- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏഷ്യയിലെ കോവിഡ് ഹോട്സ്പോട്ടായി ഇൻഡൊനീഷ്യ; പ്രതിദിന കോവിഡ് കേസുകളിൽ ഇന്ത്യയെ മറികടന്നു; പ്രതിദിനം 40,000ൽ ഏറെ രോഗികൾ; പടരുന്നത് അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം
ജക്കാർത്ത: പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഇന്ത്യയെ മറികടന്ന് ഇൻഡൊനീഷ്യ. നിലവിൽ 40,000-ന് മുകളിലാണ് രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം. പുതുതായി സ്ഥിരീകരിക്കുന്ന കേസുകളിൽ ഏറെയും അതിവ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദമാണ്. ഇതോടെ ഇൻഡൊനീഷ്യ ഏഷ്യയിലെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറുകയാണ്.
ഇൻഡൊനീഷ്യയിൽ രോഗവ്യാപനത്തിന്റെ തോത് വർധിച്ച സാഹചര്യത്തിൽ ജൂലായ് ഏഴ് മുതൽ രാജ്യവ്യാപകമായി വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചികിത്സയ്ക്കായി ഓക്‌സിജൻ ആവശ്യകത വർധിച്ചതോടെ വിദേശരാജ്യങ്ങളിൽ നിന്ന് ലിക്വിഡ് ഓക്‌സിജനും കോൺസൺട്രേറ്ററുകളും അടിയന്തരമായി ഇറക്കുമതി ചെയ്യാനുള്ള നടപടികളും ഇൻഡൊനീഷ്യൻ സർക്കാർ സ്വീകരിച്ചു വരുകയാണ്.
രാജ്യത്തെ ആശുപത്രികളെല്ലാം രോഗികളാൽ നിറഞ്ഞു. അടിയന്തര ചികിത്സ ലഭിക്കാതെ രോഗികൾ വീടുകളിലും ആശുപത്രികൾക്ക് പുറത്തും മരിച്ചുവീഴുകയാണ്. ജൂൺ മുതലുള്ള കണക്കുപ്രകാരം 453 രോഗികൾ ചികിത്സ ലഭിക്കാതെ വീടുകളിൽ മരിച്ചു. ജക്കാർത്ത, പശ്ചിമ ജാവ ഉൾപ്പെടെയുള്ള ഒമ്പത് പ്രവിശ്യകളിലെ ആശുപത്രികളിൽ 80 ശതമാനത്തിലധകം കിടക്കകൾ നിറഞ്ഞതായി ആരോഗ്യമന്ത്രി ബുദി ഗുനഡായി പറഞ്ഞു.
ഓക്‌സിജൻ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പ്രസിഡന്റ് ജോക്കോ വിദോദോ മന്ത്രിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യനില ഗുരുതരമല്ലാത്ത രോഗികൾക്ക് വീട്ടിൽതന്നെ ചികിത്സ നൽകാൻ യുഎസ്, ജപ്പാൻ, ചൈന എന്നീ രാജ്യങ്ങളിൽ നിന്ന് 40,000 ടൺ ലിക്വിഡ് ഓക്‌സിജനും 40,000 കോൺസെൺട്രേറ്ററുകളും എത്തിക്കുമെന്ന് മന്ത്രി ലുഹുത് വ്യക്തമാക്കി.
നിലവിൽ രാജ്യത്തെ പ്രതിദിന ഓക്‌സിജൻ ആവശ്യകത 1928 ടണ്ണിലെത്തി. 2262 ടണ്ണാണ് രാജ്യത്തെ മൊത്തം പ്രിതിദിന ഓക്‌സിജൻ ഉത്പാദന ശേഷി. നിലവിലെ സാഹചര്യത്തിൽ രാജ്യത്തെ ഓക്‌സിജൻ പൂർണമായും മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ലുഹുത് പറഞ്ഞു.
ആകെ രോഗികളുടെ എണ്ണത്തിൽ ഇൻഡൊനീഷ്യയെക്കാൾ ഇന്ത്യ ബഹുദൂരം മുന്നിലാണെങ്കിലും കഴിഞ്ഞ ഒരാഴ്ചയിലേറെയായി ഇന്ത്യയിലെ പ്രതിദിന രോഗികളുടെ എണ്ണം 40,000ത്തിൽ താഴെയാണ്. രണ്ടാംതരംഗം അതിരൂക്ഷമായ വേളയിൽ ദിനംപ്രതി നാല് ലക്ഷത്തിന് മുകളിൽവരെ രോഗികൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. ജൂൺ അവസാനത്തോടെ ഇതിൽ വലിയ കുറവുണ്ടായി.
ഔദ്യോഗികയമായി റിപ്പോർട്ട് ചെയ്യുന്നതിലും കൂടുതൽ ആളുകൾക്ക് രാജ്യത്ത് കോവിഡ് പിടിപെട്ടിട്ടുണ്ടെന്ന പഠനങ്ങളും അടുത്തിടെ പുറത്തുവന്നിട്ടുണ്ട്. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ആവശ്യപ്പെടുന്നത്. നിലവിൽ രാജ്യത്തെ 18 ശതമാനം ആളുകൾക്കാണ് വാക്‌സിൻ നൽകിയിട്ടുള്ളത്. ചൈനയുടെ സിനോവാക് വാക്‌സിനെയാണ് ഇൻഡൊനീഷ്യ പ്രധാനമായും ആശ്രയിക്കുന്നത്.
അതേസമയം, പുതിയ കോവിഡ് വകഭേദത്തിനെതിരേ സിനോവാക് എത്രത്തോളം ഫലപ്രദമാണെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്. വാക്‌സിനെടുത്ത നിരവധി ആരോഗ്യപ്രവർത്തകർക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ച നിരവധി സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ന്യൂസ് ഡെസ്ക്