ന്തോനേഷ്യയിലെ സെൻട്രൽ പ്രവിശ്യയിലെ ബീച്ചിൽ നാളിതു വരെ ആരും കാണാത്ത ഒരു ഭീമൻ ജീവിയുടെ ശവശരീരം അടിഞ്ഞു. വിചിത്ര രൂപവും ഭീമാകാരമായ വലിപ്പവുമുള്ള ഈ ജീവി ഏതാണെന്ന ആകാംക്ഷ നിറഞ്ഞ ചോദ്യം വ്യാപകമായി ഉയരുന്നുണ്ട്. ഈ ജന്തുവിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ വൈറലാവുകയാണ്. ചൊവ്വാഴ്ച രാത്രി ഇതിന്റെ ഭീമൻ ശവശരീരം തീരത്തടിഞ്ഞത് കണ്ട് തദ്ദേശവാസികളും അധികൃതരും അത്ഭുതപ്പെട്ട് നിൽക്കുകയാണ്. ഈ കടൽഭാഗങ്ങളിലൊന്നും ഇതുവരെ കണ്ടിട്ടില്ലാത്ത ജീവിയാണിത്. ഇവിടുത്തെ സെറും ദ്വീപിലെ ഹുലുൻഗ് ബീച്ചിലാണിത് എത്തിപ്പെട്ടിരിക്കുന്നത്. 

ഇവിടുത്തുകാരനായ അസ്രുൾ ട്വാനകോടയാണിത് ആദ്യമായി കണ്ടതെന്ന് ജക്കാര്ത്ത ഗ്ലോബ് റിപ്പോർട്ട് ചെയ്യുന്നു. ഇത് കരയ്ക്കടിഞ്ഞ വലിയൊരു ബോട്ടാണെന്നായിരുന്നു താൻ ധരിച്ചിരുന്നതെന്നും എന്നാൽ അടുത്ത് ചെന്ന് നോക്കിയപ്പോൾ ഈ വിചിത്ര ജീവിയുടെ ജഢം കണ്ട് താൻ അത്ഭുതസ്തബ്ധനായി നിന്ന് പോയെന്നും അസ്രുൾ വെളിപ്പെടുത്തുന്നു. ഇതിന് 15 മീററർ നീളമുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെചിത്രങ്ങളും വീഡിയോകളും ജനം സോഷ്യൽ മീഡിയകളിൽ വൻ തോതിൽ ഷെയർ ചെയ്യുന്നുണ്ട്. ചത്ത് മൂന്ന് ദിവസമെങ്കിലുമായിട്ടായിരിക്കണം ഇത് കരയ്ക്കടിഞ്ഞതെന്നാണ് വിശ്വസിക്കുന്നത്. 

ഇതൊരു വലിയ കൂന്തൾ അഥവാ കണവ(Squid) ആണെന്നാണ് ഇവിടുത്തെ മീൻപിടിത്തക്കാർ പറയുന്നത്. എന്നാൽ ഇതൊരു തിമിംഗലത്തിന് സമാനമായ ജീവിയാണെന്നാണ് ഇന്തോനേഷ്യയിലെ മറൈൻ ആൻഡ് കോസ്റ്റൽ റിസോഴ്സസ് മാനേജ്മെന്റിലെ കോ ഓഡിനേറ്റർ അഭിപ്രായപ്പെടുന്നത്. ഇതിന്റെ സ്പീഷീസ് ഏതാണെന്ന് മനസിലാക്കാൻ ലാബ് പരിശോധനകൾ നടന്ന് വരുന്നുണ്ട്.