ജക്കാർത്ത: ഇന്തൊനേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ധുവും പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിൽ. ഡാനിഷ് താരം ലിൻ ക്രിസ്റ്റഫർസെന്നിനെയാണ് സിന്ധു പരാജയപ്പെടുത്തിയത് ആദ്യ ഗെയിം നഷ്ടമായ ശേഷം രണ്ട് ഗെയിമുകൾ തിരിച്ചുപിടിച്ചാണ് സിന്ധു മുന്നേറിയത്. സ്‌കോർ 18-21, 21-15,21-11.

ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മാരിസാക്കയാണ് പ്രീ ക്വാർട്ടറിൽ സിന്ധുവിന്റെ എതിരാളി. ആദ്യ ഗെയിമിൽ 11-9ന് മുന്നിലെത്തിയശേഷമാണ് സിന്ധു ഗെയിം കൈവിട്ടത്. രണ്ടാം ഗെയിമിൽ 3-0ന് മുന്നിലെത്തിയശേഷം പിന്നിൽ പോയ ലിന്നിന് തിരിച്ചടിക്കാനായില്ല.

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവായ ലക്ഷ്യ സെൻ ഡാനിഷ് താരം ഹൻസ് ക്രിസ്റ്റ്യനെയാണ് ആദ്യ റൗണ്ടിൽ അനായാസം മറികടന്നത്. സ്‌കോർ 21-10, 21-18. ഡെന്മാർക്കിന്റെ രാസ്മസ് ഗെംക്കെ ആണ് പ്രീ ക്വാർട്ടറിൽ ലക്ഷ്യയുടെ എതിരാളി.

അതേസമയം, പരിക്കിൽ നിന്ന് മോചിതനായശേഷം കോർട്ടിൽ തിരിച്ചെത്തിയ സമീർ വർമ ആദ്യ റൗണ്ടിൽ പുറത്തായി. ഇന്തോനേഷ്യയുടെ ചിക്കോ ഔറയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സമീർ വർമുടെ തോൽവി. സ്‌കോർ 17-21, 15-21. ഇന്ത്യയുടെ ആകർഷി കശ്യപും ആദ്യ റൗണ്ടിൽ പുറത്തായി. അമേരിക്കയുടെ ബൈവൻ സാംഗിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു ആകർഷിയുടെ തോൽവി. സ്‌കോർ 12-21, 11-21.

മിക്‌സഡ് ഡബിൾസിൽ ഇന്ത്യയുടെ ഇഷാൻ ഭട്‌നാഗർ-ടാനിഷ ക്രാസ്റ്റോ സഖ്യം ഇന്തോനേഷ്യയുടെ പ്രവീൺ ജോർദാൻ-മെലാറ്റി ഡൈവ സഖ്യത്തോട് പൊരുതി തോറ്റു. സ്‌കോർ 14-21, 21-16, 12-21.