തിരുവനന്തപുരം: ഐടി രംഗത്ത് തൊഴിലെടുക്കുന്നവരുടെ പേടിസ്വപ്നമാണ് കമ്പനികളുടൈ ഹയർ ആൻഡ് ഫയർ സമ്പ്രദായം. ആഗോള മാന്ദ്യമുണ്ടായാലോ, അമേരിക്കക്കാരൻ പിണങ്ങിയാലോ, കമ്പനിത്തലപ്പത്ത് പിടിപ്പുകേടുണ്ടായാലോ പണി അറിയില്ലെന്ന് പറഞ്ഞ് പിരിച്ചുവിടുന്ന ബാർബേറിയൻ രീതി ഐടി മേഖലയുടെ കൂടെപിറപ്പായിരിക്കുന്നു.

മൽസരം കൂടിയതോടെ മാധ്യമരംഗത്ത് പ്രത്യേകിച്ച് ടെലിവിഷൻ ചാനലുകൾ സർക്കുലറുകളുടെ രൂപത്തിൽ ജീവനക്കാർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതും, റേറ്റിങ് കുറയുമ്പോൾ ചെയ്യുന്ന ജോലിയുടെ കണക്കുചോദിക്കുന്നതും പതിവായിരിക്കുന്നു.ന്യൂസ് 18 കേരള ചാനലാണ് ഇക്കാര്യത്തിൽ കുപ്രസിദ്ധി നേടിയത്. ഒരു മാധ്യമപ്രവർത്തകയുടെ ആത്മഹത്യാശ്രമത്തിലേക്ക് വരെ നയിക്കുന്ന രീതിയിൽ തൊഴിൽ പീഡനം അരങ്ങേറിയതോടെയാണ് പൊതുജനം ഇത് ശ്രദ്ധിച്ചുതുടങ്ങിയത്. തൊഴിൽ പീഡനത്തിൽ, ന്യൂസ് 18 കേരളയുടെ അതേ പാതയിലാണ് മീഡിയ വൺ ചാനലിന്റയും സഞ്ചാരം.

വനിതാ ജേണലിസ്റ്റുകൾ അടക്കമുള്ളവർക്ക് കടുത്ത തൊഴിൽ പീഡനമാണ് മീഡിയ വൺ ചാനലിൽ നേരിടേണ്ടി വരുന്നത്.ഏറ്റവുമൊടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷമായി ചാനലിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമ പ്രവർത്തകയ്്ക്കാണ് പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. ധീരമായ നിലപാടുകൾ എടുക്കുന്നു എന്നത് തന്നെയാണ് മുഖ്യ അയോഗ്യതയായി മാനേജ്മെന്റ് കാണുന്നത്.എഡിറ്റോറിയൽ വിഭാഗത്തിലെ തെറ്റായ തീരുമാനങ്ങൾ ചോദ്യം ചെയ്തതോടെ ന്യൂസ് എഡിറ്റർമാർ അടക്കമുള്ള എഡിറ്റോറിയലിലെ ഉന്നതരുടെ കണ്ണിലെ കരടായി പെൺകുട്ടി മാറി. കരാർ കാലാവധി പൂർത്തിയാകുന്ന ഡിസംബർ 11 നകം പിരിഞ്ഞുപോകണം എന്നാണ് മാനേജ്മെന്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

കാരണമൊന്നും കാട്ടാതെയുള്ള ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് മീഡിയ വണ്ണിലെ ജീവനക്കാർക്കിടയിൽ ഉണ്ടായിരിക്കുന്നത്.പ്രശ്നത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ മീഡിയവൺ സെൽ ഇടപെട്ടു.യൂണിയന്റെ മീഡിയ വൺ സെൽ വാട്സാപ്പ് ഗ്രൂപ്പിൽ ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധമാണ് അംഗങ്ങൾ രേഖപ്പെടുത്തിയത്.ഇതിനെ തുടർന്ന് മീഡിയ വൺ സെൽ മാനേജ്മെന്റിന് പരാതിയും നൽകി.

മീഡിയ വണിൽ നിന്ന് കഴിഞ്ഞ ഒരു വർഷത്തിനിടയ്്ക്ക് നാലുപെൺകുട്ടികളാണ് രാജി വച്ചുപോയത്. ഇവരിൽ പലരും എഡിറ്റോറിയൽ വിഭാഗം മേധാവികളുടൈ തൊഴിൽ പീഡനത്തിനതിരെ വാക്കാലും, രേഖാമൂലവും പരാതി കൊടുത്തിട്ടുള്ളവരാണ്. ഒരിക്കലും നേരിട്ടുവിളിച്ച് തങ്ങളുടെ കുറ്റങ്ങളും കുറവുകളും എന്തെന്ന് ബോധ്യപ്പെടുത്തിയി്ട്ടില്ല എന്നാണ് ഈ മാധ്യമപ്രവർത്തകർ വിശദീകരിക്കുന്നത്. തങ്ങളുടെ അഭാവത്തിലാണ് മാനേജ്മെന്റിലെ ഉന്നതരുടെ അധിക്ഷേപം. വ്യക്തിപരമായി അപമാനിക്കുന്ന തരത്തിൽ പരസ്യമായി സംസാരിക്കുക, ജോലി ചെയ്യാൻ അറിയില്ല എന്നിങ്ങനെ പരസ്യമായി അധിക്ഷേപിക്കും. എന്നാൽ ഇക്കാര്യങ്ങൾ നേരിട്ട് വിശദീകരിക്കാൻ തലപ്പത്തുള്ളവർ തയ്യാറുമല്ല.

