മ്മുടെ ഭൂമിക്ക് സമാനമായ മറ്റൊരു ഗ്രഹം ഈ പ്രപഞ്ചത്തിലുണ്ടാകില്ലേ? മനുഷ്യരെപ്പോലുള്ള ജീവികളും ഭൂമിയെപ്പോലെ മനോഹരമായ ലോകവും ഇല്ലെന്ന് എങ്ങനെ ഉറപ്പിച്ചുപറയാൻ കഴിയും? ജീവന്റെ കണം മറ്റേതെങ്കിലും ഗ്രഹത്തിൽ പിറവിയെടുത്തിട്ടുണ്ടാകാമെന്നും അവിടെ പരിണാമത്തിന്റെ ഫലമായി ജീവിവർഗം വികാസം പ്രാപിച്ചിട്ടുണ്ടാകുമെന്നും ജീവശാസ്ത്രജ്ഞൻ പ്രൊഫസ്സർ സൈമൺ കോൺവേ മോറിസ് പറയുന്നു.

അന്യഗ്രഹ ജീവികളെ ഒന്നുകിൽ വൃത്തികെട്ട ജീവികളായോ അല്ലെങ്കിൽ ഭീമാകാരന്മാരായോ ആണ് കഥകളിലും മറ്റും ചിത്രീകരിച്ചുവരുന്നത്. എന്നാൽ, മനുഷ്യർക്ക് സമാനമായ ആകാരവും ബുദ്ധിവളർച്ചയുമുള്ള ജീവിവർഗം അന്യഗ്രഹത്തിലുണ്ടാകാമെന്നാണ് കോംബ്രിഡ്ജ് സർവകലാശാലയിലെ പാലിയന്തോളജിസ്റ്റായ മോറിസിന്റെ അഭിപ്രായം.

ജീവന്റെ കണം മറ്റേതെങ്കിലും ഗ്രഹത്തിൽ ആവിർഭവിച്ചിട്ടുണ്ടെങ്കിൽ, ഭൂമിയിലുണ്ടായതിന് സമാനമായ പരിണാമ ചക്രത്തിലൂടെ തന്നെ അത് കടന്നുപോയിട്ടുണ്ടാകാമെന്നും മനുഷ്യരുൾപ്പെടെയുള്ള ജീവിവർഗം അവിടെ പിറവിയെടുത്തിട്ടുണ്ടാകാമെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ജീവിവർഗങ്ങൾ എവിടെയായാലും ഒരേ വർഗത്തിൽപ്പെട്ടവ ഒരേ രീതിയിൽത്തന്നെ പ്രകൃതിയോട് പ്രതികരിക്കുമെന്നും പരിണമിക്കുമെന്നുമാണ് ഇതിന് അടിസ്ഥാനമായ സിദ്ധാന്തം.

മോറിസിന്റെ നിഗമനം ശരിയാണെങ്കിൽ, പ്രപഞ്ചത്തിലെ ഏതോ അറിയാ ഗ്രഹം ഭൂമിയെപ്പോലെ സജീവമായി നിൽക്കുന്നുണ്ടാവും. അവിടെ, വാലും നീണ്ട തലയുമൊന്നുമില്ലാത്ത,സാധാരണ മനുഷ്യരെപ്പോലുള്ള ജീവികൾ ഉണ്ടാകും. ഒരുപക്ഷേ, ഇതിലും ആധുനികമായ മറ്റൊരു ലോകമായിരിക്കും അവിടെയുണ്ടായിരിക്കുക.

അന്യഗ്രഹ ജീവികളുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നവർ ശാസ്ത്രലോകത്ത് ഏറെയുണ്ട്. ഭൂമിക്കപ്പുറത്ത് ജീവനുണ്ടെന്ന് അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ തലവൻ ചാള്സ് ഫ്രാങ്ക് ബോൾഡൻ ജൂനിയറും അഭിപ്രായപ്പെട്ടിരുന്നു. ജീവന്റെ മറ്റു രൂപങ്ങളോ സമാനമായ ജീവികളെയോ ഒരിക്കൽ കണ്ടെത്താനാകുമെന്നുതന്നെ അദ്ദേഹം പറയുന്നു.

ജീവികളുള്ള മറ്റൊരു ലോകം സൗരയൂഥത്തിലോ ആകാശ ഗംഗയിലോ ആകണമെന്നില്ലെന്നും അദ്ദേഹം പറയുന്നു. കോടിക്കണക്കിന് ഗ്രഹങ്ങൾ ലോകത്തുണ്ട്. അതിൽ പലതിലും ഭൂമിയിലേതിന് സമാനമായ പരിസ്ഥിതിയുമുണ്ട്. അവയിലേതെങ്കിലുമൊന്നിൽ അന്യഗ്രഹ ജീവികളുണ്ടാകുമെന്നും ഒരിക്കൽ ശാസ്ത്രം അവയെ കണ്ടെത്തുമെന്നും അദ്ദേഹം പറയുന്നു.