- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുഖ്യമന്ത്രിയുടെ ഗൺമാന്റെ മൊഴി വ്യാജമാണോ എന്ന് തിരിച്ചറിയുക അസാധ്യം; വിമാത്തിൽ സി സി ടിവി ഇല്ലാത്തത് സത്യം കണ്ടെത്താൻ തടസം; അമേരിക്കയിൽ അയച്ച് ബ്ലാക് ബോക്സ് ഡീകോഡ് ചെയ്താൽ കിട്ടുക ശബ്ദരേഖ മാത്രം; ഇനി വിമാന ജീവനക്കാരുടെ മൊഴി നിർണായകം; വിശദ അന്വേഷണത്തിന് സിവിൽ ഏവിയേഷൻ വകുപ്പ്
തിരുവനന്തപുരം: ''നിന്നെ ഞങ്ങൾ വെച്ചേക്കില്ലെടാ എന്ന് മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചു': തടയാൻ ശ്രമിച്ച തന്നെ ദേഹോപദ്രവം ഏൽപ്പിച്ചു. ഇതാണ് വിമാനത്തിനുള്ളിലെ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ മൊഴി. ഈ മൊഴി സത്യമാണോ എന്ന് സ്ഥിരീകരിക്കുക എളുപ്പമല്ല. കാരണം മുഖ്യമന്ത്രിക്കതെിരെ പ്രതിഷേധം നടന്ന ഇൻഡിഗോ എയർലൈനിൽ സി സി ടിവി ഇല്ല. ആകെ ക്കൂടി ഉള്ള ദൃശ്യങ്ങൾ യൂത്ത് കോൺഗ്രസുകാർ തന്നെ പകർത്തിയതാണ്.
അതാണെങ്കിൽ എഡിറ്റഡ് ചെയ്ത വീഡിയോ ആണെന്ന് ഇതിനകം വാദി ഭാഗത്തു നിന്നു തന്നെ പരാതി ഉയർന്നു കഴിഞ്ഞു. വിമാത്തിൽ ആകെ ക്കൂടി ശേഷിക്കുന്ന തെളിവ് ബ്ളാക്ക് ബോക്സ് മാത്രമാണ്. അതിൽ നിന്നും ശബ്ദരേഖ മാത്രമാണ് കിട്ടുക. ബ്ളാക്ക് ബോക്സ് ഡീകോഡ് ചെയ്ത് ശബ്ദ രേഖ തിരിച്ചെടുക്കണമെങ്കിൽ കാര്യം നിസാരമല്ല. നടപടി ക്രമങ്ങൾ പൂർത്തിയാക്കി അമേരിക്കയിൽ അയക്കണമെന്നാണ് ലഭ്യമാകുന്ന വിവരം. ഫലത്തിൽ വിമാന ജീവനക്കാരുടെയും യാത്രക്കാരുടെയും മൊഴികളാവും നിർണായകമാവുക.
സംഭവത്തെ കുറിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിവിൽ എവിയേഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി കാര്യങ്ങൾ പരിശോധിച്ചശേഷമാകും പ്രതിഷേധിച്ചവരുടെയും തടഞ്ഞവരുടെയും യാത്രാവിലക്ക് ഉൽപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കുക. അതേസമയം മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധം സംബന്ധിച്ച് ഇൻഡിഗോ ഡിജിസിഎയ്ക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. മുദ്രാവാക്യം വിളിച്ചവരെ ക്യാബിൻ ക്രൂ ശാന്തരാക്കാൻ ശ്രമിച്ചെന്നും എന്നാൽ ഇവർ പ്രതിഷേധം തുടർന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
മറ്റൊരു യാത്രക്കാരൻ പ്രതിഷേധിച്ചവരെ തള്ളിമാറ്റിയെന്നും ഇൻഡിഗോയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്. വിമാന ജീവനക്കാരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക റിപ്പോർട്ട് ഇൻഡിഗോ ഡിജിസിഎയ്ക്ക് കൈമാറിയത്.
