ദോഹ: ഇന്ത്യയിലെ വിവിധ ടെക്നോളജി സംരംഭങ്ങളെ ലോകത്തിന് പരിചയപ്പെടുത്തുന്നതിനായി രൂപീകൃതമായ ഇൻഡോ ഗ്ലോബൽ ടെക്കിന്റെ പ്രഥമ എക്സലൻസ് അവാർഡിന് പ്രമുഖ ഇന്ത്യൻ ശാസ്ത്രജ്ഞനും വിവിധ വിഷയങ്ങളിലായി അറുപതോളം പേറ്റന്റുകളുടെ ഉടമയുമായ രാജാ വിജയകുമാറിനെ തെരഞ്ഞെടുത്തു.

ബാഗ്ലൂർ ആസ്ഥാനമായ സ്‌കലീൻ സൈബർ നെറ്റിക്സ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.രാജ സസ്റ്റയിനബിൾ എനർജി, വേസ്റ്റ് മാനേജ്മെന്റ്, പവർ സിസ്റ്റംസ് തുടങ്ങി വിവിധ ശാസ്ത്ര മേഖലകളിൽ ലോകോത്തര സംഭാവനകൾ അർപ്പിച്ച വ്യക്തിയാണ്.
ദുബൈയിലെ ഡബ്ലു ഹോട്ടലിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഗ്ലോബൽ ടെക് ചെയർമാൻ ഡോ.സിദ്ധീഖ് മുഹമ്മദ് അവാർഡ് സമ്മാനിച്ചു.

പ്രമുഖ നാനോ ടെക്നോളജി സയന്റിസ്റ്റ് ഡോ. മദൻ അയ്യങ്കാർ, സൗദി ടൂറിസം കൗൺസിൽ ലൈസൻസിങ് വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. ഹസൻ അൽ അംരി, ഡോ. അബ്ദുൽ മജീദ്, ബാബാ അലക്സാണ്ടർ എന്നിവർക്കും ചടങ്ങിൽ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു.
ഇന്ത്യൻ ശാസ്ത്രജ്ഞരുടെ സംഭാവനകളെ ലോകത്തിന് പരിചയപ്പെടുത്തുകയും സാങ്കേതിക വിദ്യയുടെ വിനിമയ പരിപാടികളിലൂടെ വികസന കുതിപ്പിന് ആക്കം കൂട്ടുകയുമാണ് അവാർഡ് നൽകുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇന്ത്യൻ ഗ്ലോബൽ ടെക് ചെയർമാൻ ഡോക്ടർ സിദ്ധീഖ് മുഹമ്മദ് പറഞ്ഞു.