ജക്കാർത്ത: ഭൂകമ്പത്തിന് പിന്നാലെ ഇന്തോനേഷ്യയിൽ സുനാമി ആക്രമണം. പാലു നഗരത്തിലാണ് സുനാമി ആഞ്ഞടിച്ചത്. റിക്ടർ സ്‌കെയിലിൽ 7.5 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പത്തിന് പിന്നാലെയാണ് ഇവിടെ സുനാമി തിരമാലകൾ ആഞ്ഞടിച്ചത്. ആറര അടിയോളം ഉയരത്തിലുള്ള തിരമാലകളാണ് പാലുവിലേക്ക് അടിച്ചു കയറിയതെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

നേരത്തെ ഭൂകമ്പമുണ്ടായതിന് പിന്നാലെ കാലാവസ്ഥാ നിരീക്ഷണവിഭാഗം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. സുനാമി അടിച്ചതിനെ തുടർന്ന് മേഖലയിലാകെ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നും 80 കി.മീ അകലെയാണ് പാലു നഗരം സ്ഥിതി ചെയ്യുന്നത്. തിരമാലകൾ തീരത്തേക്ക് അടിച്ചു കയറുന്നതും ജനങ്ങൾ നിലവിളിച്ചോടുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പരക്കുന്നുണ്ട്. അഞ്ച് പേർ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. പരിഭ്രാന്തിയിലായ ആളുകൾ തീരത്തുനിന്നും ഓടി രക്ഷപെട്ടു. തീരത്തുണ്ടായിരുന്ന കപ്പൽ ഒഴുകിപ്പോയതായും പറയുന്നു.