ദോഹ: മലയാളികൾക്ക് യാത്രസൗകര്യം ഒരുക്കി ഇൻഡിഗോയും രംഗത്ത്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളുൾപ്പെടെ ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ദോഹയിൽ നിന്നും വിമാന സർവീസ് ആരംഭിക്കുന്നതോടെ അന്താരാഷ്ട്ര തലത്തിൽ ഏഴാമത് സർവീസിനാണ് ഇൻഡിഗോ തുടക്കം കുറിക്കുന്നത്. എന്നാൽ ഏത് ദിവസമാണ് സർവീസ് ആരംഭിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏപ്രിൽ രണ്ടാം വാരം വിമാനസർവീസ് ആരംഭിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തേ, മാർച്ച് 20ന് ഇൻഡിഗോ ഷാർജയിൽ നിന്നും കോഴിക്കോട്ടേക്ക് പുതിയ വിമാന സർവീസ് ആരംഭിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്നും ഏപ്രിൽ എട്ടിന് ഷാർജയിലേക്ക് സർവീസ് ആരംഭിക്കാനിരിക്കുകയാണ് ഇൻഡിഗോ എയർലൈൻസ്.

ദോഹയിൽ നിന്നും ഇന്ത്യയിലേക്ക് എയർ ഇന്ത്യ എക്സ്‌പ്രസ്, ജെറ്റ് എയർവേയ്‌സ് എന്നീ രണ്ട് വിമാന കമ്പനികൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്.