ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വെച്ചുണ്ടായ പ്രതിഷേധത്തേക്കുറിച്ച് ഇൻഡിഗോ എയർലൈൻസ് നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്ത്. വിമാനത്തിന് അകത്ത് വെച്ച് പ്രതിഷേധിച്ചവരെ ശാന്തരാക്കാൻ ജീവനക്കാർ ശ്രമിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രതിഷേധിച്ചവരെ രാഷ്ട്രീയ നേതാവായ ഇ പി ജയരാജൻ പിടിച്ചു തള്ളിയെന്നും റിപ്പോർട്ടിലുണ്ട്.

റിപ്പോർട്ട് ഇൻഡിഗോ എയർലൈൻസ് ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷന് കൈമാറി.സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെ പ്രതിപക്ഷം പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത മാസ്‌കിന് വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾക്ക് പിന്നാലെ പ്രതിഷേധം കടുത്തു. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴികളിൽ കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ്, കെഎസ് യു, മുസ്ലിം ലീഗ്, ബിജെപി, യുവമോർച്ചാ പ്രവർത്തകർ കാത്തുനിന്നു. ഇതിന് പിന്നാലെയാണ് വിമാനത്തിൽ വെച്ച് അപ്രതീക്ഷിത പ്രതിഷേധമുണ്ടായത്.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് വിവാദ പ്രതിഷേധമുണ്ടായത്. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ കെ നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവർ 'മുഖ്യമന്ത്രി രാജിവെയ്ക്കുക' എന്ന് വിമാനത്തിൽ വെച്ച് മുദ്രാവാക്യം മുഴക്കുകയായിരുന്നു.

മുഖ്യമന്ത്രിക്കൊപ്പം വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇരുവരേയും തള്ളി വീഴ്‌ത്തുന്ന ദൃശ്യങ്ങൾ വൈറലായി. ഇരുവരും മുഖ്യമന്ത്രിക്ക് നേരെ അക്രമാസക്തരായി പാഞ്ഞടുത്തെന്ന് ഇ പി ജയരാജൻ ആരോപിച്ചു. വാർത്തയ്ക്ക് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സംഘർഷമുണ്ടാകുകയും കോൺഗ്രസ് ഓഫീസ് ആക്രമിക്കപ്പെടുകയും ചെയ്തു. യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. മൂന്ന് പേർ റിമാൻഡിലാണ്.