- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കുളിലേക്ക് പോകാനിറങ്ങിയ രാഹുലിനെയും പ്രിയങ്കയെയും ചേർത്ത് പിടിച്ചു ചുംബിച്ചു; ഞാൻ മരിച്ചാലും തളരരുതെന്നും ചുമതലകൾ ഏറ്റെടുക്കണമെന്നും രാഹുലിന് ഉപദേശവും; തന്റെ മരണം ഇന്ദിരാഗാന്ധി മുൻകൂട്ടി കണ്ടതായി വെളിപ്പെടുത്തൽ; ചർച്ചകൾക്ക് വഴിവെച്ച് റഷീദ് കിദ്വായി രചിച്ച 'ലീഡേഴ്സ്, പൊളിറ്റിഷൻസ്, സിറ്റിസൻസ്'
ന്യൂഡൽഹി: തന്റെ കൊലപാതകം മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി മുൻകൂട്ടി കണ്ടിരുന്നുവെന്നു വെളിപ്പെടുത്തൽ. അംഗരക്ഷകരുടെ വെടിയേറ്റു വീഴുംമുൻപ് ഇന്ദിര കൊച്ചുമക്കളായ രാഹുലിനെയും പ്രിയങ്കയെയും കെട്ടിപ്പിടിച്ചു ചുംബിച്ചു. സ്കൂളിലേക്കു പോകാനിറങ്ങിയ ഇരുവരെയും പതിവിലും കൂടുതൽ നേരം ഇന്ദിര ചേർത്തുപിടിച്ചു. താൻ മരിച്ചാൽ കരയരുതെന്നും ചുമതലകൾ ഏറ്റെടുക്കണമെന്നും പറഞ്ഞാണു രാഹുലിനെ ഇന്ദിര യാത്രയാക്കിയത്.. ഇങ്ങനെയാണ് സംഭവത്തെക്കുറിച്ച് വിവരിക്കുന്നത്
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ റഷീദ് കിദ്വായി രചിച്ച 'ലീഡേഴ്സ്, പൊളിറ്റിഷൻസ്, സിറ്റിസൻസ്' എന്ന പുസ്തകമാണ് ഗാന്ധികുടുംബാംഗങ്ങളടക്കം 50 പ്രമുഖരുടെ ജീവിതത്തിലെ സംഭവങ്ങൾ വിവരിച്ച് ചർച്ചകളിൽ ഇടം നേടുന്നത്.താൻ ജീവിതം പൂർണമായി ജീവിച്ചുതീർത്തുവെന്ന് ഏതാനും ദിവസം മുൻപ് ഇന്ദിര രാഹുലിനോടു പറഞ്ഞിരുന്നു. സംസ്കാരച്ചടങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്ന് ഇന്ദിര രാഹുലുമായി പങ്കുവച്ചു.
വെടിയേറ്റ ഇന്ദിരയെ എയിംസ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്. ആശുപത്രിവരാന്തയിൽ സോണിയ ഗാന്ധി അലമുറയിട്ടു കരഞ്ഞു. രാഹുലും പ്രിയങ്കയും ആക്രമിക്കപ്പെടുമെന്നു സോണിയ ഭയപ്പെട്ടു. അവിടെയെത്തിയ കുടുംബാംഗം അരുൺ നെഹ്റു, രാഹുലിനെയും പ്രിയങ്കയെയും അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചന്റെ വസതിയിലേക്കു കൊണ്ടുപോയി.
കൗമാരത്തിൽത്തന്നെ രാഹുൽ ഗാന്ധിക്കു മനക്കരുത്തും നിശ്ചയദാർഢ്യവുമുള്ളതായി ഇന്ദിര മനസ്സിലാക്കിയിരുന്നുവെന്നും രാജീവിനോടും സോണിയയോടും പോലും പങ്കുവയ്ക്കാതിരുന്ന പല കാര്യങ്ങളും രാഹുലുമായി അവർ ചർച്ച ചെയ്തിരുന്നുവെന്നും റഷീദ് കിദ്വായിയുടെ പുസ്തകത്തിലുണ്ട്.
രാജീവ് ഗാന്ധിയും അമിതാഭ് ബച്ചനും കുട്ടിക്കാലം മുതൽ സുഹൃത്തുക്കളായിരുന്നു. ബച്ചനു 4 വയസ്സുള്ളപ്പോഴാണ് ഇരുവരും ആദ്യമായി കാണുന്നത്. അന്ന് രാജീവിനു 2 വയസ്സ്. യുപിയിലെ അലഹാബാദിൽ ബച്ചന്റെ വസതിയിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പ്രഛന്നവേഷ മത്സരത്തിൽ രാജീവും പങ്കെടുത്തു. സ്വാതന്ത്ര്യസമരസേനാനിയുടെ വേഷമാണ് അവതരിപ്പിച്ചത്. പിന്നീട് ബച്ചൻ ചലച്ചിത്രനടനായപ്പോൾ കാണാൻ സെറ്റുകളിൽ രാജീവ് എത്തുമായിരുന്നു.
1982 ൽ ഗുരുതര പരുക്കേറ്റ ബച്ചനെ കാണാൻ മുംബൈയിലേക്ക് ആദ്യമെത്തിയവരിൽ ഇന്ദിരയും രാജീവുമുണ്ടായിരുന്നു. രാജീവുമായുള്ള വിവാഹത്തിന് ഇന്ത്യയിലെത്തിയ സോണിയ താമസിച്ചത് ബച്ചന്റെ ഡൽഹിയിലെ വീട്ടിലാണ്. തേജി ബച്ചനാണ് ആചാരങ്ങൾ സോണിയയെ പഠിപ്പിച്ചത്. എന്നിങ്ങനെ അധികമാർക്കും പരിചയമില്ലാത്ത ജീവിതകഥകളാണ് പുസ്തകത്തിലുട നീളം റഷീദ് വിശദീകരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