കൊച്ചി: മാസങ്ങളായി ഇന്ത്യാവിഷൻ ചാനലിൽ തുടരുന്ന പ്രതിസന്ധിക്ക് ഇനിയും അയവു വന്നില്ല. ചാനലിലെ ജീവനക്കാർക്ക് മാസങ്ങളോളമായി നൽകാനുള്ള ശമ്പളകുടിശ്ശിക വാഗ്ദാനം ചെയ്ത ദിവത്തിലും നൽകാൻ അധികൃതർ തയ്യാറാകാത്ത സാഹചര്യത്തിൽ ലേബർ കമ്മീഷണർ മുമ്പാകെ ജീവനക്കാർ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രി എം കെ മുനീർ അടക്കമുള്ളവർക്കും ചാനലിന്റെ ഡയറക്ടർമാർക്കും ലേബർ കമ്മീഷണർ അന്ത്യശാസനം നൽകി. ജീവനക്കാരുടെയും മാനേജ്‌മെന്റ് പ്രതിനിധികളെയും വിളിച്ചുവരുത്തിയ ലേബർ കമ്മീഷർ നടത്തിയ ചർച്ചയിൽ ഈ മാസം 26നകം മൂന്ന് മാസത്തെ ശമ്പള കുടിശ്ശിക നൽകണമെന്ന് കമ്മീഷർ നിർദേശിച്ചു. അല്ലാത്ത പക്ഷം ചാനൽ പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുമെന്നും ലേബർ കമ്മീഷർ വ്യക്തമാക്കി.

ചാനലിന്റെ റെസിഡന്റ് ഡയറക്ടർ ജമാലുദ്ദീൻ ഫാറൂഖി, ഡയറക്ടർമാരായ റോയ് മുത്തൂറ്റ്, ഗോകുലം ഗോപാലൻ, ഡോ. ലളിത, അറ്റ്‌ലസ് രാമചന്ദ്രൻ തുടങ്ങിയവർക്കെതിരെയും നിയമനടപടി ഉണ്ടാകും. കഴിഞ്ഞ ഒരു വർഷത്തിലേറെയായി കടുത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ത്യാവിഷൻ കടന്നുപോകുന്നത്. നിരന്തരമായി ശമ്പളം മുടങ്ങിയതോടെ എം പി ബഷീറിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജീവനക്കാർ രാജിവച്ച് പുറത്തുപോകുകയും ഉണ്ടായി. ചാനലിന്റെ ആർ.ഡി ജമാലുദ്ദീൻ ഫാറൂഖിയുടെ നിലപാടായിരുന്നു ബഷീർ അടക്കമുള്ളവരുടെ രാജിയിൽ കലാശിച്ചത്.

പിന്നീടങ്ങോട്ട് ശമ്പളം ലഭിക്കാതെ വന്നപ്പോൾ ജീവനക്കാർ ആഴ്‌ച്ചകളോളം വാർത്ത മുടങ്ങി പണിമുടക്ക് നടത്തിയിരുന്നു. ജീവനക്കാരുടെ ശമ്പളം വിവിധ ഗഡുക്കളായി നൽകാൻ ചാനൽ മേധാവികൾ തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനമായതോടെയാണ് വാർത്താസംപ്രേഷണം പുനരാരംഭിച്ചത്. എന്നാൽ ഈ വാഗ്ദാനവും മാനേജ്‌മെന്റ് പാലിക്കാതെ വന്നതോടെയാണ് ഇന്ത്യാവിഷൻ ജീവനക്കാർ വീണ്ടും പരാതിയുമായി ലേബർ കമ്മീഷൻ മുമ്പാകെ എത്തിയത്.

തൊഴിൽമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ധാരണ പ്രകാരം ഫെബ്രുവരിയിൽ ഡിസംബർ മാസത്തേയും മാർച്ചിൽ ജനുവരിയിലെ ശമ്പളവും നൽകുമെന്നായിരുന്നു പറഞ്ഞത്. ഈ വാഗ്ദാനമാണ് മാനേജ്‌മെന്റ് പാലിക്കാതിരുന്നത്. അതിനിടെ എസിവി അടക്കമുള്ള കേബിൾ ശൃംഖലകൾ ചാനലിനെ കേബിളിൽ നിന്നും ഒഴിവാക്കിയിരിക്കയാണ്. ഇത് ചാനലിന്റെ വരുമാനത്തെ സാരമായി തന്നെ ബാഘധിക്കുന്നുണ്ട്. മിക്ക പരസ്യദാതാക്കളും ഇപ്പോൾ ചാനലിനെ കൈവിട്ട മട്ടാണ്. അതിനിടെ ചാനൽ ഏറ്റെടുക്കാനായി ചില ബിസിനസ് ഗ്രൂപ്പുകളും കാന്തപുരം ഗ്രൂപ്പും ശ്രമിച്ചിരുന്നെങ്കിലും മുനീറിന് താൽപ്പര്യമില്ലാത്തതിനാൽ അത് നടക്കാതെ പോകുകയായിരുന്നു.