മലപ്പുറം: സൗദി ജിദ്ദയിൽ ഇന്തോനേഷ്യൽ യുവതിയെ വിവാഹം ചെയ്ത് ഗർഭിണിയാക്കിയ ശേഷം മലപ്പുറം സ്വദേശിയായ യുവാവ് നാട്ടിലേക്ക് മുങ്ങിയെന്ന പരാതി ഉന്നയിച്ച് യുവതി. ഇന്തോനേഷ്യൻ യുവതിയുടെ ചിത്രങ്ങളും കത്തുമെന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതിയുടെയും കുഞ്ഞിന്റെയും ആരോപണ വിധേയനായ യുവാവിന്റെയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്.

മലപ്പുറം സ്വദേശിയായ അയൂബ് മൂച്ചിക്കൽ എന്ന യുവാവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. അയൂബ് തന്റെ ഭർത്താവാണെന്നും നാട്ടിലേക്ക് പോയ ശേഷം ഇയാൾ മടങ്ങിവന്നില്ലെന്നും തന്നെ ഉപേക്ഷിച്ച് കടന്നുകളഞ്ഞെന്നുമാണ് സോഷ്യൽ മീഡിയയിലുടെ ഇന്തോനേഷ്യൻ യുവതി ആരോപിക്കുന്നത്. താൻ ഗർഭിണിയായിരുന്ന വേളയിലാണ് അയൂബ് മുങ്ങിയതെന്നുമാണ് ജുബൈദ എന്ന യുവതി പറയുന്നു. പ്രസവമാകുമ്പോയേക്ക് തിരിച്ചു വരാമന്ന് പറഞ്ഞു വിശ്വസിച്ചു തിരിച്ചു വന്നില്ലന്ന് യുവതി പറയുന്നു. പാസ്‌പോർട്ട് പിതാവ് നശിപ്പിച്ചെന്ന കാരണം പറഞ്ഞായിരുന്നു തിരിച്ച് വരവ് യുവാവ് ഒഴിവാക്കിയതെന്നും അവർ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ട കത്തിലൂടെ പറയുന്നത്.

നാട്ടിൽ പോയ ശേഷം തിരിച്ചു വരാമെന്ന് പറഞ്ഞാണ് യുവാവ് പോയത്. പ്രസവ സമയത്ത് അടക്കം പണമില്ലാതെ താൻ ബുദ്ധിമുട്ടുകയുണ്ടായി. ആരോടെങ്കിലും കടം വാങ്ങി പ്രസവം നടത്താനും തിരിച്ചു വന്നിട്ടും കൊടുക്കാമെന്നുമാണ് തന്റെ നിസ്സഹായവസ്ഥയെ കുറിച്ച് ചോദിച്ചപ്പോൾ കടം വാങ്ങാൻ നിർദ്ദേശിക്കുകയായിരുന്നു അയൂബ് മറുപടി നൽകിയതെന്നും യുവതി ജിദ്ദയിലെ മലയാളി സുഹൃത്തുക്കൾ വഴി എഴുതിയ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നത്.

പ്രസവ ശേഷം കുഞ്ഞിന്റെ ഫോട്ടോ അയ്യൂബിന് അയച്ചു കൊടുത്തതായും യുവതി അവകാശപ്പെടുന്നുണ്ട്. മൂന്ന് മാസമായി യുവതി പ്രസവിച്ചിട്ട് കഴിഞ്ഞ രണ്ട് മാസമായി അയ്യൂബിനെ കുറിച്ച് ഒരു വിവരവും ഇല്ലെന്നും അന്വേഷിച്ചപ്പോൾ ഇയാൾ തന്നെ ഒഴിവാക്കി മറ്റൊരു വിവാഹം ചെയ്തുവെന്നാണ് അറിയാൻ സാധിച്ചതെന്നും ജുബൈദ പറയുന്നു. ജുബൈദ എഴുതിയ കത്ത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുമ്പോൾ പ്രതിരോധിക്കാൻ അയ്യൂബും രംഗത്തുണ്ട്. യുവതി പറയുന്ന കാര്യങ്ങൾ തെറ്റാണെന്നാണ് അയൂബ് ഫേസ്‌ബുക്കിലൂടെ പ്രതികരിച്ചത്.

തന്നെക്കുറിച്ച് യുവതി പറയുന്ന കാര്യങ്ങൾ തീർത്തും തെറ്റാണെന്നും വ്യാജ മാരേജ് സർട്ടിഫിക്കറ്റാണ് അവർ കാണിക്കുന്നതെന്നുമാണ് അയൂബിന്റെ വാദം. അതേസമയം പ്രവാസ ലോകത്ത് ഇന്തേനേഷ്യക്കാരിയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായുള്ള ചിത്രങ്ങൾ സൈബർ ലോകത്ത് മലയാളികൾ തന്നെ ഏറ്റെടുത്തിട്ടുണ്ട്. അയൂബ് തെറ്റുകാരനാണോ എന്ന ചോദ്യമാണ് എല്ലായിടത്തും ഉയരുന്നത്. ഒരു യുവതി വ്യാജപ്രചരണവുമായാണ് രംഗത്തെത്തുന്നതെങ്കിൽ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ലെന്നും സൈബർ ലോകത്ത് ആളുകൾ ചോദിക്കുന്നു. 

