ടൊറേന്റോ: ഇന്തോ-കനേഡിയൻ പ്രസ്‌ക്ലബ് കാനഡയുടെ ഔപചാരിക ഉദ്ഘാടനം ജനുവരി 26ന് ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിൽ നടന്നു. ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസർ വിഷ്ണു പ്രകാശ് ഔദ്യോഗിക രേഖകൾ ക്ലബ് ചെയർമാൻ ജയശങ്കറിനു കൈമാറി.

ഇന്ത്യയിലെയും കാനഡയിലെയും മാദ്ധ്യമങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനു വേണ്ടി സ്ഥാപിതമായ കഇജഇ കാനഡയുടെ സ്ഥാപിതലക്ഷ്യങ്ങളെ കമ്മീഷൻ ഓഫീസർ വിഷ്ണു പ്രകാശ് ചടങ്ങിൽ പ്രകീർത്തിക്കുകയും കാനഡയിലെ വിവിധ ഭാഷയിലെ മാദ്ധ്യമ പ്രവർത്തകരെ ഒരു കുടക്കീഴിൽ അണിനിരത്തിയ പ്രഥമ സംരംഭത്തിന്റെ പ്രവർത്തകരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യൻ പതാക ഉയർത്തലിനുശേഷം കമ്മീഷൻ ഇന്ത്യൻ പ്രസിഡന്റിനെ സന്ദേശം വായിച്ചു. പ്രസിഡന്റ് ദീപക്, കമ്മീഷനെ മൊമന്റോ നൽകി ആദരിച്ചു. ഇന്ത്യൻ ഹൈക്കമ്മീഷന്റെ പ്രധാന വാർത്താ വിതരണ ചുമതലയും പ്രസ്‌ക്ലബിനു അനുവദിച്ചു.

ചടങ്ങിൽ പ്രസ്‌ക്ലബ് ചെയർമാൻ ജയശങ്കർ പിള്ള, ദീപക് (പ്രസിഡന്റ്), റെജി (സെക്രട്ടറി), ബാലു (ജോ. ട്രഷറർ), അമർ പ്രീത് (ജോ. സെക്രട്ടറി) എന്നിവർ സംബന്ധിച്ചു. ആൽബർട്ട്, ക്യുബക്, കിങ്സ്റ്റൻ, ബ്രിട്ടീഷ് കൊളംബിയ, മാനിടോബ, കിച്ച്‌നർ, ടൊറേന്റോ, നയാഗ്ര, ബർലിങ്ടൻ മോൺട്രിയാൽ, ഒട്ടാവ എന്നിവിടങ്ങളിൽനിന്നായി നിരവധി ഭാഷാ മാദ്ധ്യമ പ്രവർത്തകരും കോൺസുലേറ്റ് പ്രതിനിധികളും വിശിഷ്ടാതിഥികളും ചടങ്ങിൽ സംബന്ധിച്ചു.

റിപ്പോർട്ട്: ജയശങ്കർ പിള്ള