ഫെയ്‌സ്ബുക്കും ഗൂഗിളുമടക്കമുള്ള വമ്പൻ കമ്പനികൾ ഐഐടി പോലുള്ള ഇന്ത്യൻ വിദ്യഭ്യാസ സ്ഥാപനങ്ങളിൽനിന്ന് പ്രതിഭകളെ റാഞ്ചി പറക്കുകയാണ്. ഇൻഡോർ ഐഐടിയിലെ അവസാന വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയെ ഗൂഗിൾ സ്വന്തമാക്കിയത് പ്രതിവർഷം 1.7 കോടി രൂപ ശമ്പളം വാഗ്ദാനം ചെയ്തുകൊണ്ടാണ്. ഛത്തീസ്‌ഗഢിലെ ഭിലായിൽനിന്നുള്ള ഗൗരവ് അഗർവാൾ എന്ന വിദ്യാർത്ഥിക്കാണ് സ്വപ്‌നസമാനമായ ഈ ജോലി ലഭിച്ചിരിക്കുന്നത്.

രാജ്യത്ത് ഇക്കുറി വമ്പൻ വാഗ്ദാനങ്ങൾ ലഭിച്ചിട്ടുള്ളത് ഗൗരവിന് മാത്രമല്ല. ഭുവനേശ്വർ ഐഐടിയിലെ വിദ്യാർത്ഥിക്ക് ഓറക്കിൾ വാഗ്ദാനം ചെയ്തിട്ടുള്ളത് പ്രതിവർഷം 2.03 കോടി രൂപയാണ്. ബോംബെ ഐഐടിയിലെ വിദ്യാർത്ഥിനിക്ക് ഫേസ്‌ബുക്ക് പ്രതിവർഷം രണ്ടുകോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇൻഡോർ ഐഐടിയിലെ വിദ്യാർത്ഥിക്ക് കഴിഞ്ഞ മൂന്നുവർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും വലിയ വാഗ്ദാനമാണ് ഗുഗിൾ നൽകിയിട്ടുള്ളത്.

ഓൺലൈനിലൂടെ നടത്തിയ പരീക്ഷയിലൂടെയാണ് ഗൂഗിൾ ഉദ്യോഗാർഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്തത്. തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഗുഡ്ഗാവിൽ ഓൺ സൈറ്റ് ഇന്റർവ്യൂവിന് ക്ഷണിച്ചു. പ്രോഗ്രാമിങ്ങിനെക്കുറിച്ചും അലോഗരിതത്തെക്കുറിച്ചുമായിരുന്നു ചോദ്യങ്ങളെന്ന് ഗൗരവ് പറഞ്ഞു. ഇന്റർവ്യൂവിന് പിന്നാലെ ഗൗരവ് ഗൂഗിളിൽനിന്നുള്ള നിയമന ഉത്തരവും ലഭിച്ചു.

2011-ലാണ് ഗൗരവ് ഐഐടിയിൽ ചേർന്നത്. പത്താം ക്ലാസ്സിലും +2വിനും 90 ശതമാനം മാർക്കോടെ വിജയിച്ചു. മുമ്പ് റഷ്യയിൽ നടന്ന ഇൻഫോമാറ്റിക്‌സ് ഒളിമ്പ്യാഡിൽ ഇൻഡോർ ഐഐടിയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തിട്ടുള്ള ഗൗരവ് പഠനരംഗത്ത് മികവ് തെളിയിച്ചിട്ടുണ്ട്. എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ മറ്റു ഐഐടികളിലും പ്രവേശനം ലഭിച്ചിരുന്നെങ്കിലും ഇൻഡോറിൽ കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണ് ഗൗരവ് തീരുമാനിച്ചത്. ആ തീരുമാനം ശരിയായിരുന്നുവെന്ന് കോടികൾ വേതനം പറ്റുന്ന ജോലിയിലൂടെ ഗൗരവ് തെളിയിച്ചു.