അതേസമയം യുവതി ഉന്നയിക്കുന്ന പരാതിയിൽ എത്രത്തോളം വാസ്തവം ഉണ്ടെന്ന സംശയവും പലരും ഉയർത്തുന്നുണ്ട്. യുവതിയുടെ ചിത്രവും പരാതിയും വ്യാജമാണെന്നും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ജുബൈദ എന്ന പേരിൽ ഒരു ഇന്തോനേഷ്യൻ യുവതി ഉണ്ടോ എന്ന സംശയം തന്നെ രേഖപ്പെടുത്തുന്നുണ്ട്. യുവതിയുടേതെന്ന പേരിൽ പ്രചരിക്കുന്ന പരാതിയുടെ ആധികാരികതയും വ്യക്തമല്ല.

യുവതി തയ്യാറാക്കിയ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഞാൻ ജുബൈദ indonesia.

എനിക്ക് മലയാളികളായ നിങ്ങൾ നിന്നൊരും ഹെൽപ്പ് ചെയ്തു തരണം. മലയാളിയായ മലപ്പുറം ജില്ലകാരനായ അയ്യൂബുമായി സൗദിയിൽ വെച്ച് കല്ല്യണം കഴിഞ്ഞു. അതിൽ ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു. എനിക്ക് വയറ്റിൽ ഉള്ളപ്പോൾ അയ്യൂബ് നാട്ടിലേക്ക് ലീവിന് പോയി നീ പ്രസവിക്കുന്നതിന് മുമ്പ് ഞാൻ തിരിച്ചുവരാം എന്ന് പറഞ്ഞു അവിടെ ചെന്ന് നിരന്തരം എനിക്ക് വിളിക്കുമായിരുന്നു.

അതിനിടയിൽ കുറച്ച് ദിവസം വിവരം ഒന്നുമില്ലതായി. പിന്നെ വിളിച്ചപ്പോൾ പറഞ്ഞു എന്റെ പാസ്‌പ്പോർട്ട് വാപ്പ കത്തിച്ച് കളഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു നീ പുതിയ പാസ്‌പോർട്ട് എടുത്ത് തിരിച്ചു വാ എന്ന്. അപ്പോഴേക്കും എനിക്ക് 8 മാസം വയറ്റിലായിരുന്നു. ഞാൻ എന്ത് ചെയ്യും? നീ എപ്പോൾ വരും? എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു നീ ആരിൽ നിന്നെങ്കിലും പൈസ കടമായി വാങ്ങി പ്രസവം നടത്ത് എന്ന്. ഞാൻ തിരിച്ചു വന്നിട്ട് തിരികെ കൊടുക്കാം. എന്ന് പറഞ്ഞു ഞാൻ പലരിൽ നിന്നായി ആറായിരം റിയാലോളം കടമായി വാങ്ങി അങ്ങനെ ഞങ്ങൾക്ക് ഒരു ആൺകുഞ്ഞ് ജനിച്ചു.

കുട്ടിയുടെ ഫോട്ടോ ഞാൻ അയച്ചു കൊടുത്തു. ഇപ്പോൾ അവൻ കേരളത്തിൽ പുതിയ കല്യാണം കഴിച്ചു. അവൻ ഖത്തറിലേക്ക് പോയി എന്ന് അറിയാൻ കഴിഞ്ഞു. രണ്ട് മാസത്തോളമായി അവന്റ ഒരു വിവരവുമില്ല, മൂന്ന് മാസം മാത്രം പ്രായമുള്ള എന്റെ മോനെ വിട്ട് എനിക്ക് ജോലിക്ക് പോവാനും പറ്റുന്നില്ല. മുമ്പ് ഞാൻ താമസിച്ച റൂമിൽ നിന്നും വാടക കൊടുക്കാത്തതു കൊണ്ട് എന്നെയും മോനേയും ഇറക്കിവിട്ടു. മുമ്പ് ഞാൻ കടമായി വാങ്ങിയ ആറായിരം റിയാൽ തിരികെ ചോദിക്കുന്നു.

എന്നെയും കുട്ടിയേയും ജിദ്ദയുടെ തെരുവിൽ തനിച്ചാക്കി ഒന്ന് വിളിക്കുക പോലും നീ ചെയ്യാതെ ഖത്തറിൽ സുഖമായി കഴിയുന്നു. നിങ്ങൾ മലയാളികൾ അവന്റെ കുടുബത്തിലേക്ക് എത്തും വരെ ഇത് ഷെയർ ചെയ്ത് സഹായിക്കണം.
എന്ന് ജുബൈദ

അയ്യൂബ് ഫേസ്‌ബുക്കിലൂടെ നൽകിയ മറുപടി:

പ്രിയ സുഹൃത്തുക്കളെ ഞാൻ ഒരു ഇന്തേനേഷ്യൻ പെണ്ണിനെ നിയമപരമായി കല്ലിയാണം കഴിച്ചു എന്നാരോപിച്ചു എന്റെ പേരിൽ അവൾ ഉണ്ടാക്കിയ marriage certificate ആണ് ഇത്. ഇതിൽ എന്റെ കയ്യൊപ്പോ ഇന്ത്യൻ എംബസിയുടെ സീലോ ഇല്ലാ. ഇത് തികച്ചും കളവാണ്. ദയവു ചെയ്ത് ഇത് മാക്‌സിമം ഷെയർ ചെയ്ത് എന്റെ പേരിലുള്ള തെറ്റുദ്ധാരണ മാറ്റണം പ്ലീസ്.

നാളെ (29-3-2018) ദുഃഖവെള്ളി പ്രമാണിച്ച് ഓഫിസിനും പത്രത്തിനും അവധിയായതിനാൽ പത്രം അപ്‌ഡേറ്റ് ചെയ്യുന്നതല്ല-എഡിറ്റർ