- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മരാജന്റെ മേക്കപ്പ്മാന്റെ സഹായിയായി സിനിമാലോകത്ത്; 'ചൂതാട്ട'ത്തിൽ ചെറിയ വേഷത്തിലൂടെ തുടക്കം; നാലാംക്ളാസ് കഴിഞ്ഞ് തുന്നൽ പഠിക്കാൻപോയ സുരേന്ദ്രൻ സിനിമയിലെ വസ്ത്രാലങ്കാരത്തിന്റെ രാജാവായി; പ്രണയം പകർന്നാടുന്ന ആളൊരുക്കത്തിലെ പപ്പുവാശാനെ ഭദ്രമാക്കിയതോടെ മികവിന്റെ നെറുകയിലും എളിമയോടെ ഇന്ദ്രൻസ്; താര രാജാക്കന്മാരുടെ കുത്തക പൊളിച്ച് സലീംകുമാറിനും സുരാജിനും വിനായകനും പിന്നാലെ ഏറെ വൈകി ഇന്ദ്രൻസ് അഭിനയപ്രതിഭാ കിരീടം ചൂടുമ്പോൾ
തിരുവനന്തപുരം: ആളൊരുക്കമെന്ന ചിത്രത്തിലൂടെ പപ്പുവാശാൻ എന്ന ഓട്ടൻതുള്ളൽ കഥാപാത്രത്തെ ഭദ്രമായി അവതരിപ്പിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്ദ്രൻസിനെ തേടി മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം തേടിയെത്തുമ്പോൾ ഏറെ വൈകി ആ കലാകാരന് ലഭിക്കുന്ന അർഹിക്കുന്ന അംഗീകാരമായി അത് മാറുന്നു. താര രാജാക്കന്മാർ മാറിമാറി മികച്ച നടന്റെ പുരസ്‌കാരം പങ്കിട്ട കാലത്തിൽ നിന്ന് മാറി മലയാള സിനിമയിലെ സഹതാരങ്ങളും കോമഡി കഥാപാത്രങ്ങളായി ഒതുക്കിയവരും അഭിനയ പ്രതിഭയ്ക്കുള്ള അംഗീകാരം നേടുന്നതിന്റെ തുടർച്ചയായാണ് ഇന്ദ്രൻസിന് ഇത്തരമൊരു പുരസ്‌കാരം ലഭിക്കുന്നത്. വസ്ത്രാലങ്കാര രംഗത്ത് മികവുകാട്ടി സിനിമാലോകത്ത് എത്തിയ ഇന്ദ്രൻസ് പിന്നീട് നിരവധി ചിത്രങ്ങളിൽ കോമഡി കഥാപാത്രം ചെയ്‌തെങ്കിലും ക്യാരക്ടർ വേഷങ്ങളിൽ പരിഗണിക്കപ്പെട്ടത് അപൂർവമായി മാത്രം. ഇത്തരത്തിൽ കോമഡി വേഷങ്ങളിൽ തിളങ്ങിയ സലീംകുമാർ ആദാമിന്റെ മകൻ അബുവിലൂടെ ദേശീയ അവാർഡ് നേടിയതും സമാന രീതിയിൽ സുരാജ് വെഞ്ഞാറമ്മൂട് പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരത
തിരുവനന്തപുരം: ആളൊരുക്കമെന്ന ചിത്രത്തിലൂടെ പപ്പുവാശാൻ എന്ന ഓട്ടൻതുള്ളൽ കഥാപാത്രത്തെ ഭദ്രമായി അവതരിപ്പിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട ഇന്ദ്രൻസിനെ തേടി മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരം തേടിയെത്തുമ്പോൾ ഏറെ വൈകി ആ കലാകാരന് ലഭിക്കുന്ന അർഹിക്കുന്ന അംഗീകാരമായി അത് മാറുന്നു. താര രാജാക്കന്മാർ മാറിമാറി മികച്ച നടന്റെ പുരസ്‌കാരം പങ്കിട്ട കാലത്തിൽ നിന്ന് മാറി മലയാള സിനിമയിലെ സഹതാരങ്ങളും കോമഡി കഥാപാത്രങ്ങളായി ഒതുക്കിയവരും അഭിനയ പ്രതിഭയ്ക്കുള്ള അംഗീകാരം നേടുന്നതിന്റെ തുടർച്ചയായാണ് ഇന്ദ്രൻസിന് ഇത്തരമൊരു പുരസ്‌കാരം ലഭിക്കുന്നത്.
