കൊച്ചി: റബർനയം പാർലമെന്റിൽ പരസ്യമായി ഉപേക്ഷിച്ചവരിപ്പോൾ റബർനയ കർമ്മ സമിതി രൂപീകരിച്ച് റബറിനെ രക്ഷിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്നത് വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള രാഷ്ട്രീയനാടകമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

റബർനയം പ്രഖ്യാപിച്ചാൽ കർഷകർ രക്ഷപെടുമെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. വാണിജ്യമന്ത്രാലയത്തിന്റെ റബർനയം റബർവ്യവസായത്തെ സംരക്ഷിക്കുവാൻ വേണ്ടിയുള്ളതാണ്. കുറഞ്ഞ ചെലവിൽ അസംസ്‌കൃതറബർ വ്യവസായികൾക്ക് എത്തിച്ചുകൊടുക്കുന്ന നയം എങ്ങനെ കർഷകർക്ക് ഉപകരിക്കും? തായ്ലാൻഡ് പോലുള്ള ആസിയാൻ രാജ്യങ്ങൾ കൃഷിവകുപ്പുകളുടെ കീഴിൽ രൂപീകരിച്ചിരിക്കുന്ന റബർ ഫാർമേഴ്സ് പോളിസിയാണ് റബർകർഷകരുടെ സംരക്ഷണത്തിനായി നടപ്പിലാക്കുന്നത്. ആഗോള വിപണിയിൽ തകർച്ചനേരിടുമ്പോഴും ആഭ്യന്തരവിപണി ഇടിയുമ്പോഴും റബർകർഷകർക്ക് സംരക്ഷണവും അടിസ്ഥാനവിലയും നേരിട്ടുറപ്പാക്കി നടപ്പിലാക്കുന്ന റബർകർഷകനയമാണ് ഇന്ത്യയിലും വേണ്ടത്. ഇതിനായി റബർ ആക്ടിലെ പതിമൂന്നാംവകുപ്പ് പ്രായോഗികമാക്കു വാനുള്ള ആർജ്ജവം കേന്ദ്രസർക്കാർ കാണിക്കണം.

കഴിഞ്ഞ ഏഴുവർഷക്കാലത്തിലേറെയായി അതിരൂക്ഷമായി തുടരുന്ന റബർപ്രതിസന്ധി പരിഹരിക്കുവാൻ ആത്മാർത്ഥമായ സമീപനം യുപിഎ സർക്കാരോ മോദി സർക്കാരോ ഇക്കാലമത്രയും സ്വീകരിച്ചിട്ടില്ല. 2014 ജൂൺ 16ന് റബർനയം രൂപീകരിക്കാൻ വാണിജ്യമന്ത്രാലയം സെക്രട്ടറി ചെയർമാനായി സമിതി രൂപീകരിച്ചത് ഈ സർക്കാരാണ്. മൂന്നുവർഷക്കാലത്തെ വിവിധ തലങ്ങളിലുള്ള നിരന്തരചർച്ചകൾക്കും ഒട്ടനവധി റിപ്പോർട്ടുകൾക്കുംശേഷം 2017 ജൂലൈ 17ന് റബറിന് നയമില്ലെന്ന് പാർലമെന്റിൽ പ്രഖ്യാപിച്ചിട്ട്് വരാൻ പോകുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി റബർനയകർമ്മസമിതി രൂപീകരിച്ച് ചർച്ചകളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്റെ രാഷ്ട്രീയതന്ത്രം കർഷകർക്ക് വ്യക്തമായും മനസിലാകും. 2015 ഡിസംബർ 24ന് സമർപ്പിച്ച പാർലമെന്ററി സമിതിയുടെ റബർനയറിപ്പോർട്ടും കേന്ദ്രസർക്കാരിന്റെ പക്കലുണ്ട്.

2017 നവംബർ 11നും 2018 ഫെബ്രുവരി 11നും കേന്ദ്രസർക്കാർ കോട്ടയത്തു വിളിച്ചുചേർത്ത റബർസമ്മേളനത്തിലെ നിർദ്ദേശങ്ങളും പ്രഖ്യാപനങ്ങളും പ്രഹസനമായിയെന്ന് കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർ രേഖാമൂലം നൽകിയ മറുപടികളിൽ നിന്ന് വ്യക്തമാണ്. മെയ്ക്ക് ഇൻ ഇന്ത്യയിൽപെട്ട റബർവ്യവസായത്തെ സംരക്ഷിക്കുവാൻ റബറിന് അടിസ്ഥാന ഇറക്കുമതിവില പ്രഖ്യാപിക്കുവാൻ സാധിക്കില്ലെന്നും കാർഷികോല്പന്നമല്ലാത്തതുകൊണ്ട് തറവിലനിശ്ചയിക്കാനാവില്ലെന്നും മറുപടിയിൽ പറയുന്നു. റബർചണ്ടിയുടെ ഗുണമേന്മ നിശ്ചയിക്കാത്തതുകൊണ്ട് ഇറക്കുമതിയില്ലെന്ന് വകുപ്പുമന്ത്രി പറയുമ്പോൾ പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് മാർച്ച് 23ന് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്റേർഡ് മീറ്റിങ് വിളിച്ചത് ഇൻഫാം ഉൾപ്പെടെയുള്ള കർഷകസംഘടനകളുടെ എതിർപ്പിനെത്തുടർന്ന് തൽക്കാലം മാറ്റിവച്ചിരിക്കുന്നു. റബറിനെ കൃഷിവകുപ്പിന്റെ കീഴിലാക്കാനാവില്ലെന്ന് മാർച്ച് 13ന് കൃഷിവകുപ്പ് മന്ത്രി ലോകസഭയിലും പ്രഖ്യാപിച്ചു. ഇത്തരം സാഹചര്യത്തിൽ റബർനയകർമ്മസമിതി കർഷകരെ വിഢികളാക്കുന്ന കർമ്മരഹിത സമിതിയായി മാറുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.