കൊച്ചി: ഇന്ത്യാവിഷൻ ചാനലിന്റെ വാർത്താസംപ്രേഷണം പുനരാരംഭിച്ചു. ഇന്നു ഉച്ചയ്ക്ക് ഒന്നോടെയാണ് ചാനൽ വീണ്ടും ലൈവ് വാർത്തയുടെ സംപ്രേഷണം ആരംഭിച്ചത്. ജീവനക്കാരുടെ ശമ്പളം വിവിധ ഗഡുക്കളായി നൽകാൻ ചാനൽ മേധാവികൾ തൊഴിൽ മന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ തീരുമാനമായതോടെയാണ് വാർത്താസംപ്രേഷണം പുനരാരംഭിച്ചത്.

മാസങ്ങളുടെ ശമ്പളകുടിശികയെ തുടർന്നാണ് ഇന്ത്യാവിഷനിൽ ജീവനക്കാർ സമരം തുടങ്ങിയത്. ഇതോടെ രണ്ടാഴ്ചയായി വാർത്താ സംപ്രേഷണം പൂർണ്ണമായും തടസ്സപ്പെട്ടു. റിക്കോർഡ് ചെയ്ത പരിപാടികളാണ് കാണിച്ചിരുന്നത്. ഇതിനിടെയിൽ സമരം കേരളാ പത്രപ്രവർത്തക യൂണിയൻ ഏറ്റെടുത്തു. ചാനൽ ചെയർമാനായ എം കെ മുനീറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നും പ്രഖ്യാപനമെത്തി. ഇതിനിടെയാണ് തൊഴിൽമന്ത്രിയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് ചർച്ചകൾക്ക് വഴിയൊരുങ്ങിയത്. എല്ലാ ശമ്പളകുടിശികയും ജീവനക്കാർക്ക് നൽകാമെന്ന് ഈ ചർച്ചയിൽ മാനേജ്‌മെന്റ് ഉറപ്പ് നൽകി. റിപ്പോർട്ടർമാരും സജീവമായി. ജീവനക്കാർക്ക് നൽകിയ വാക്ക് പാലിക്കാത്ത പക്ഷം മാനേജ്‌മെന്റിനെതിരെ നടപടി എടുക്കുമെന്ന് തൊഴിൽമന്ത്രി ഷിബു ബേബി ജോണും വ്യക്തമാക്കി.

ഇതുപ്രകാരം ക്രിസ്മസിന് മുമ്പ് ഒക്ടോബർ മാസത്തെ ശമ്പളം നൽകും. ഫെബ്രുവരിയിൽ ഡിസംബർമാസത്തേയും മാർച്ചിൽ ജനുവരിയിലെ ശമ്പളവും കിട്ടും. ഏപ്രിൽ പത്തിന് മുമ്പ് ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ശമ്പളവും ലഭ്യമാക്കും. മെയ്‌ മുതൽ കൃത്യമായ ശമ്പളം ഇന്ത്യാവിഷൻ ജീവനക്കാർക്ക് നൽകുമെന്നാണ് മാനേജ്‌മെന്റിന്റെ ഉറപ്പ്. ഈ സാഹചര്യത്തിലാണ് ജോലിയിൽ ജീവനക്കാർ തിരികെയെത്തിയത്. രണ്ടാഴ്ചയ്ക്ക് ശേഷം ഒരു മണി വാർത്തയുമായി ന്യൂസ് വിഭാഗം സജീവമായി. വീണാ ജോർജ്ജായിരുന്നു അവതാരക.

അതിനിടെ ചാനലിലെ സാമ്പത്തിക പ്രതിസന്ധി പരിഹാരമുണ്ടാക്കാനുള്ള ചർച്ചകൾ മാനേജ്‌മെന്റ് തലത്തിൽ പുരോഗമിക്കുകയാണ്. മുബൈ ആസ്ഥാനമായ ഗ്രൂപ്പ് ചാനൽ ഏറ്റെടുക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ജീവനക്കാരുമായുള്ള പ്രശ്‌നങ്ങൾ തൊഴിൽ മന്ത്രിയുടെ സാന്നിധ്യത്തിൽ പറഞ്ഞു തീർത്തത്. ഇന്ത്യാവിഷനിലെ പ്രശ്‌നങ്ങൾ ഇതിന് മുമ്പും പരിധി വിട്ടിരുന്നു. എംപി ബഷീറിന്റെ നേതൃത്വത്തിലായിരുന്നു ആദ്യ പ്രതിഷേധം. വാർത്തയ്ക്കിടെ സമരം പ്രഖ്യാപിച്ച് അവതാരകൻ ന്യൂസ് ഫ്‌ളോർ വിടുന്നതും ഇതിന്റെ ഭാഗമായി മലയാളികൾ തൽസമയം കണ്ടു. അതിന് ശേഷം എംപി ബഷീർ അടക്കമുള്ളവരെ പുറത്താക്കി പുതിയ ന്യൂസ് ടീമിനെ ചുമതല ഏൽപ്പിക്കുകയായിരുന്നു.

എന്നിട്ടും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല. ഗൾഫിൽ നിന്നുള്ള ഫണ്ടൊഴുക്കു നിലച്ചതാണ് പ്രതിസന്ധിയുടെ യഥാർത്ഥ കാരണം. മുസ്ലിം ലീഗിലെ ഭിന്നതകളും ഇതിന് കാരണമായി. ഐസ്‌ക്രീം പാർലർ പെൺവാണിഭക്കേസിൽ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ ചാനൽ നിലപാട് എടുത്തപ്പോൾ തുടങ്ങിയതാണ് ഈ പ്രശ്‌നങ്ങൾ. അന്നുമുതൽ ഗൾഫിൽ നിന്നുള്ള സാമ്പത്തിക സ്രോതസുകളെ കുഞ്ഞാലിക്കുട്ടി ഇടപെട്ട് അടച്ചുവെന്നത് പരസ്യമായ രഹസ്യമാണ്. വ്യവസായ വകുപ്പ് മന്ത്രിയായി കുഞ്ഞാലിക്കുട്ടി എത്തിയതോടെ ചാനലിലേക്ക് ഗൾഫുകാർക്ക് താൽപ്പര്യം ഇല്ലാതെയുമായി.

ഇതിനൊപ്പം ആഭ്യന്തര മാർക്കറ്റിൽ നിന്ന് പരസ്യം കിട്ടാത്തതും എംവി നികേഷ് കുമാർ ചാനൽവിട്ടതും ഇന്ത്യാവിഷനിൽ പ്രതിസന്ധി രൂക്ഷമായി. റസിഡന്റ് ഡയറക്ടർ ജമാലുദീൻ ഫാറുഖും മുനീറും നടത്തുന്ന ഏകപക്ഷീയ നീക്കങ്ങളിൽ നിലവിലെ ഡയറക്ടർ ബോർഡിനും അതൃപ്തിയുണ്ട്. മുനീറിനെതിരെ ചില നിക്ഷേപകർ കേസും കൊടുത്തിട്ടുണ്ട്. ഇതിനിടെയാണ് ജീവനക്കാരുടെ സമരവും ശക്തമാകുന്നത്. ഇതെല്ലാം കൂടിയായപ്പോൾ പ്രതിസന്ധി രൂക്ഷവുമായി. ഇപ്പോൾ കാന്തപുരം അബുബേക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ചാനൽ ഏറ്റെടുക്കാൻ നീക്കം സജീവമാണ്. ഇതിനൊപ്പമാണ് മുബൈ ഗ്രൂപ്പും എത്തിയത്.