് പകുതിയോടെ രാജ്യത്തെ സജീവ കോവിഡ് കേസുകൾ 10 ലക്ഷത്തോളം വർധിക്കുമെന്നാണ് കാൺപുർ, ഹൈദരാബാദ് ഐഐടികളിലെ വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ.
അതേസമയം ഏപ്രിൽ 25-30 ഓടെ ഡൽഹി, ഹരിയാന, രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ ഉയരുമെന്നും ഐഐടി ശാസ്ത്രജ്ഞർ പറയുന്നു. മഹാരാഷ്ട്രയിലും ഛത്തീസ്‌ഗഢിലും ഇതിനകം തന്നെ രോഗവ്യാപനം അതിതീവ്ര ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.
മെയ് 11-15 നുള്ളിൽ രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം അതിതീവ്രമായി 33-35 ലക്ഷത്തിലെത്താൻ സാധ്യതയുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി. വലിയൊരു കുതിച്ചുചാട്ടമാണിത്. എന്നാൽ രോഗവ്യാപനം കുറയുന്ന ഘട്ടത്തിലും കേസുകളുടെ എണ്ണം ഇതിന് സമാനമായി കുത്തനെ താഴേക്കുവരും. മെയ് അവസാനത്തോടെ പുതിയ കേസുകളിൽ ഗണ്യമായി കുറവുണ്ടായേക്കാമെന്നും ഐഐടി കാൺപുരിലെ പ്രൊഫസർ മനീന്ദ്ര അഗർവാൾ പറഞ്ഞു.
മഹാമാരിയുടെ ഗതി പ്രവചിക്കുന്നതിനായി മൂന്നു പാരമീറ്റർ ആണ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു ഒന്നാമത്തേത് ബീറ്റ അഥവാ കോൺടാക്ട് റേറ്റ് എന്ന് വിളിക്കുന്നു. ഇത് പ്രതിദിനം എത്രപേർക്ക് രോഗം ബാധിക്കുന്നുവെന്ന് അളക്കുന്നു. മറ്റ് രണ്ടു പാരമീറ്ററുകളിൽ ഒന്ന് മഹാമാരിയുടെ എക്പോഷർ ആണ് മറ്റൊന്ന് എപ്സിലോൺ. ഇത് കണ്ടെത്തിയതും കണ്ടെത്താത്തതുമായി കേസുകളുടെ അനുപാതത്തെ സൂചിപ്പിക്കുന്നു.
അതേസമയം രാജ്യത്ത് തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്തെ കോവിഡ് കേസുകൾ മൂന്നു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,32,730 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് മഹാമാരി ആരംഭിച്ചതിനു ശേഷം ലോകത്ത് ഒരു രാജ്യത്തുണ്ടാകുന്ന ഏറ്റവും കൂടിയ പ്രതിദിന രോഗബാധയാണിത്. കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം 2263 പേർ മരിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്.
രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയർന്നു. മരണ സംഖ്യ 1,86,920 ആയി. നിലവിൽ ഇന്ത്യയിൽ 24,28,616 സജീവ രോഗികളുണ്ട്. രോഗമുക്തരായവരുടെ എണ്ണം 1,36,48,159 ആണ്. കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,14,835 ആയിരുന്നു. രാജ്യത്ത് 13,54,78,420 പേർ ഇതുവരെ വാക്‌സിനേഷൻ സ്വീകരിച്ചു.
കോവിഡ് ഏറ്റവും മോശമായി ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയിൽ ഇന്നലെ മാത്രം 67,013 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയ്ക്ക് പുറമേ കേരള, തമിഴ്‌നാട്, ഡൽഹി, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം വർധിക്കുകയാണ്. ഡൽഹിയിൽ സ്ഥിതി ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മിക്ക ആശുപത്രികളും കടുത്ത വാക്‌സിൻ ക്ഷാമം നേരിടുന്നുണ്ട്.
ന്യൂസ് ഡെസ്ക്