- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച അന്വേഷിക്കാനുള്ള സ്വതന്ത്ര സമിതിയായി; റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്ര സമിതിക്കു നേതൃത്വം നൽകും; എൻഐഎ ഡയറക്ടർ ജനറൽ, പഞ്ചാബ് ഡിജിപി, പഞ്ചാബ് ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവർ സമിതിയിൽ അംഗങ്ങൾ
ന്യൂഡൽഹി: പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ അന്വേഷണത്തിനുള്ള സ്വതന്ത്ര സമിതിയായി. സുപ്രൂംകോടതിയാണ് സ്വതന്ത്ര സമിതിയെ നിയോഗിച്ചത്. സുപ്രീം കോടതിയിൽ നിന്നു വിരമിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്രയാണ് സമിതിക്കു നേതൃത്വം നൽകുക.
ദേശീയ അന്വേഷണ ഏജൻസി ഡയറക്ടർ ജനറൽ, പഞ്ചാബ് ഡിജി, പഞ്ചാബ് ഹരിയാന ഹൈക്കോടതി രജിസ്ട്രാർ ജനറൽ എന്നിവർ സമിതിയിൽ അംഗങ്ങളാണ്. സുരക്ഷാ വീഴ്ചയുടെ കാരണം, ഉത്തരവാദികളാര് എന്നീ കാര്യങ്ങൾ അന്വേഷിക്കുന്ന സമിതി ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദേശങ്ങളും മുന്നോട്ടുവയ്ക്കും.
അതേസമയം സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തിൽ കേന്ദ്രവും സംസ്ഥാനവും സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തേണ്ടതില്ലെന്നു സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ പരസ്പരം കുറ്റപ്പെടുത്തുന്ന നിലപാടാണ് പഞ്ചാബ് സർക്കാരും കേന്ദ്രവും കോടതിയിൽ സ്വീകരിച്ചത്.
പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ വീഴ്ചയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടത്തുന്ന അന്വേഷണം മരവിപ്പിക്കാൻ കേസിന്റെ വാദത്തിനിടെ സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. പഞ്ചാബിൽ പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിനോട് കോടതി നിർദേശിച്ചു. രേഖകൾ കൈമാറിയതായി ഇന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
കേന്ദ്രം സമിതിയെ നിയോഗിച്ചത് ആഭ്യന്തര അന്വേഷണത്തിന്റെ ഭാഗമായി ആണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