കൊച്ചി: അഴിമതിയും കൈക്കൂലിയും കെടുകാര്യസ്ഥതയും മൂലം സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ജനങ്ങളിൽ നിന്ന് അകന്നിരിക്കുന്നുവെന്നും ഭരണസംവിധാനത്തിൽ അടിമുടി പൊളിച്ചെഴുത്ത് അടിയന്തരമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി. സെബാസ്റ്റ്യൻ.

എല്ലാം ശരിയാക്കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയവരുടെ ഭരണരംഗത്തെ വൈകല്യം ജനങ്ങൾ നേരിട്ടനുഭവിക്കുകയാണിപ്പോൾ. എന്തിനും കേന്ദ്രസർക്കാരിനേയും മുൻസർക്കാരുകളെയും പഴിപറഞ്ഞ് ഒഴിഞ്ഞുമാറുവാൻ സംസ്ഥാന സർക്കാരിനാവില്ല. പൊതുസമൂഹം സ്ഥിരമായി ബന്ധപ്പെടുന്ന റവന്യൂ ഓഫീസുകൾ നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നു. പബ്ലിക് സെർവന്റാകേണ്ടവർ പബ്ലിക് മാസ്റ്റർമാരായി മാറി നീതിനിഷേധം തുടരുന്നത് ജനാധിപത്യഭരണത്തിന്റെ പരാജയമാണ് ചൂണ്ടിക്കാണിക്കുന്നത്.

ഭൂമാഫിയകളെ സംരക്ഷിക്കുവാൻ വനം-റവന്യൂ വകുപ്പുകൾ മത്സരിക്കുമ്പോൾ മണ്ണിൽ പണിയെടുക്കുന്ന കർഷകന്റെ പതിറ്റാണ്ടുകളായി രേഖകൾ സഹിതം കൈവശമിരിക്കുന്ന കിടപ്പാടം ജണ്ടയിട്ട് തിരിക്കുന്ന ഉദ്യോഗസ്ഥ ധാർഷ്ഠ്യം അതിരുകടക്കുന്നു. പട്ടയഉപാധികൾ പൊളിച്ചെഴുതിയിട്ടും നടപടിക്രമങ്ങളില്ലാതെ തുടരുകയാണ്. റവന്യൂ-വനം വകുപ്പുകളുമായി ബന്ധപ്പെടുന്ന കോടതിവ്യവഹാരങ്ങളിൽ സർക്കാർ നിരന്തരം പരാജയപ്പെടുന്നത് അന്വേഷണവിധേയമാക്കണം. കാലങ്ങളായി സർക്കാർഭൂമി വ്യക്തമായ രേഖകളില്ലാതെ കൈവശംവെച്ചിരിക്കുന്ന ഭൂകോർപ്പറേറ്റു മാഫിയകളുടെ മുമ്പിൽ ഭരണംനടത്തുന്ന തൊഴിലാളിവർഗ്ഗ കമ്യൂണിസ്റ്റ് ഇടതുപക്ഷപ്രസ്ഥാനങ്ങൾ ഓച്ഛാനിച്ചുനിൽക്കുന്നത് അപഹാസ്യവും ദുഃഖകരവുമാണ്.

സാമൂഹ്യസുരക്ഷാപെൻഷൻ, കർഷകപെൻഷൻ എന്നിവയുടെ വിതരണവും സ്തംഭിച്ചിരിക്കുന്നു. കാർഷിക മേഖലയെ സംരക്ഷിക്കുവാൻ പ്രഖ്യാപനങ്ങൾ തുടരുന്നതല്ലാതെ പ്രായോഗിക നടപടികളൊന്നുമില്ല. കർഷകരെ സംരക്ഷിക്കുവാനോ 2015 ലെ കാർഷികവികസന നയം നടപ്പിലാക്കാനോ വിലത്തകർച്ചയെ അതിജീവിക്കാൻ പദ്ധതികൾ നടപ്പിലാക്കാനോ സാധിക്കാത്ത കൃഷിവകുപ്പ് പരാജയപ്പെട്ടു.

കാർഷികമേഖലയിലെ പ്രതിസന്ധിമൂലം കേരളത്തിൽ കർഷകർ ആത്മഹത്യ ചെയ്തിട്ടില്ലെന്ന് പ്രഖ്യാപിച്ച കൃഷിമന്ത്രി രാജിവച്ചൊഴിയണം. കേരളത്തിലെ ഏറ്റവും പരാജയപ്പെട്ട വകുപ്പ് കൃഷിവകുപ്പാണെന്നതിന്റെ തെളിവാണ് കർഷകർ കൃഷിയുപേക്ഷിച്ച് മറ്റുജീവിതമാർഗ്ഗങ്ങൾ തേടുന്നത്. സമയബന്ധിതമായി നെല്ലുസംഭരിക്കാനോ സംഭരിച്ച നെല്ലിന്റെ പണം കർഷകർക്ക് കൃത്യമായി നൽകുവാനോ സാധിക്കാതെ മില്ലുടമകൾക്കുവേണ്ടി പാദസേവ ചെയ്യുന്നവരായി ഭക്ഷ്യവകുപ്പ് മാറിയിരിക്കുന്നതും കർഷകരോടുള്ള വെല്ലുവിളിയാണന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.