- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക നേതാക്കളെ അറസ്റ്റു ചെയ്ത നടപടി ധിക്കാരപരം, പ്രക്ഷോഭം വ്യാപിപ്പിക്കും: വി സി. സെബാസ്റ്റ്യൻ
കോഴിക്കോട്: കർഷക നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലിലടച്ച ഫോറസ്റ്റ് ഉന്നതരുടെ നടപടി ധിക്കാരപരമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും മാഫിയ സംഘങ്ങളുമായുള്ള ഗൂഢാലോചനകൾ അന്വേഷണവിധേയമാക്കണമെന്നും ഇൻഫാം സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വി സി. സെബാസ്റ്റ്യൻ പറഞ്ഞു. ജെയ്മോൻ എന്ന കർഷക തൊഴിലാളിയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ കർഷക സംഘടനകൾ നടത്തിയ സമരം കോഴിക്കോട് ജില്ലാ കളക്ടർ മുൻകൈയെടുത്ത് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ, ജില്ലാ കളക്ടർ ഒപ്പിട്ട ഒത്തുതീർപ്പ് വ്യവസ്ഥകളെ നിഷ്‌ക്രിയമാക്കി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സമാന്തര സർക്കാരായി മാറിയിരിക്കുന്നത് ശക്തമായി എതിർക്കപ്പെടേണ്ടതും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വൻകിട ശക്തികളെ വെളിച്ചത്തു കൊണ്ടുവരേണ്ടതുമാണ്. ജില്ലാ കളക്ടറുടെ ചേമ്പറിൽ സെപ്റ്റംബർ ഏഴിനു ചേർന്ന യോഗത്തിൽ നാലു വ്യവസ്ഥകൾ പ്രകാരമാണ് കഴിഞ്ഞദിവസത്തെ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചത്. എന്നാൽ, ഈ വ്യവസ്ഥകളെല്ലാം അട്ടിമറിച്ചുള്ള വ
കോഴിക്കോട്: കർഷക നേതാക്കളെ അറസ്റ്റു ചെയ്ത് ജയിലിലടച്ച ഫോറസ്റ്റ് ഉന്നതരുടെ നടപടി ധിക്കാരപരമാണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും മാഫിയ സംഘങ്ങളുമായുള്ള ഗൂഢാലോചനകൾ അന്വേഷണവിധേയമാക്കണമെന്നും ഇൻഫാം സെക്രട്ടറി ജനറൽ ഷെവ. അഡ്വ. വി സി. സെബാസ്റ്റ്യൻ പറഞ്ഞു.
ജെയ്മോൻ എന്ന കർഷക തൊഴിലാളിയെ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ച വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടിക്കെതിരേ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ കർഷക സംഘടനകൾ നടത്തിയ സമരം കോഴിക്കോട് ജില്ലാ കളക്ടർ മുൻകൈയെടുത്ത് ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ, ജില്ലാ കളക്ടർ ഒപ്പിട്ട ഒത്തുതീർപ്പ് വ്യവസ്ഥകളെ നിഷ്‌ക്രിയമാക്കി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സമാന്തര സർക്കാരായി മാറിയിരിക്കുന്നത് ശക്തമായി എതിർക്കപ്പെടേണ്ടതും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന വൻകിട ശക്തികളെ വെളിച്ചത്തു കൊണ്ടുവരേണ്ടതുമാണ്.
ജില്ലാ കളക്ടറുടെ ചേമ്പറിൽ സെപ്റ്റംബർ ഏഴിനു ചേർന്ന യോഗത്തിൽ നാലു വ്യവസ്ഥകൾ പ്രകാരമാണ് കഴിഞ്ഞദിവസത്തെ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചത്. എന്നാൽ, ഈ വ്യവസ്ഥകളെല്ലാം അട്ടിമറിച്ചുള്ള വനംവകുപ്പ് നടപടി സർക്കാർ സംവിധാനങ്ങളെപ്പോലും നോക്കുകുത്തിയാക്കുന്നു. മൂന്നാം വ്യവസ്ഥപ്രകാരം ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ഫോറസ്റ്റ് ഓഫീസർ എന്നിവർ ചർച്ച ചെയ്ത് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നിരിക്കെ കഴിഞ്ഞദിവസങ്ങളിൽ സമരരംഗത്തുണ്ടായിരുന്ന കർഷകനേതാക്കളെ ഒന്നടങ്കം അറസ്റ്റു ചെയ്തതിന് വനംവകുപ്പും സർക്കാരും ഭാവിയിൽ വൻ വിലനിൽകേണ്ടിവരുമെന്നും കർഷക പ്രക്ഷോഭം വ്യാപിപ്പിക്കുമെന്നും വി സി. സെബാസ്റ്റ്യൻ പറഞ്ഞു.
തുടർ പ്രക്ഷോഭങ്ങൾ സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുന്നതിന് വിവിധ കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ ആഭിമുഖ്യത്തിൽ അടിയന്തര യോഗം ചേരുമെന്ന് സംസ്ഥാന കോഓർഡിനേറ്റർ പി.ടി. ജോൺ കോട്ടയത്ത് അറിയിച്ചു.