തൊടുപുഴ: ആയിരംരൂപ പ്രതിമാസപെൻഷൻ വാങ്ങുന്ന കർഷകരോട് ആനുകൂല്യങ്ങൾ കൃത്യമായി നൽകാൻ പണമില്ലെന്നു പറയുന്ന മന്ത്രിക്ക് പ്രതിമാസം തൊണ്ണൂറായിരം രൂപ നൽകുന്ന നിർബന്ധിതസാഹചര്യമാണ് നമ്മുടെ സംസ്ഥാനത്തുള്ളതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ.

ഇൻഫാം കർഷക വിളംബരകൂട്ടായ്മയുടെ സംസ്ഥാനതല ഉദ്ഘാടനം തൊടുപുഴയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷക കുടുംബത്തിന് ചെലവിനായി ഒരു മാസം നൽകുന്ന ആയിരംരൂപ പോലും കഴിഞ്ഞ ആറുമാസത്തിലേറെയായി മുടങ്ങിയിരിക്കു മ്പോഴാണ് മന്ത്രികുടുംബത്തിന് ലക്ഷങ്ങൾ പ്രതിമാസം ചെലവിടുന്ന സർക്കാർ ധൂർത്തെന്നും അദ്ദേഹം ആരോപിച്ചു.

കർഷകരോടും സാധാരണക്കാരോടും മുണ്ടുമുറുക്കിയുടുക്കാൻ പറഞ്ഞിട്ട് അവരുടെ ഭൂനികുതി ഇരട്ടിയാക്കി വർദ്ധിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. റബർബോർഡുതന്നെ പ്രഖ്യാപിച്ച ഉല്പാദനച്ചെലവായ 172 രൂപ പോലും റബറിന് അടിസ്ഥാനവിലയായി പ്രഖ്യാപിക്കാൻ കഴിയാത്ത കർഷക രക്ഷകരാണ് നമ്മെ ഭരിക്കുന്നത്. റബർമേഖലയ്ക്കായി ഒരു കാർഷികനയംപോലും രൂപപ്പെടുത്താൻ ഭരണനേതൃത്വങ്ങൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇൻഫാം സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട് യോഗത്തിൽ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പിള്ളിൽ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്, ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എസ് മൈക്കിൾ, എറണാകുളം ജില്ലാപ്രസിഡന്റ് ജോയി പള്ളിവാതുക്കൽ, ഫാ.ജോർജ് പൊട്ടയ്ക്കൽ, ഫാ.ജിയോ തടിക്കാട്ട്, മേഖലാപ്രസിഡന്റുമാരായ എം ടി.ഫ്രാൻസീസ്, റോയി വള്ളമറ്റം എന്നിവർ പ്രസംഗിച്ചു.