കൊച്ചി: രാജ്യത്തു വരാൻപോകുന്ന പൊതുതെരഞ്ഞെടുപ്പുകളിൽ ആരു ജയിക്കണമെന്ന് കർഷകർ തീരുമാനിക്കുമെന്നും രാഷ്ട്രീയ പാർട്ടികളുടെ അടിമത്വത്തിൽനിന്നു മോചിതരായി ശക്തിസംഭരിച്ച് സംഘടിക്കുവാൻ കർഷകർ മുന്നോട്ടുവരണമെന്ന് ഇൻഫാം. ഇൻഫാം ദേശീയ നേതൃസമ്മേളനത്തിൽ ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പ്രഖ്യാപിച്ച കർഷക അവകാശരേഖയിലാണ് ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചിരിക്കുന്നത്.

കർഷകർക്കുവേണ്ടി ശബ്ദിക്കുവാനും വാദിക്കുവാനും പ്രവർത്തിക്കുവാനുമായി ഉത്തരവാദിത്വമുള്ള രാഷ്ട്രീയനേതൃത്വങ്ങളും, ജനപ്രതിനിധികളും ഭരണത്തിലെത്തുമ്പോൾ കർഷകരെ മറക്കുന്നു. അസംഘടിത കർഷകരെ വിലപറഞ്ഞ് വിറ്റ് രാഷ്ട്രീയപാർട്ടികൾ നേട്ടങ്ങളുണ്ടാക്കുന്നു. ജീവിതം കണ്ണീർക്കയത്തിലേയ്ക്ക് തള്ളിയിടുന്നവരുടെ മുമ്പിൽ ഇനിയും അടിമകളേപ്പോലെ നിന്നുകൊടുക്കണമോയെന്ന് കർഷകർ ഉറക്കെ ചിന്തിക്കണമെന്ന് കർഷക അവകാശരേഖ പറയുന്നു. കർഷകരെന്ന ശക്തമായ വോട്ടുബാങ്കിനെ ഇനിയും രാഷ്ട്രീയകാപഠ്യങ്ങളുടെ ചൂഷണത്തിന് വിട്ടുകൊടുക്കാനാവില്ല. മറിച്ച്, കർഷകർക്ക് രാഷ്ട്രീയ നിലപാടുണ്ടാകണം. പിറന്നുവീണ മണ്ണിൽ അന്തസോടെ പണിയെടുത്തു ജീവിക്കാൻ സാധിക്കണം. അതിന് വെല്ലുവിളികളുയർത്തുന്നവർക്കെതിരെ സംഘടിതരായി പ്രതികരിക്കുവാൻ കർഷകസമൂഹം മുന്നോട്ടുവരണമെന്നും ഇൻഫാം ആഹ്വാനം ചെയ്യുന്നു.

തട്ടിപ്പുകാർക്കും കള്ളന്മാർക്കും കൊള്ളക്കാർക്കും കൊലപാതകികൾക്കും ജയിലറകളിൽ പോലും നാലുനേരം സുഭിക്ഷ ഭക്ഷണവും ക്ഷേമപദ്ധതികളും പ്രഖ്യാപിച്ച് നടപ്പിലാക്കുന്ന ഭരണനേതൃത്വങ്ങൾ രാജ്യനിയമങ്ങൾ പാലിച്ച്, മണ്ണിൽ പണിയെടുക്കുന്ന മണ്ണിന്റെ മക്കളോട് മുണ്ട്മുറുക്കിയുടുക്കണമെന്ന് പറഞ്ഞ് പട്ടിണിക്കിട്ട് ആത്മഹത്യയിലേയ്ക്ക് തള്ളിവിടുന്നത് ഇനിയും കൈയുംകെട്ടി നോക്കിയിരിക്കുവാനാവില്ല.

സ്വന്തം മണ്ണിലെ ജനകോടികളെ വിദേശ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുത്തിട്ട് ഒരു രാജ്യവും രക്ഷപെട്ട ചരിത്രമില്ല. ഭാരതമണ്ണിൽ ജനാധിപത്യഭരണത്തിനു വെല്ലുവിളികൾ ഉയരുന്നു. ബ്യൂറോക്രസിക്കു മുമ്പിൽ മുട്ടുമടക്കുന്ന ജനപ്രതിനിധികൾ ജനാധിപത്യത്തിന് അപമാനമാകുന്നു. പണാധിപത്യവും അഴിമതിയും കെടുകാര്യസ്ഥതയും ഭരണരംഗം അട്ടിമറിക്കുന്നു. ഇതിന്റെയെല്ലാം പാപഭാരം ഏറ്റുവാങ്ങുന്നത് അസംഘടിത കർഷകരാണ്. ഇന്ത്യയിലെ വിവിധ കർഷകമുന്നേറ്റങ്ങൾ അനുഭവപാഠമാക്കി കർഷകർ ശക്തിസംഭരിച്ച് സംഘടിക്കുവാനുള്ള തയ്യാറെടുപ്പിലാണെന്നും ഇൻഫാം കർഷക അവകാശരേഖ ചൂണ്ടിക്കാണിക്കുന്നു. കാർഷികമേഖലയിലെ എംപി.മാർ, എംഎ‍ൽഎ.മാർ തുടങ്ങി ജനപ്രതിനിധികളുടെയും രാഷ്ട്രീയ കർഷക സംഘടനാ നേതാക്കളുടെയും സമ്മേളനം വിളിച്ചുചേർത്ത് സർവ്വകക്ഷിസംഘത്തിന് ഇൻഫാം രൂപം കൊടുക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.