കോട്ടയം: ഏപ്രിൽ 27ന് കാഞ്ഞിരപ്പള്ളിയിൽ നടക്കുന്ന ഇൻഫാം കർഷകറാലിയും, ദേശീയ നേതൃസമ്മേളനവും, കർഷക അവകാശപ്രഖ്യാപനവും കേരളത്തിൽ വരാൻപോകുന്ന കർഷകമുന്നേറ്റത്തിന് തുടക്കമാകുമെന്ന് ഇൻഫാം ദേശീയസമിതി.

ഇൻഫാം ദേശീയ സമ്മേളനത്തിന്റെ മുന്നൊരുക്കമായി കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ ചേർന്ന ഇൻഫാം ദേശീയസമിതി സംഘടനാപ്രവർത്തനപരിപാടികൾ വിലയിരുത്തുകയും വരുംനാളുകളിലെ കർമ്മപദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു.

കാർഷികമേഖലയിലെ അതിരൂക്ഷമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും കർഷകർക്ക് സഹായമേകുന്നതിലും സർക്കാരുകൾ പരാജയപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ പാർട്ടികൾ, അധികാരത്തിലേറുവാനുള്ള ഉപകരണങ്ങളായും തങ്ങളുടെ നിലനിൽപിനായും കർഷകരെ വീതംവെച്ചെടുത്തിരിക്കുന്ന യാഥാർത്ഥ്യം തകർച്ചയുടെ ഈ നാളുകളിലെങ്കിലും കർഷകർ തിരിച്ചറിയണം. മാറിമാറി ഭരിച്ച കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകവഞ്ചനയും ഇന്നും തുടരുന്ന കർഷകവിരുദ്ധനിലപാടുകളുമാണ് കാർഷികമേഖലയെ തകർത്തിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികളുടെ അടിമത്വത്തിൽനിന്ന് കർഷകർ മോചിതരാകണം. വിഘടിച്ചു നിൽക്കാതെ സംഘടിച്ചുമുന്നേറി വിലപേശി സംസാരിക്കുവാൻ കർഷകന് ശക്തി പകരുവാൻ കർഷകറാലി ഒരു തുടക്കമാകുമെന്ന് ഇൻഫാം ദേശീയസമിതി സൂചിപ്പിച്ചു.

കേരളം, തമിഴ്‌നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ദേശീയനേതൃസമ്മേളനത്തിൽ പങ്കെടുക്കും. കർഷക അവകാശപ്രഖ്യാപനരേഖയ്ക്കും ദേശീയസമിതി അന്തിമരൂപം നൽകി. കേരള കർഷകസമൂഹത്തിന്റെ ഉയർത്തെഴുന്നേൽപ്പായി കർഷറാലിയും കർഷകനേതൃസമ്മേളനവും മാറും. ഇൻഫാം കാഞ്ഞിരപ്പള്ളി രൂപതാ സമിതിയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. കർഷകറാലിയും ദേശീയകർഷക നേതൃസമ്മേളനവും വൻവിജയമാക്കുവാൻ മുന്നോട്ടുവരണമെന്ന് കേരള കർഷകസമൂഹത്തോട് ഇൻഫാം ദേശീയസമിതി അഭ്യർത്ഥിച്ചു.

ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കലിന്റെ അധ്യക്ഷതയിൽ ദേശീയ രക്ഷാധികാരി മാർ മാത്യു അറയ്ക്കൽ ദേശീയസമിതി ഉദ്ഘാടനം ചെയ്തു. ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ. വി സി.സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി. ഇൻഫാം ദേശീയ ഭാരവാഹികളായ ഫാ.ആന്റണി കൊഴുവനാൽ, ഫാ.ജോസ് മോനിപ്പള്ളി, ഫാ.തോമസ് മറ്റമുണ്ടയിൽ, പി.സി.സിറിയക്, ജോസ് എടപ്പാട്ട്, ജോസഫ് മഞ്ചേരി, ജോയി തെങ്ങുംകുടി, ഫാ.ജോസഫ് കാവനാടി, ഡോ.എം.സി.ജോർജ്, കെ.എസ്.മാത്യു മാമ്പറമ്പിൽ, അഡ്വ.പി.എസ്.മൈക്കിൾ, ബേബി പന്തപ്പള്ളി, സ്‌കറിയ നെല്ലംകുഴി, ബേബി പെരുമാലിൽ, ജോയി നിലമ്പൂർ, ഫ്രാൻസീസ് മിറ്റത്താനിക്കൽ കോഴിക്കോട് എന്നിവർ സംസാരിച്ചു.

ദേശീയസമിതിക്കു തുടക്കമായി നടന്ന ഇൻഫാം കാഞ്ഞിരപ്പള്ളി മേഖലാ പ്രവർത്തക കൺവൻഷൻ മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഇൻഫാം കാഞ്ഞിരപ്പള്ളി രൂപതാ ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ, ജനറൽ സെക്രട്ടറി ഫാ.ആന്റണി കൊഴുവനാൽ, ദേശീയ പ്രസിഡന്റ് പി.സി.സിറിയക്, ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ, ദേശീയ കൺവീനർ ജോസ് എടപ്പാട്ട്, ഫാ.സെബാസ്റ്റ്യൻ പെരുനിലം, വർഗീസ് കുളമ്പള്ളിൽ എന്നിവർ സംസാരിച്ചു