ടിയന്തിരാവസ്ഥക്കാലത്തെ സർക്കാർ പീഡനങ്ങൾക്ക് നേതൃത്വം നൽകിയ സഞ്ജയ് ഗാന്ധിയുടെ നടപടികളെല്ലാം മനേക ഗാന്ധി അറിഞ്ഞിരുന്നുവെന്ന് വെളിപ്പെടുത്തൽ. ഇന്ദിരാ ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആർ.കെ.ധവാനാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. അടിയന്തിരാവസ്ഥയെക്കുറിച്ച് രാജീവ് ഗാന്ധിക്കും സോണിയയ്ക്കും യാതൊരു എതിർപ്പുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇന്ദിരാ ഗാന്ധി കുടുംബത്തിലെ രണ്ട് മരുമക്കൾ അടിയന്തിരാവസ്ഥ കാലത്ത് പുലർത്തിയിരുന്ന നിലപാടാണ് ഈ വെളിപ്പെടുത്തലോടെ പുറത്തുവന്നിരിക്കുന്നത്. സഞ്ജയ് ഗാന്ധിയുടെ എല്ലാ നടപടികൾക്കും കൂട്ടുനിൽക്കുകയാണ് മനേക ചെയ്തതെന്നും ഒന്നും അറിഞ്ഞിരുന്നില്ലെന്ന് സ്ഥാപിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു. അടിയന്തിരാവസ്ഥയെ എതിർത്ത ബിജെപിക്ക് ഒപ്പമാണ് മനേക ഇപ്പോൾ.

നിർബന്ധിത വന്ധ്യംകരണമുൾപ്പെടെ പല കാര്യങ്ങൾക്കും സഞ്ജയ് ഗാന്ധി മാത്രമാണ് ഉത്തരവാദിയെന്നും ധവാൻ പറയുന്നു. പല കാര്യങ്ങളും ഇന്ദിര പോലും അറിഞ്ഞിരുന്നില്ല. മാരുതി പദ്ധതിക്കായി സഞ്ജയ് ഭൂമിയേറ്റെടുത്തതുപോലും ഇന്ദിര അറിയാതെയാണ്. ഇന്ദിരാ ഗാന്ധിയെ ഒരിക്കൽ അത്താഴത്തിനിടെ ആറു തവണ സഞ്ജയ് അടിച്ചുവെന്ന വാഷിങ്ടൺ പോസ്റ്റിന്റെ വാർത്ത തെറ്റാണെന്നും ധവാൻ പറഞ്ഞു. വഴിവിട്ട് തീരുമാനങ്ങളെടുത്തിരുന്നെങ്കിലും സഞ്ജയ് ഇന്ദിരയെ ബഹുമാനിച്ചിരുന്നു.

പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരുന്ന സിദ്ധാർഥ ശങ്കർ റേയാണ് അടിയന്തിരാവസ്ഥ ഏർപ്പെടുത്തുകയെന്ന ആശയം ഇന്ദിരാഗാന്ധിക്ക് നൽകിയതെന്ന് ധവാൻ ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്ിൽ വ്യക്തമാക്കി. അലഹബാദ് ഹൈക്കോടതി തന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കുകയും സുപ്രീം കോടതി അതിന് ഉപാധികളോടെ സ്‌റ്റേ അനുവദിക്കുകയും ചെയ്തപ്പോൾ, ഇന്ദിര തന്റെ രാജിക്കത്ത് തയ്യാറാക്കിയതാണ്. എന്നാൽ, അത് ഒപ്പുവെക്കപ്പെട്ടില്ലെന്ന് മാത്രം.

ഇന്ദിരയുടെ മന്ത്രിസഭയിൽ സ്വരൺ സിങ് മാത്രമാണ് അടിയന്തിരാവസ്ഥ ഏർപ്പെടുത്തുന്നതിനെ ചോദ്യം ചെയ്തത്. ശേഷിച്ചവരെല്ലാം അതിനെ അനുകൂലിച്ചു. 15 മിനിറ്റുമാത്രമാണ് കാബിനറ്റ് യോഗം നീണ്ടുനിന്നത്. ജഗ്ജീവൻ റാമിന്റെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങൾ ഇന്ദിരയോട് രാജിവെക്കേണ്ടെന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് രാജിക്കത്ത് ഒഴിവാക്കിയതെന്നും ധവാൻ അഭിമുഖത്തിൽ പറഞ്ഞു.