- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യാന്തരവിലയ്ക്ക് റബർ സംഭരിക്കുവാൻ റബർബോർഡ് തയ്യാറാകണം: ഇൻഫാം
കൊച്ചി: അപ്രായോഗിക പദ്ധതികൾ പ്രഖ്യാപിച്ച് കർഷകരെ വിഢികളാക്കുന്ന സ്ഥിരം പല്ലവി അവസാനിപ്പിച്ച് രാജ്യാന്തര വിലയ്ക്ക് കർഷകരിൽ നിന്ന് നേരിട്ട് റബർ സംഭരിക്കുവാൻ റബർ ബോർഡ് തയ്യാറാകണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ഒരു കിലോഗ്രാം റബറിന്റെ രാജ്യാന്തര വിപണിവില 187 രൂപയുണ്ടായിരിക്കുമ്പോൾ ആഭ്യന്തരവിപണിയിലെ റബർബോർഡ് വില 163 രൂപയും കർഷകർക്ക് ലഭിക്കുന്നത് 159 രൂപയുമാണ്. രാജ്യാന്തരവില കർഷകന് ലഭിക്കുവാൻ അർഹതയുണ്ടെന്നിരിക്കെ, റബർ ബോർഡ് വ്യവസായികളുമായി ചേർന്ന് വിപണി അട്ടിമറിക്കുന്നതുകൊണ്ടാണ് ഈ സ്ഥിതിവിശേഷം. മാധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്ന റബർബോർഡ് വിലയ്ക്ക് യാതൊരു മാനദണ്ഡവും അടിസ്ഥാനവുമില്ലന്നാണ് ഇത് തെളിയിക്കുന്നത്. വ്യവസായികളുടെ താല്പര്യം സംരക്ഷിക്കുവാൻ കർഷകനെ ദ്രോഹിക്കുന്ന ബോർഡിന്റെ കാലങ്ങളായുള്ള കർഷകരെ വഞ്ചിക്കുന്ന സമീപനമാണിത്. രാജ്യാന്തരവില കർഷകന് ഉറപ്പാക്കി നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം റബർ ബോർഡ് നിർവഹിക്കണം. റബർബോർഡ് സംവിധാനങ്ങളിലൂടെയും ബോർഡിന്റെ നിയന്ത്രണത്തിലുള്ള വിവിധ കമ്പനികളിലൂടെയും ഇന്നത്തെ സാഹചര്യത്തിൽ രാജ്യാന്തരവിലയ്ക്ക് റബർ സംഭരിക്കുവാൻ ബോർഡ് തയ്യാറാകണം. വിപണിവിലയ്ക്ക് റബർ സംഭരിച്ച് കയറ്റുമതി ചെയ്താൽപോലും ചെലവുകഴിഞ്ഞ് കിലോഗ്രാമിന് 20 രൂപ ലാഭമുണ്ടാകും. ഈ ലാഭം കർഷകന് ബോണസായി ലഭ്യവുമാകും. ഇത്തരം ക്രിയാത്മക ഇടപെടലുകൾ നടത്താതെ ബോർഡ് നിരന്തരം പ്രഖ്യാപിക്കുന്ന പദ്ധതികൾ പലതും പ്രഹസനങ്ങളും വൻ പരാജയങ്ങളുമാണ്.
കൃഷിയിടങ്ങളിൽ കർഷകർ ടാപ്പിങ് നടത്താത്തതുമൂലമല്ല കാലാവസ്ഥാ വ്യതിയാനം മൂലം ഉല്പാദനം ഇടിഞ്ഞിരിക്കുന്നതിനാലാണ് വിപണിയിൽ ഷീറ്റ്‌വരവ് കുറഞ്ഞിരിക്കുന്നത്. എന്നിട്ടും ന്യായവില ലഭ്യമാക്കാതെ വിലയിടിക്കുന്നതിന് റബർ ബോർഡ് കൂട്ടുനിൽക്കുന്നു. സംസ്ഥാന സർക്കാർ വിലസ്ഥിരതാപദ്ധതി തുക 150 രൂപയിൽ നിന്ന് 200 രൂപയായി വർദ്ധിപ്പിക്കണമെന്നും വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.