ദുബായ്: ഇൻഡിഗോ ഷാർജയിൽനിന്ന് കോഴിക്കോട്ടെക്ക് സർവീസ് തുടങ്ങുന്നു. മാർച്ച് 20-ന് ഇൻഡിഗോ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് സർവീസ് തുടങ്ങും. കോഴിക്കോട്ടേക്കാണ് ആദ്യസർവീസ്. ഏപ്രിൽ എട്ടിന് തിരുവനന്തപുരത്തേക്കുള്ള പ്രതിദിന സർവീസിന് തുടക്കമാകുമെന്നും ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ സഞ്ജയ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇൻഡിഗോ സർവീസ് നടത്തുന്ന ആറാമത്തെ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാണ് ഷാർജ. രാവിലെ 6.05-ന് കോഴിക്കോട്ടുനിന്ന് പുറപ്പെടുന്ന വിമാനം 8.20-ന് ഷാർജയിലെത്തും. 243 ദിർഹമാണ് ടിക്കറ്റ് നിരക്ക്. തുടർന്ന് 9.20-ന് ഷാർജയിൽനിന്ന് തിരികെ കോഴിക്കോട്ടേക്ക് പുറപ്പെടും. 245 ദിർഹമാണ് നിരക്ക്.

തിരുവനന്തപുരത്തുനിന്ന് ഷാർജയിലേക്കുള്ള വിമാനം 10.20-ന് പുറപ്പെടും. പിറ്റേന്ന് വെളുപ്പിന് രണ്ടിന് ഷാർജയിൽനിന്ന് തിരികെയുള്ള യാത്ര തുടങ്ങും. യഥാക്രമം 242, 245 ദിർഹം വീതമാണ് നിരക്ക്.