ന്യൂഡൽഹി: ജിഎസ്ടിയും നോട്ടു നിരോധനവുമടക്കമുള്ള നടപടികൾ ഉണ്ടാക്കിയ പ്രതിസന്ധി താൽക്കാലികും മാത്രം. ദീർഘകാല പദ്ധതികൾ ഇന്ത്യയുടെ കുതിപ്പ് വേഗത്തിലാക്കുമെന്ന അന്താരാഷ്ട്ര റിപ്പോർട്ടുമായി സാൻക്റ്റം വെൽത്ത് മാനേജ്‌മെന്റ്. വളർച്ചയുടെ കാര്യത്തിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നും മോദിക്ക് ആശ്വാസമായി വന്ന റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിൽ മോദി നടപ്പിലാക്കിയ പരിഷ്‌ക്കാരങ്ങളെല്ലാം ദീർഘകാല വളർച്ചയ്ക്ക് ഉതകുന്ന തരത്തിലുള്ളവയാണ്. ഈ പരിഷ്‌ക്കാരങ്ങൾ എല്ലാം തന്നെ ഇന്ത്യൻ ഓഹരി വിപണിയെ ലോകത്തെ അഞ്ചാമത്തേതായി വളർത്തും. സാമ്പത്തിക വളർച്ചയിൽ 2018ൽ തന്നെ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് സാൻക്റ്റം വെൽത്ത് മാനേജ്‌മെന്റ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു.കുറഞ്ഞ തോതിലുള്ള വളർച്ചയും അപൂർണമായ പരിഷ്‌കരണ നടപടികളുമാണു മറ്റു ലോകരാജ്യങ്ങളിലുള്ളത്. എന്നാൽ, ഇന്ത്യയിൽ ദീർഘകാല വളർച്ചയ്ക്ക് ഉതകുന്ന പരിഷ്‌കരണ നടപടികൾ നടപ്പാക്കുന്ന സ്ഥിതിയാണുള്ളതെന്നു സാൻക്റ്റം വെൽത്ത് മാനേജ്‌മെന്റിന്റെ റിപ്പോർട്ടിൽ പറയുന്നു.