മാഡ്രിഡ്: സ്‌പെയിനിൽ ദരിദ്രരും സമ്പന്നരും തമ്മിലുള്ള അന്തരം വർധിക്കുന്നതായി ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ  ഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റ് റിപ്പോർട്ട്. 2007നു ശേഷം ഇത്തരത്തിൽ അന്തരം ഏറെ വർധിച്ച രാജ്യമാണ് സ്‌പെയിൻ. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗ്രീക്കാണ്  ഒന്നാമതെങ്കിലും സ്‌പെയിൻ ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരത്തിന്റെ കാര്യത്തിൽ  യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ പത്തുമടങ്ങാണ് സ്‌പെയിനിലുള്ളത്. ഇത് ഗ്രീക്കിൽ 14 ശതമാനമാണ്.. 2014-ലെ കണക്കനുസരിച്ച് 29.2 ശതമാനം സ്പാനീഷ് ജനത ദാരിദ്ര്യത്തിന്റെ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നുവെന്നാണ്. 2008 നെ അപേക്ഷിച്ച് 2.3 മില്യൺ ജനതയാണ് ഇത്തരത്തിൽ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്.

കഴിഞ്ഞ വർഷം തന്നെ സ്‌പെയിനിലെ അതിസമ്പന്നരായ 20 പേരുടെ സമ്പത്ത് 15 ശതമാനം കണ്ടാണ് വർധിച്ചിരിക്കുന്നത്. അതേസമയം 99 ശതമാനം ആൾക്കാരുടെ സമ്പത്ത് ഇതേ കണക്കിൽ കുറയുകയാണ് ചെയ്തിരിക്കുന്നത്. ശമ്പളക്കാര്യത്തിലുള്ള അന്തരവും നിലവിലുള്ള ടാക്‌സ് സംവിധാനവുമാണ് ഇത്തരത്തിൽ സമ്പന്നരും ദരിദ്രരും  തമ്മിലുള്ള അന്തരം വർധിപ്പിക്കാൻ ഇടയാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. രാജ്യത്തുള്ള 35 പ്രധാന കമ്പനികളുടെ പ്രസിഡന്റുമാർ കമ്പനിയിലെ ശരാശരി തൊഴിലാളികളെക്കാൾ 158 ഇരട്ടിയാണ് ശമ്പളം കൈപ്പറ്റുന്നതെന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. സ്‌പെയിനിൽ നികുതി വെട്ടിപ്പും വ്യാപകമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.