വസ്ത്രാലങ്കാര രംഗത്ത് മികവുകാട്ടി സിനിമാലോകത്ത് എത്തിയ ഇന്ദ്രൻസ് പിന്നീട് നിരവധി ചിത്രങ്ങളിൽ കോമഡി കഥാപാത്രം ചെയ്‌തെങ്കിലും ക്യാരക്ടർ വേഷങ്ങളിൽ പരിഗണിക്കപ്പെട്ടത് അപൂർവമായി മാത്രം. ഇത്തരത്തിൽ കോമഡി വേഷങ്ങളിൽ തിളങ്ങിയ സലീംകുമാർ ആദാമിന്റെ മകൻ അബുവിലൂടെ ദേശീയ അവാർഡ് നേടിയതും സമാന രീതിയിൽ സുരാജ് വെഞ്ഞാറമ്മൂട് പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരത്തിന്റെ അംഗീകാരം നേടിയതുമെല്ലാം അടുത്തകാലത്തായി വലിയ ചർച്ചയായിരുന്നു. ഇന്ദ്രൻസ് എന്ന കലാകാരനിൽ നല്ലൊരു നടനുണ്ടെന്ന കാര്യം പലപ്പോഴും ചർച്ചയായെങ്കിലും ഇതുവരെ അത്തരമൊരു വേഷം ഇന്ദ്രൻസിനെ തേടി എത്തിയിരുന്നില്ല. എന്നാൽ ഒടുവിൽ പപ്പുവാശാൻ എന്ന ഓട്ടൻതുള്ളൽ കലാകാരനെ വെള്ളിത്തിരയിൽ പകർന്നാടി ആ നടൻ ഒടുവിൽ സംസ്ഥാനത്തെ മികച്ച നടന്റെ പുരസകാരം നേടുന്നു. കഴിഞ്ഞ വർഷം വിനായകൻ മികച്ച നടന്റെ പുരസ്‌കാരം സ്വന്തമാക്കിയതിന് സമാനമായ രീതിയിലാണ് ഇന്ദ്രൻസിനെ തേടി ഇക്കുറി പുര്‌സ്‌കാരം എത്തുന്നത്.
കല്യാണസൗഗന്ധികം കളിച്ച് ചമയങ്ങൾ മാറ്റുമ്പോഴേക്കും മിഴികളിൽ ആയിരംവട്ടമെങ്കിലും ജ്വലിച്ചുമറയുന്ന പ്രണയം. കാലമെത്ര കടന്നാലും ആ പ്രണയത്തിന്റെ ചായക്കൂട്ടുകൾക്കു നിറം മങ്ങുകയില്ലെന്ന ആശയവുമായി ഇറങ്ങിയ പ്രണയ കഥയാണ് ആളൊരുക്കം. കാലം കടക്കുന്തോറും മാധുര്യമേറുന്ന പ്രണയത്തിന്റെ കുസൃതിയെ കുറിച്ചാണ് പപ്പുവാശാൻ ഈ ചിത്രത്തിൽ സംസാരിക്കുന്നത്. ആ പറച്ചിലിനു ഒരു പ്രത്യേക ഭംഗിയാണ്. ഇന്ദ്രൻസിന്റെ തീർത്തും വേറിട്ട കഥാപാത്രമായി ആളൊരുക്കം മാറിയതും അങ്ങനെ തന്നെ. ഈ ചിത്രത്തിന്റെ ഒരുക്കത്തിനായി കലാമണ്ഡലത്തിൽ നിന്നുള്ള കലാകാരന്മാരാണ് ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിച്ചത്. മാധ്യമ പ്രവർത്തകനായ വി സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് നിർമ്മിക്കുന്നത്. ഇവരുടെ വലിയ സഹകരണമില്ലായിരുന്നെങ്കിൽ ഇത്തരമൊരു മികച്ച പ്രകടനം സാധ്യമാവില്ലെന്നായിരുന്നു ഇന്ദ്രൻസ് പ്രതികരിച്ചത്.
പത്മരാജന്റെ മേക്കപ്പ്മാന്റെ അസിസ്റ്റന്റ് ആയി സിനിമാലോകത്ത്
പത്മരാജന്റെ മേക്കപ്പ്മാൻ മോഹൻദാസിന്റെ അസിസ്റ്റന്റായിട്ടാണ് ഇന്ദ്രൻസ് സിനിമയിലേക്കെത്തിയത്. 'ചൂതാട്ടം' ആയിരുന്നു ആദ്യചിത്രം. ഇന്ദ്രൻസിന്റെ അഭിനയം കണ്ട് ഇഷ്ടമായ നിർമ്മാതാവ് ചൂതാട്ടം എന്ന ചിത്രത്തിൽ ഒരു വേഷം കൊടുത്തു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ ഇതിന്റെ കോസ്റ്റ്യൂമറുമായി ഇന്ദ്രൻസ് അടുത്തു. തുടർന്ന് കോസ്റ്റ്യൂമറായി ധാരാളം ചിത്രങ്ങളിൽ അവസരം ലഭിച്ചു. പത്മരാജന്റെ നമുക്കുപാർക്കാൻ മുന്തിരിത്തോപ്പുകളിലെ കോസ്റ്റ്യൂമറായി. അതോടെ വലിയ സംവിധായകരെ പരിചയപ്പെടാൻ അവസരമുണ്ടായി.
