ഹാസ്യ കഥാപാത്രങ്ങളിൽനിന്ന് ക്രമേണ സ്വഭാവ നടനിലേക്കു വേഷപ്പകർച്ച നടത്തിയ നടനാണ് ഇന്ദ്രൻസ്. മുഴുനീള ഓട്ടംതുള്ളൽ കലാകാരനായി ഇന്ദ്രൻസ് വേഷപ്പകർച്ച നടത്തുന്ന ചിത്രമാണ് ആളൊരുക്കം.

20 വർഷം മുൻപ് കാണാതായ മകനെതേടിയാണ് ആ 75 കാരൻ നഗരത്തിൽ എത്തുന്നത്. പിന്നീട് അയാളുടെ ജീവിതത്തിൽ സംഭവിക്കുന്നത് തികച്ചും ആശ്ചര്യജനകമായ കാര്യങ്ങളാണ്. മലയാള സിനിമ ഇതുവരെ സഞ്ചരിച്ചിട്ടില്ലാത്ത വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് 'ആളൊരുക്കം'. എഴുപത്തിയഞ്ച് വയസ്സ് പ്രായമുള്ള പപ്പുപിഷാരടി എന്ന ഓട്ടൻതുള്ളൽ കലാകാരനായ് ഇന്ദ്രൻസ് ആളൊരുക്കത്തിലെ പ്രധാന വേഷമാണ് കൈകാര്യം ചെയ്യുന്നത്.

സിനിമയുടെ പൂർണ്ണതയ്ക്കായി കലാമണ്ഡലത്തിൽ നിന്നുള്ള വിദ്ഗദരായ കലാകാരന്മാരാണ് ചിത്രത്തിന് വേണ്ടി ഇന്ദ്രൻസിനെ ഓട്ടൻതുള്ളൽ അഭ്യസിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഇന്ദ്രൻസിന് വേണ്ടി ഈ ചിത്രത്തിൽ ഗാനമാലപിച്ചിട്ടുണ്ട്.

മാധ്യമ പ്രവർത്തകനായ വി സി. അഭിലാഷ് രചനയും സംവിധാനവും നിർവഹിക്കുന്ന ആളൊരുക്കത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിർമ്മിക്കുന്നത്.