തിരുവനന്തപുരം: മലയാളം സോഷ്യൽമീഡിയയിൽ ഹരമായ ഇന്റർനാഷണൽ ചളു യൂണിയൻ (ICU) എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പി ഫേസ്‌ബുക്ക് പേജ് തിരികെ കിട്ടി. ദേ.. തോറ്റു തുന്നം പാടി വന്നിരിക്കുന്നു നിന്റെ പേജ് എന്ന കവർഫോട്ടോയോടു കൂടിയാണ് പഴയ പേജ് പുതിയ രൂപത്തിൽ എത്തിയിരിക്കുന്നത്. കാനഡാക്കാരനായ കാർട്ടൂണിസ്റ്റായ ബ്രാഡ് ഗൂസിന്റെ കോപ്പിറൈറ്റുള്ള കലാസൃഷ്ടി അനുവാദമില്ലാതെ ഉപയോഗിച്ചതിന് പേജിനെതിരെ കലാകാരൻ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഫേസ്‌ബുക്ക് പേജ് പിൻവലിക്കുകയായിരുന്നു.

ഒരു ലക്ഷത്തിലേറെ ലൈക്കുകളുള്ള പേജാണ് ഈ മാസം ആദ്യം അപ്രത്യക്ഷമായത്. പേജ് തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലായിരുന്നു ഐ.സി.യു. ''ഇത് ഐസിയുവിന്റെ തന്നെ ഒഫീഷ്യൽ പേജാണ് . ഒറിജിനൽ പേജ് ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം ലഭ്യമല്ല. ചിലർ പ്രചരിപ്പിക്കുന്ന പോലെ ഇതൊരു കണ്ടന്റ് പ്രശനമല്ല . ഒരു സാങ്കേതിക തകരാർ മാത്രം . ആ പേജ് തിരിച്ചു കൊണ്ടുവരുവാൻ ശ്രമിക്കുന്നുണ്ട് . അത് വരുന്ന വരെയും ഐസിയുവിന്റെ മുഖമായി ഈ പേജ് പ്രവർത്തിക്കും'' എന്ന സന്ദേശത്തോടെ പുതിയ പേജ് അവർ തുടങ്ങിയിരുന്നു.

ലോകത്തിലെ ആദ്യത്തെ ചളിയൻ എന്ന വിശേഷണത്തോടെ പേജിൽ പോസ്റ്റ് ചെയ്ത യേശു ക്രിസ്തുവിന്റെ ഫോട്ടോ മോഷ്ടിച്ചതാണെന്ന പരാതിയിൽ ആണ് ഫേസ്‌ബുക്ക് നടപടി സ്വീകരിച്ചത്. കൂടാതെ ഐസിയു പേജിന്റെ ലോഗോയും ബ്രാഡ് ഗോസ് ലേലത്തിനു വച്ചിരുന്നു. 2015 ജനുവരി 15 ന് കൊച്ചിയിൽ വച്ച് ചലച്ചിത്രതാരങ്ങളായ മുകേഷും രമേഷ് പിഷാരടിയും ചേർന്ന് പ്രകാശനം ചെയ്ത ലോഗോ 29 ഡോളറിന് ആണ് കളക്ഷൻ 32 എന്ന വിക്‌സ് സൈറ്റിൽ വില്പനയ്ക്ക് വച്ചിരിക്കുന്നത്.

എന്നാൽ ലോഗോ തങ്ങളുടെതാണെന്ന് തെളിയിക്കുന്ന തെളിവുകളുമായി ഐസിയു അഡ്‌മിൻ റോഷൻ തോമസ് ഫേസ്‌ബുക്ക് അധികൃതരെ സമീപിച്ചു. ഒടുവിലാണ് പേജ് തിരികെ കിട്ടിയത്.