കൊച്ചി: റബർ ബോർഡിന്റെ റബറുല്പാദന കണക്കുകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ഉല്പാദനം ഉയർത്തിക്കാട്ടി വിലയിടിച്ച് വ്യവസായികളെ സംരക്ഷിക്കുന്ന കാലങ്ങളായുള്ള കർഷകദ്രോഹം ബോർഡ് ആവർത്തിക്കുന്നത് നിർഭാഗ്യകരമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ഉല്പാദനം ഉയർത്തിക്കാണിക്കേണ്ടത് ബോർഡിലെ ഉദ്യോഗസ്ഥരുടെ നിലനിൽപ്പിന്റെ പ്രശ്നമാണ്. അതിനുവേണ്ടി അടിസ്ഥാനമില്ലാത്ത ഉയർന്ന ഉല്പാദനക്കണക്കുകൾ നിരന്തരം നിരത്തുന്നത് നീതികേടാണ്. കാലാവസ്ഥാ വ്യതിയാനവും ഇലക്കേടുംമൂലം റബർ ഉല്പാദനം കുറഞ്ഞിരിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. കഴിഞ്ഞ മാസം ഒരു കിലോഗ്രാം റബറിന് ഏതാനും ദിവസങ്ങളിൽ ശരാശരി 158 രൂപവരെ കർഷകന് ലഭ്യമാക്കിയത് രാജ്യാന്തര വിപണിയിലുണ്ടായ വിലവർദ്ധനവുമൂലം ഇറക്കുമതി അസാധ്യമായിരുന്നതുകൊണ്ടാണ്. എന്നിട്ടുപോലും ഇതിന് ആനുപാതികമായുള്ള വില കേരളത്തിലെ റബർ കർഷകർക്ക് ലഭ്യമാക്കുവാൻ റബർബോർഡിന് സാധിച്ചില്ല.

വരാൻപോകുന്ന സംസ്ഥാന നിയമസഭാതെരഞ്ഞെടുപ്പിനു മുന്നൊരുക്കമായുള്ള ഫെബ്രുവരി ബജറ്റിൽ നിലവിലുള്ള റബർ വിലസ്ഥിരതാപദ്ധതി 150 രൂപയിൽ നിന്ന് 200 രൂപയാക്കി ഉയർത്തേണ്ടത് രാഷ്ട്രീയപരമായിട്ടും ഈ സർക്കാരിന് ആവശ്യമാണ്. സിയാൽ മോഡൽ റബർ കമ്പനിക്കും വരും ദിവസങ്ങളിൽ സർക്കാർ ഔദ്യോഗിക തുടക്കം കുറിക്കും. കേന്ദ്രസർക്കാരും റബർ ബോർഡും മുഖംതിരിഞ്ഞു നിൽക്കുമ്പോൾ റബർ കർഷകർ രാഷ്ട്രീയ നിലപാടുകളെടുക്കേണ്ടിവരുമെന്നും കർഷകരെ സംരക്ഷിക്കാത്തവരെ പുറന്തള്ളുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.