ജമാഅത്തെ ഇസ്ലാമിയുടെ ഷൂര കൗൺസിൽ അംഗമായ സി.ദാവൂദ് എംഡിയായിരിക്കുന്ന ചാനലിലാണ് വനിതകൾക്കെതിരെ ഇത്തരത്തിൽ തൊഴിൽ പീഡനം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.കൊച്ചിയിൽ ജോലി ചൈയ്യുന്ന വനിതാ റിപ്പോർട്ടർക്കെതിരെ വധഭീഷണിയുണ്ടായ സമയത്തും മാനേജ്‌മെന്റ് തനിനിറം കാട്ടി. പലതവണ ആവശ്യപ്പെട്ടെങ്കിലും ഇടപെടാൻ മാനേജ്‌മെന്റ് വിസമ്മതിച്ചു. ഇതോടെ റിപ്പോർട്ടർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു. വനിതാകമ്മീഷൻ സ്വമേധയാ കേസെുത്തു. മുൻ എംഡി സുനിൽ ഹസൻ അടക്കം കമ്മീഷനിൽ ഹാജരാകേണ്ട സാഹചര്യമുണ്ടായി. ഒരു വാർത്താ അവതാരകയുടെ കൈയിൽ നിന്ന് ഹാൻഡ് കൺട്രോൾ താഴെ പോയെന്ന് പറഞ്ഞ് വൻതുക പിഴ ഈടാക്കിയ സംഭവവും സഹജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവമാണ്.

വനിതകളുടെ ഉന്നമനത്തിനും ക്ഷേമത്തിനും പുരോഗതിക്കുമായി പ്രവർത്തിക്കുമെന്ന് ആണയിടുകയും, കരാർ തൊഴിൽ പോലെയുള്ള തെറ്റായ പ്രവണതകൾക്കെതിരെയും, അതിന്റെ പേരിൽ എടുക്കുന്ന മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെയും എഡിറ്റോറിയൽ നയം തന്നെ രൂപീകരിക്കുകയും ചെയ്ത ചാനലാണ് ജമാഅത്തെ ഇസ്ലാമിയുടെ മീഡിയ വൺ. നിരവധി സംഭവങ്ങളിൽ ക്യത്യമായ എഡിറ്റോറിയൽ നിലപാടോടെ വാർത്തകൾ കൊടുക്കുന്ന സ്ഥാപനത്തിൽ നിന്ന് തന്നെ ഇത്തരം നടപടികൾ ഉണ്ടാകുന്നത് തങ്ങളുടെ മനോവീര്യത്തെയും, തൊഴിലെടുക്കാനുള്ള സാഹചര്യത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് വാട്‌സാപ് ഗ്രൂപ്പുകളിൽ ജീവനക്കാർ സങ്കടം പങ്കുവയ്ക്കുന്നത്.

ഏറ്റവുമൊടുവിൽ പിരിച്ചുവിടൽ നോട്ടീസ് കിട്ടിയ മാധ്യമപ്രവർത്തകയ്ക്ക് അതെന്തുകൊണ്ടുനൽകി എന്ന് വിശദീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറാവുന്നില്ല എന്നതാണ് വിചിത്രമായ കാര്യം. ഈ വിഷയത്തിൽ മീഡിയ വൺ സെൽ പരാതി നൽകിയെങ്കിലും കാര്യമായ ഏകോപനമില്ലെന്നും പരാതിയുണ്ട്.  മാനേജ്‌മെന്റ് നടപടി ഭയന്ന് തുറന്ന് എതിർക്കാൻ ആരും തയ്യാറാവുന്നില്ല.വനിതകളുടെ കാര്യത്തിൽ ഇരട്ടനീതിയാണ് മാനേജ്‌മെന്റിന് എന്നത് നേരത്തെ ഉയർന്നിട്ടുള്ള പരാതിയാണ്.വനിതാജീവനക്കാർ പരാതി നൽകിയാൽ അതുമുക്കുന്നു, വനിതകളെ പിന്തുണയ്ക്കുന്നവരോട് അസഹിഷ്ണുത കാട്ടുന്നു തുടങ്ങിയ ആക്ഷേപങ്ങളും വ്യാപകമാണ്.

കരാർ തൊഴിലിനെതിരെ തുറന്ന നിലപാട് സ്വീകരിക്കുകയും അതിന് കടകവിരുദ്ധമായി ജൂനിയർ ജീവനക്കാരിയുടെ കരാർ പുതുക്കാതെ പിരിച്ചുവിടുകയും ചെയ്യുന്നത് എന്തുനീതി എന്നാണ് ജീവനക്കാരുടെ ചോദ്യം. ഇന്ന് ഒരാളാണെങ്കിൽ, നാളെ മറ്റൊരാൾ എന്ന ഭീതി ജീവനക്കാർക്കിടെയിൽ പടർന്നുകഴിഞ്ഞു.സ്വന്തം നാട് വിട്ട് വീടും വാടകയ്‌ക്കെടുത്ത് സ്ഥാപനത്തിന് വേണ്ടി അഹോരാത്രം പണിയെടുത്ത ശേഷം ഒരുസുപ്രഭാതത്തിൽ നാളെ മുതൽ ജോലിയില്ലെന്ന് പറയുന്നതിലെ നീതി കേട് എന്തുകൊണ്ട് നീതിനിഷ്ഠരെന്ന് അഭിമാനിക്കുന്ന തലപ്പത്തുള്ളവർ കാണുന്നില്ല എന്നതാണ് മുഖ്യ ചോദ്യം.