- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
75 ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങി; ചെങ്കോട്ടയിൽ ചടങ്ങുകൾ ആരംഭിക്കുക രാവിലെ ഏഴരയോടെ; ദിനാഘോഷം നടക്കുക കർശന സുരക്ഷയിൽ; രാവിലെ പത്ത് വരെ ചെങ്കോട്ടയിൽ വാഹനനിയന്ത്രണം
ന്യൂഡൽഹി: അഹിംസയിൽ അണിനിരന്ന് ഇന്ത്യ സൃഷ്ടിച്ച സ്വാതന്ത്ര്യ സമരപോരാട്ടങ്ങൾക്ക് ലോകത്ത് തന്നെ സമാനതകളില്ല.അടിമത്തത്തിന്റെയും പാരതന്ത്ര്യത്തിന്റെയും കറുത്തനാളുകളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് രാജ്യം ഉണർന്നിട്ട് ഇന്ന് 75 വർഷം തികയുന്നു.വീണ്ടും ഒരു സ്വാതന്ത്യദിനം വന്നെത്തുമ്പോൾ ബാഹ്യശക്തിൾ ഉയർത്തുന്ന വെല്ലുവിളിക്കൊപ്പം മഹാമാരിയുടെ വിളയാട്ടത്തെക്കുടി ചെറുത്തുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
ജമ്മുകാശ്മീരിലെയും കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലെയും സംഭവവികാസങ്ങൾ കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് രാജ്യം ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.ദിവസങ്ങൾക്ക് മുൻപ് തന്നെ പ്രധാനവേദിയായ ചെങ്കോട്ട കണ്ടെയ്നറുകൾ അടുക്കി വച്ച് പുറമെ നിന്ന് കാണാനാകാത്ത വിധം മറച്ചിരുന്നു.തുടർച്ചയായി പുരാതന ഡൽഹിയിലെ കച്ചവടസ്ഥാപനങ്ങളെല്ലാം ശനിയാഴ്ച ഡൽഹി പൊലീസ് മുദ്രവെച്ചു.സ്വാതന്ത്ര്യദിനത്തിൽ അക്രമണത്തിന് ഭീകര ശക്തികൾ ശ്രമിക്കുന്നതായി സുരക്ഷാവിഭാഗം മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ കടുപ്പിച്ചത്.
ചെങ്കോട്ടയ്ക്കു ചുറ്റുമുള്ള ഉയർന്ന കെട്ടിടങ്ങളിൽ എൻ.എസ്.ജി. കമാൻഡോകൾ നിലയുറപ്പിച്ചിട്ടുണ്ട്. ശ്വാനസേനയടക്കമുള്ള വിവിധ സേനാ വിഭാഗങ്ങൾക്കൊപ്പം നിരീക്ഷണക്യാമറകളും ഒരുക്കിയിട്ടുണ്ട്. ചെങ്കോട്ടയിൽ രണ്ടു പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നു. പരിസരങ്ങളിലെ 350 സി.സി.ടി.വി. ക്യാമറകളിലെ ദൃശ്യങ്ങൾ ഓരോ നിമിഷവും നിരീക്ഷിച്ചു വരുന്നു. 5000 പ്രത്യേക സുരക്ഷാഭടന്മാരെയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ആന്റി ഡ്രോൺ സംവിധാനവും ഏർപ്പെടുത്തി. പി.സി.ആർ. വാനുകളും 70 സായുധ വാഹനങ്ങൾ ഒരുക്കിയിട്ടുണ്ട്. യമുനയിൽ പട്രോളിങ് ബോട്ടുകളും റോന്തു ചുറ്റുന്നു. ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാൻ സർവസജ്ജമാണ് സുരക്ഷാസേന. പരിസരത്തെ ഹോട്ടലുകളിലും മറ്റും പൊലീസ് പരിശോധന നടത്തി.പുലർച്ചെ നാലുമുതൽ രാവിലെ പത്തുവരെ ചെങ്കോട്ടയിലേക്കുള്ള റോഡുകളിലൊന്നും വാഹനങ്ങൾക്ക് പ്രവേശനമില്ല.
രാവിലെ ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയപതാക ഉയർത്തും. കേന്ദ്ര മന്ത്രിമാരും വിവിധ സേനാവിഭാഗം മേധാവികളും പങ്കെടുക്കും.ദിനാഘോഷത്തിന്റെ ഭാഗമായി ഒളിംപിക്സ് ജേതാക്കൾക്കുള്ള ആദരം വൈകീട്ട് രാഷ്ട്രപതി ഭവനിൽ നടക്കും.
മറുനാടന് മലയാളി ബ്യൂറോ