എന്നാൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പാഞ്ഞടുത്തെന്നും നാടൻ ഭാഷയിൽ ഭീഷണി മുഴക്കിയെന്നും ഇൻഡിഗോ ഗ്രൗണ്ട് മാനേജർ പൊലിസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇപി ജയരാജൻ തടഞ്ഞതും റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം.
സംഭവത്തിൽ യൂത്ത് കോൺഗ്രസുകാർക്കെതിരെ മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലും പി എ സുനീഷും ന്ല്കിയ പരാതിക്ക് ബദലായി കഴിഞ്ഞ ദിവസം ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിരുന്നു. ജയരാജൻ ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. അതേസമയം, റിമാൻഡിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് അപേക്ഷ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി എത്തിയത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർദീൻ മജീദ്, ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയുടെ അടുത്തേക്കു മുദ്രാവാക്യം വിളിയുമായി നീങ്ങിയ ഇവരെ ഒപ്പമുണ്ടായിരുന്നവർ തള്ളിമാറ്റി. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതിഷേധക്കാരെ തള്ളിയിടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കണ്ണൂരിൽനിന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് എത്തിയത്. കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ കയറിയത്.
സംഭവുമായി ബന്ധപ്പെട്ട് മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. എഫ്.ഐ.ആറിന്റെ പകർപ്പ് പുറത്തു വന്നു.. പ്രതികൾ എത്തിയത് മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു.'നിന്നെ ഞങ്ങൾ വെച്ചേക്കില്ലെടാ' എന്ന് മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു. ആക്രമിച്ച് കൊലപ്പെടുക്കാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച ഗൺമാൻ അനിൽ കുമാറിനെ ദേഹോപദ്രവം ചെയ്തു. ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നു്..
വധശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാട്ടൽ എന്നീ വകുപ്പുകളാണ് ചുമത്തിയത് അതേസമയം പ്രതിഷേധിച്ചവർക്കെതിരെ വധശ്രമത്തിന് കേസെടുത്തത് നിയമപരമായി നേരിടുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഇ പി ജയരാജൻ പ്രവർത്തകരെ കയ്യേറ്റം ചെയ്തുവെന്നു കാട്ടി സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും എയർപോർട്ട് അഥോറിറ്റിക്കും പരാതി നൽകാനും കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. അതേ സമയം വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമക്കേസെടുത്ത് സർക്കാർ മുന്നോട്ടുപോകുമ്പോൾ, അതിൽ യാത്ര ചെയ്തിരുന്ന എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ വിമാനം ലാൻഡ് ചെയ്തതിനു തൊട്ടുപിന്നാലെ ഒരു ചാനലിനോടു പറഞ്ഞ കാര്യങ്ങൾ സർക്കാർ വാദങ്ങളെ ദുർബലമാക്കുന്നു.
വിമാനത്തിൽനിന്ന് മുഖ്യമന്ത്രി ഇറങ്ങിയ ശേഷമാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എഴുന്നേറ്റതെന്നായിരുന്നു ജയരാജന്റെ പ്രതികരണം. മദ്യപിച്ചു ലക്കുകെട്ട അവർക്കു നേരെ നിൽക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും ജയരാജൻ ചാനലിനോടു പറഞ്ഞു. എന്നാൽ, അരമണിക്കൂറിനു ശേഷം അദ്ദേഹം നിലപാട് മാറ്റി. മുഖ്യമന്ത്രിയെ ആക്രമിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചുവെന്നു പറഞ്ഞു.
ചോദ്യങ്ങളും ഇ.പി.ജയരാജന്റെ മറുപടിയും ഇങ്ങനെ:
കണ്ണൂരിൽനിന്നു പുറപ്പെടുമ്പോൾ ഇത്തരത്തിൽ പ്രതിഷേധമുണ്ടായിരുന്നോ?
എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. പിന്നീട് രണ്ട് മൂന്നു പേർ വെള്ളമടിച്ച് അങ്ങോട്ടും ഇങ്ങോട്ടും പോകുന്നതു കണ്ടിരുന്നു. സാധാരണഗതിയിൽ ഇങ്ങനെയുള്ളവരെ പ്ലെയ്നിൽത്തന്നെ കയറ്റാൻ പാടില്ല. വിമാനത്തിൽ എത്ര അന്തസ്സായി യാത്ര ചെയ്യുന്നതാണ്? മുഖ്യമന്ത്രി യാത്ര ചെയ്യുന്ന പ്ലെയ്നിൽ ഇങ്ങനെയാണോ? യാത്രക്കാരെയെല്ലാം അലോസരപ്പെടുത്തുകയാണ്.
ശരിക്കും എന്താണ് വിമാനത്തിൽ സംഭവിച്ചത്?
വിമാനം ലാൻഡ് ചെയ്തു. മുഖ്യമന്ത്രി പിന്നെ ബാക്ക് സീറ്റിലാണുള്ളത്. അദ്ദേഹവും അതിനടുത്തുള്ളവരെല്ലാം ഇറങ്ങി. മുൻപിലുള്ള രണ്ടുമൂന്നു പേരാണ് പ്രതിഷേധിച്ചത്. അവർക്ക് എഴുന്നേൽക്കാൻ പോലും കഴിയുന്നില്ല. അവര് വെള്ളമടിച്ച് എന്തെല്ലോ വിളിച്ചു പറയുകയാണ്. യൂത്ത് കോൺഗ്രസ് സിന്ദാബാ എന്നു പറയുന്നതുപോലും മനസ്സിലാകുന്നില്ല. നാക്ക് കുഴയുകയാണ്.
ശരിക്കും എന്താണുണ്ടായത്. ഇപി ഒന്നു പറയാമോ?
ലാൻഡ് ചെയ്തു. മുഖ്യമന്ത്രിയൊക്കെ ഇറങ്ങി വാഹനത്തിലേക്കു പോയി. ഞങ്ങൾ അതിന്റെ കുറച്ചുകൂടി മുൻപിലാണ് ഉണ്ടായിരുന്നത്. ഞങ്ങൾ എഴുന്നേറ്റ് എന്റെ ബാഗ് എടുക്കുമ്പോഴുണ്ട് മുമ്പ്ന്ന് രണ്ട് മൂന്ന് ആള് കൂടി തമ്മ് പിടിച്ച് കെട്ടി മറിഞ്ഞ് 'യൂ ത്ത് കോൺ ഗ്ര സ് ... സി ന്ദാ ബാ'.. പറയാൻപോലും പറ്റുന്നില്ലാന്ന്.
അപ്പോ താങ്കൾ ഇവരെ പിടിച്ചു മാറ്റുകയായിരുന്നോ ഉണ്ടായത്?
ഞാൻ അവിടെ നിന്നു. ഞാൻ മധ്യത്തിലായിരുന്നു ഉണ്ടായിരുന്നത്.
താങ്കൾ നിൽക്കുകയായിരുന്നു. ഇവർ മുഖ്യമന്ത്രിക്ക് അടുത്തേക്ക് പോകുന്നത് തടയാൻ ?
മുഖ്യമന്ത്രി ഇറങ്ങിപ്പോയിരിക്കുന്നു. (ചിരിച്ചുകൊണ്ട്) മുഖ്യമന്ത്രി ഇറങ്ങിപ്പോയിരുന്നു. മുഖ്യമന്ത്രി അവിടെ ഇല്ല. കള്ളും കുടിച്ച് മറ്റുള്ളവരുടെ മേൽ വീഴാതിരിക്കാൻ ഞാനവിടെ നടുവിൽ നിന്നു.
ആ സമയത്ത് മറ്റു യാത്രക്കാർ പ്രശ്നമുണ്ടാക്കിയിരുന്നോ?
എല്ലാവരും ആകെ അന്തംവിട്ട് നിൽക്ക്വല്ലേ..
ഏതുതരത്തിലുള്ള അന്വേഷണമാണ് സംഭവത്തിൽ ആവശ്യപ്പെടുന്നത്?
ഞാൻ ആവശ്യപ്പെടുന്നത് ജനങ്ങൾ ഈ കോൺഗ്രസിനെക്കുറിച്ച് മനസ്സിലാക്കട്ടെ.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്