ന്യൂഡൽഹി: അസഹിഷ്ണുതാ വാദം ഉയർത്തുവന്ന കോൺഗ്രസ് നേതാക്കളെ വിമർശിച്ച് കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി രംഗത്ത്. അടിയന്തരാവസ്ഥക്കാലത്ത് ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ച കോൺഗ്രസിന് അസഹിഷ്ണുതയെക്കുറിച്ച് പറയാൻ അർഹതയില്ലെന്ന് അരുൺ ജെയ്റ്റ്‌ലി പറഞ്ഞു. ഭരണഘടനയോടുള്ള പ്രതിബദ്ധതയെക്കുറിച്ച് രാജ്യസഭയിൽ നടക്കുന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജെയ്റ്റിലി.

അസഹിഷ്ണുതയെക്കുറിച്ച് പറയാൻ ആർക്കും അർഹതയില്ല. ഒരുകാലത്ത് രാജ്യത്തെ മുൾമുനയിൽ നിർത്തുന്നതിന് പിന്നിൽ പ്രവർത്തിച്ചവരാണ് ഇന്ന് ഈ പ്രസംഗങ്ങൾ നടത്തുന്നത്. ഏതെങ്കിലും ടിവി ചാനലിൽ വന്ന് ആരെങ്കിലും വിളിച്ചു പറയുന്നതിന് പുറകെ കൊടിയെടുത്തിറങ്ങുന്നവർ പഴയ കാര്യങ്ങൾ ഓർക്കുന്നത് നന്നായിരിക്കും. ഇന്ന് നിരുത്തരവാദപരമായ പരാമർശങ്ങളെപോലും അസഹിഷ്ണുതയെന്ന് വിശേഷിപ്പിക്കുകയാണ്. അസഹിഷ്ണുത എങ്ങനെ മറികടക്കാമെന്ന് കാട്ടിത്തന്നത് അംബേദ്കറാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരാ ഗാന്ധിയെ പരോക്ഷമായി ഹിറ്റ്‌ലറോട് ഉപമിച്ചായിരുന്നു ജയ്റ്റ്‌ലി പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഹിറ്റ്‌ലറുടെ സന്തതസഹചാരി റുഡോൾഫ് ഹെസ്, ഹിറ്റ്‌ലർ എന്നാൽ ജർമ്മനിയാണ്, ജർമ്മനി എന്നാൽ ഹിറ്റ്‌ലറെന്നാണ് പറഞ്ഞത്. 1933ൽ എന്താണ് ജർമ്മനിയിൽ സംഭവിച്ചതെന്നേ പറയുന്നുള്ളൂ. ഭരണഘടനയെ കൂട്ടുപിടിച്ചാണ് ഇന്ത്യയിലും അടിയന്തരാവസ്ഥ നടപ്പാക്കിയത്. നിങ്ങൾ അടിയന്തരാവസ്ഥ അടിച്ചേൽപ്പിച്ചു. പ്രതിപക്ഷത്തെ ജയിലിലടച്ചു. ഭരണഘടന തിരുത്തി. ഇപ്പോൾ ടിവിയിൽ ആരെങ്കിലും വന്ന് എന്തെങ്കിലും പറയുന്നതാണോ അസഹിഷ്ണുത? ജെയ്റ്റ്‌ലി ചോദിച്ചു.

അതേസമയം ജവഹർ ലാൽ നെഹ്‌റുവിനെ ചരിത്രത്തിൽനിന്ന് തുടച്ചു നീക്കാൻ ശ്രമിക്കുന്നവർ തന്നെയാണ് അസഹിഷ്ണുതയുടെ ഉദാഹരണമെന്ന് പ്രതിപക്ഷവും തിരിച്ചടിച്ചു. അംബേദ്കറുടെ 125ാം ജന്മവാർഷികത്തോടനുബന്ധിച്ചുള്ള ഭരണഘടന ചർച്ചയിലാണ് ഭരണപക്ഷവും പ്രതിപക്ഷവും ആരോപണ പ്രത്യാരോപണങ്ങളുമായി സഭ നിറഞ്ഞത്.

ഭരണഘടനാ ചർച്ചയിൽ നിങ്ങൾ നാസി ജർമ്മനിയെ കുറിച്ചു സംസാരിക്കും പക്ഷെ, നെഹ്‌റുവിനെ കുറിച്ചു മിണ്ടില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ മറുപടി. നെഹ്‌റു വിഭാവനം ചെയ്ത ലക്ഷ്യങ്ങളെയാണ് ഭരണഘടനയുടെ ആമുഖം സാധൂകരിക്കുന്നത്. അദ്ദേഹത്തെ എവിടെയും സ്പർശിക്കാതെ, അദ്ദേഹത്തിന്റെ ജന്മദിനം മറന്നവർ തന്നെയാണ് അസഹിഷ്ണുതയുടെ ഏറ്റവും വലിയ ഉദാഹരണം. അസഹിഷ്ണുത ആരംഭിച്ചത് മുകളിൽനിന്നാണ്, പിന്നീടാണത് താഴേക്കു വ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരിക്കുന്ന ട്രഷറി ബെഞ്ച് ചൂണ്ടി പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.

ഇന്ത്യൻ പാർലമെന്റിൽ നിങ്ങൾ നെഹ്‌റുവിനെ കുറിച്ചു സംസാരിക്കില്ല. ഹിറ്റലറെ കുറിച്ചു സംസാരിക്കും. ഇന്ത്യയ്ക്ക് ഭരണഘടന ഉണ്ടാക്കാൻ ഗാന്ധിജി, നെഹ്‌റു, പട്ടേൽ, അംബേദ്കർ എ്ന്നിവരുണ്ടായിരുന്നു. നിങ്ങളുടെ ഒരു നേതാവും അവിടെ ഇല്ലായിരുന്നു. തങ്ങൾ ഉൽപ്പാദിപ്പിക്കുന്നത് വെറുപ്പിന്റെ രാഷ്ട്രീയമല്ല. സ്‌നേഹത്തിന്റെ രാഷ്ട്രീയമാണ്. ദളിത് ബാലനെ ചുട്ടുകരിച്ചവരാണ് ഇപ്പോൾ അംബേദ്കറുടെ പ്രസക്തിയെ കുറിച്ചു സംസാരിക്കുന്നത്. ആസാദ് തിരിച്ചടിച്ചു.