- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടിശ്ശിക ശമ്പളം ആവശ്യപ്പെട്ട് ഇന്ത്യാവിഷൻ ജീവനക്കാർ മന്ത്രി മുനീറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തും; മാർച്ച് 10നകം ശമ്പളം കൊടുക്കുമെന്ന മുനീറിന്റെ വ്യക്തിപരമായ ഉറപ്പും ലംഘിക്കപ്പെട്ടെന്ന് പത്രപ്രവർത്തക യൂണിയൻ
കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടിയ ഇന്ത്യാവിഷൻ ചാനൽ ജീവനക്കാർക്ക് കുടിശ്ശികയായി നൽകാനുള്ള ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ മുനീറിന്റെ വീട്ടിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുന്നു. കേരളാ പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ ഈമാസം മാർച്ച് 31നാണ് ഡോ എം കെ മുനീറന്റെ കോഴിക്കോട് ജാഫർഖാൻ കോളനിയിലെ വസതിയില
കൊച്ചി: കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടിയ ഇന്ത്യാവിഷൻ ചാനൽ ജീവനക്കാർക്ക് കുടിശ്ശികയായി നൽകാനുള്ള ശമ്പളം നൽകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ മുനീറിന്റെ വീട്ടിലേക്ക് മാർച്ച് നടത്താൻ ഒരുങ്ങുന്നു. കേരളാ പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ ഈമാസം മാർച്ച് 31നാണ് ഡോ എം കെ മുനീറന്റെ കോഴിക്കോട് ജാഫർഖാൻ കോളനിയിലെ വസതിയിലേയ്ക്ക് മാർച്ച് നടത്തുന്നത്. എറണാകുളം പ്രസ് ക്ലബിൽ യൂണിയൻ വിളിച്ചു ചേർത്ത ഇന്ത്യാവിഷൻ ജീവനക്കാരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്. പ്രമുഖ ബാങ്കറായ റോയ്മുത്തൂറ്റ് അടക്കമുള്ള ഇന്ത്യാവിഷൻ ഡയറക്ടറുമാരുടെ ആസ്ഥാനത്തേയ്ക്ക് പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ മാർച്ച് നടത്താനും യോഗം തീരുമാനിച്ചു.
തന്റെ സ്ഥാപനത്തിൽ അങ്ങേയറ്റം ആത്മാർത്ഥമായി ജോലി ചെയ്ത മാദ്ധ്യമപ്രവർത്തകരടക്കമുള്ള ജീവനക്കാർക്ക് ഡോ. മുനീർ നാല് മാസത്തിലേറെയായി ശമ്പളം കൊടുത്തിട്ടില്ല. അതേസമയം സ്ഥാപനത്തിന്റെ മറ്റ് ചെലവുകളെല്ലാം നടന്നുപോവുന്നുമുണ്ട്. ശമ്പളം ചോദിക്കുമ്പോൾ ഓരോ ന്യായങ്ങൾ പറഞ്ഞു മുനീർ ജീവനക്കാരെ പച്ചയ്ക്ക് കബളിപ്പിച്ച് വരുകയാണെന്നും പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ പത്മനാഭൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ലേബർ കമ്മീഷണറുടെ മുമ്പാകെ യൂണിയൻ ഇതേക്കുറിച്ച് പരാതിപ്പെട്ടപ്പോൾ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥ മാനേജ്‌മെന്റ് തന്നെ ലംഘിച്ചു. ജനുവരി 20ന് തരാമെന്ന് കരാർ വച്ച് 2014 നവംബറിലെ ശമ്പളം മാർച്ച് ആയിട്ടും തന്നിട്ടില്ല. ഏപ്രിലോടെ എല്ലാ പ്രശ്‌നവും തീർത്ത് ശമ്പളം റഗുലർ ആക്കുമെന്നാണ് തൊഴിൽ വകുപ്പ് മന്ത്രിക്ക് ഇന്ത്യാവിഷൻ മാനേജ്‌മെന്റ് രേഖാമൂലം നൽകിയ ഉറപ്പ്. അത് പൂർണമായും ലംഘിച്ചു. പിന്നീട് മാർച്ച് 10നകം ശമ്പളം കൊടുക്കുമെന്ന് യൂണിയൻ ഭാരവാഹികളെ വിളിച്ച് ഫെബ്രുവരി 25ന് ഡോ മുനീർ വ്യക്തിപരമായി ഉറപ്പ് നല്കി. വളരെ വൈകാരികമായി സംസാരിച്ച് നല്കിയ ഉറപ്പ് വിശ്വസിച്ച് യൂണിയൻ ഭാരവാഹികളെയും മുനീർ വഞ്ചിച്ചു.
വാഗ്ദാനം ചെയ്ത് തീയതി കഴിഞ്ഞ ശേഷം ബന്ധപ്പെട്ട് യൂണിയൻ ഭാരവാഹികളുടെ ഫോണെടുക്കാൻ പോലുമുള്ള മര്യാദ ഡോ മുനീർ കാണിച്ചില്ല. ഇതിനർത്ഥം തന്റെ തൊഴിലാളികളെ കബളിപ്പിച്ച് രക്ഷപെടാൻ ഡോ മുനീർ ഒരുമ്പെട്ടിരിക്കുകയാണെന്നാണ്. ഇരുനൂറോളം ജീവനക്കാരുടെ ജീവിതമാണ് ഇദ്ദേഹം ചീന്തിയെറിയുന്നത്. ഇന്ത്യാവിഷൻ ജീവനക്കാരുടെ ദുരനുഭവങ്ങൾ മറ്റേതെങ്കിലും തൊഴിൽ മേഖലയിൽ ആയിരുന്നെങ്കിൽ അത് ഞെട്ടിപ്പിക്കുന്ന വാർത്തയായേനെ. ഇത്തരമൊരു സാഹചര്യത്തിലാണ് ജീവനക്കാർ മറ്റൊരു വഴിയുമില്ലാതെ ചാനൽ ഉടമയായ ഡോ മുനീറിന്റെ വീട്ടിലേയ്ക്ക് മാർച്ച് നടത്തുന്നതെന്നും എൻ പത്മനാഭൻ അറിയിച്ചു.
ഈ മാർച്ചിന്റെ മുന്നറിയിപ്പ് ഉൾക്കൊണ്ട് ഇന്ത്യാവിഷൻ ചാനൽ ഉടമകൾ പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ മൂത്തൂറ്റ് അടക്കമുള്ള മറ്റ് ഡയറക്ടർമാരുടെ വീടുകളിലേയ്ക്ക് മാർച്ച് ചെയ്യാനാണ് യൂണിയന്റെ തീരുമാനം.