തുടർന്ന് ദൂരദർശന്റെ മലയാളം സീരിയലുകളിൽ അവസരം ലഭിച്ചു. നല്ലൊരു ഹാസ്യതാരം എന്ന പേര് നേടിയതോടെ സിബിമലയിലിന്റെ മാലയോഗത്തിൽ അവസരം ലഭിച്ചു. പിന്നീട് രാജസേനന്റെ ചിത്രങ്ങളിലാണ് ഇന്ദ്രൻസിന് ഏറ്റവും നല്ല അവസരം ലഭിച്ചത്. കിണ്ണംകട്ടകള്ളൻ , സ്വപ്നലോകത്തിലെ ബാലഭാസ്‌കർ , അഞ്ചരകല്യാണം, ഫെവ്സ്റ്റാർ ഹോസ്പിറ്റൽ , മംഗലംവീട്ടിൽ മാനസേശ്വരി ഗുപ്ത, പഞ്ചാബി ഹൗസ്, അത്ഭുതദ്വീപ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഇപ്പോഴും അഭിനയരംഗത്തും വസ്ത്രാലങ്കാരരംഗത്തും സജീവമാണ് ഇന്ദ്രൻസ്. ഇതിനകം250ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞ നടനാണ് ഇന്ദ്രൻസ്. ഇതിനിടെ ആദ്യമായാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇന്ദ്രൻസിനെ തേടിയെത്തുന്നത്. സിപി വിജയകുമാർ സംവിധാനം ചെയ്ത സമ്മേളനം എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ഇന്ദ്രൻസ് വസ്ത്രാലങ്കാരകനായത്.
തിരുവനന്തപുരം കുമാരപുരം പാലവിള കൊച്ചുവേലുവിന്റെയും ഗോമതിയുടെയും മകനായി 1951ലാണ് ഇന്ദ്രൻസ് ജനിച്ചത്. യഥാർത്ഥ പേര് സുരേന്ദ്രൻ എന്നാണ്. കുമാരപുരം ഗവൺമെന്റ് സ്‌കൂളിൽ നാലാം ക്‌ളാസുവരെ മാത്രം പഠിച്ച സുരേന്ദ്രൻ ജീവിത സാഹചര്യങ്ങളെ തുടർന്ന് അമ്മാവന്റെകൂടെ തയ്യൽ പഠിക്കാൻ ചേർന്നത്. ഈ സമയത്ത് സുഭാഷ് സ്പോർട്സ് ആൻഡ് ആർട്‌സ് ക്‌ളബിന്റെ നാടകങ്ങളിൽ അഭിനയിച്ചുതുടങ്ങി. ഇന്ദ്രൻസ് എന്ന പേരിൽ ഒരു തയ്യൽക്കടയും തുടങ്ങി. ഈ പേരാണ് സുരേന്ദ്രൻ സിനിമയിൽ വന്നപ്പോൾ സ്വീകരിച്ചത്. ഭാര്യ: ശാന്തകുമാരി. രണ്ട് മക്കൾ.
ഭരത് മുരളിയുടെ പേരിലുള്ള അഭിനയപ്രതിഭയ്ക്കുള്ള പുരസ്‌കാരം ഇതിനിടെ ഇന്ദ്രൻസിനെ തേടി എത്തിയിരുന്നു കഴിഞ്ഞ വർഷം. ആളൊരുക്കത്തിന്റെ ലൊക്കേഷനിൽ വച്ച് സഹപ്രവർത്തകരുടെ ആഘോഷവും ഇതോടെ നടന്നു. മലയാള സിനിമ ഇനിയും തിരിച്ചറിയാത്ത അതുല്യ പ്രതിഭയാണ് ഇന്ദ്രൻസെന്ന് സംവിധായകൻ വി സി. അഭിലാഷ് അന്ന് പറഞ്ഞത് അന്വർത്ഥമാവുകയാണ് ഇപ്പോൾ മികച്ച നടന്റെ പുര്‌സകാരം ആ കലാകാരനെ തേടിയെത്തുമ്പോൾ. ഇത്തരം അനുമോദന ചടങ്ങുകൾ തന്റെ ജീവിതത്തിൽ അപൂർവമായി സംഭവിക്കുന്ന ഒന്നാണെന്നും ഇനിയും നല്ല വേഷങ്ങൾക്കായി കാത്തിരിക്കുകയാണെന്നും ഇന്ദ്രൻസ് അന്ന് പറഞ്ഞിരുന്നു. ഇപ്പോൾ വൈകിയെങ്കിലും അവാർഡ് ലഭിക്കുമ്പോഴും എളിമയോടെ നിലകൊള്ളുകയാണ് ഇന്ദ്രൻസ് എന്ന വലിയ മനസ്സുള്ള കൊച്ചുമനുഷ്യൻ.