കാഞ്ഞിരപ്പള്ളി: പ്രളയദുരിതത്തിൽ സർവ്വതും നഷ്ടമായ കർഷകർക്ക് ദുരിതാശ്വാസമല്ല ജീവനോപാധികളും നഷ്ടപരിഹാരവുമാണ് ലഭ്യമാക്കേണ്ടതെന്ന് പാറത്തോട് മലനാട് ഡവലപ്പ്മെന്റ് സൊസൈറ്റിയിൽ ചേർന്ന ഇൻഫാം ദേശീയ സമിതി സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു. ഇൻഫാം രക്ഷാധികാരിയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനുമായ ബിഷപ് മാർ മാത്യു അറയ്ക്കൽ ദേശീയ സമിതി ഉദ്ഘാടനം ചെയ്തു.

കാർഷികവിളകളുടെ വിലത്തകർച്ച, കർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ ആനുകാലിക വിഷയങ്ങളെക്കുറിച്ച് സമ്മേളനം ചർച്ചചെയ്തു. ഫാ.ജോസ് മോനിപ്പള്ളി-ഡയറക്ടർ, ജോസ് എടപ്പാട്ട് -പ്രസിഡന്റ്, ഡോ.ജോസഫ് തോമസ്-വൈസ് പ്രസിഡന്റ്, ഫാ.ജോസ് കാവനാടി-സെക്രട്ടറി, ഫാ.തോമസ് മറ്റമുണ്ടയിൽ-ജോയിന്റ് ഡയറക്ടർ, അഡ്വ.എബ്രാഹം മാത്യു പന്തിരുവേലിൽ-ജോയിന്റ് സെക്രട്ടറി, സണ്ണി അരഞ്ഞാലിയിൽ-ട്രഷറർ എന്നിവരടങ്ങുന്ന സംസ്ഥാന സമിതിയെ സമ്മേളനത്തിൽ തെരഞ്ഞെടുത്തു.

ഇൻഫാം ദേശീയ ചെയർമാൻ ഫാ.ജോസഫ് ഒറ്റപ്ലാക്കൽ അധ്യക്ഷതവഹിച്ചു. ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ, മോൺ. ആന്റണി കൊഴുവനാൽ, കെ.എസ്.മാത്യു മാമ്പറമ്പിൽ, ജോസഫ് കാര്യാങ്കൽ, ബേബി പെരുമാലിൽ, ഡോ.ജോസഫ് തോമസ്, സ്‌കറിയ നെല്ലാംകുഴി, ജോസ് പോൾ ആയവന തുടങ്ങിയവർ സംസാരിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ ഇൻഫാം സംസ്ഥാന സമിതി രൂപീകരണം, ഭരണഘടനാഭേദഗതി, വിവിധ കർഷക സംഘടനകളുടെ ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ ആവശ്യകത തുടങ്ങിയ സമിതി ചർച്ചചെയ്തു. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ അല്മായ സെക്രട്ടറിയായി നിയമിതനായ ഷെവലിയർ അഡ്വ.വിസി സെബാസ്റ്റ്യനെ സമ്മേളനത്തിൽ ആദരിച്ചു.

ഇൻഫാം ദേശീയ സമിതിയിൽ അംഗീകരിച്ച പ്രമേയം

- കർഷരുടെ വായ്പകൾ പൂർണ്ണമായി എഴുതിത്ത്തള്ളണം. കർഷകരുടെ മക്കൾ എടുത്തിട്ടുള്ള വിദ്യാഭ്യാസ വായ്പകളുടെ പലിശ പൂർണ്ണമായി ഒഴിവാക്കണം.
- ആർസിഇപി സ്വതന്ത്ര വ്യാപാരക്കരാറിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണം.
- പ്രളയദുരിതത്തിൽ എല്ലാം നഷ്ടപ്പെട്ട കർഷക കുടുംബങ്ങൾക്ക് ജീവനോപാധികൾ ഒരുക്കി നൽകണം.
- പട്ടയം ലഭിക്കാത്ത എല്ലാ കർഷകർക്കും ഉപാധിരഹിത പട്ടയം എത്രയും വേഗത്തിൽ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കണം.
- കർഷകർക്ക് പതിനായിരം രൂപ പെൻഷൻ അനുവദിക്കണം.
- കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുമ്പോൾ ജനവാസമേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങൾ സംസ്ഥാന സർക്കാർ ചെയ്യണമെന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.
- കാർഷികവിളകൾക്ക് അടിസ്ഥാനവിലയും ഇൻസെന്റീവും നൽകണം