കോട്ടയം: നോട്ട് അസാധുവാക്കൽമൂലം കഴിഞ്ഞ അൻപതിലേറെ ദിവസങ്ങളായി ഗ്രാമീണ ജനതയും കർഷകരും നേരിടുന്ന ദുരിതത്തിന് പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിച്ചവർക്കു മുന്നിൽ വ്യക്തമായ മറുപടിയോ ക്രിയാത്മക മാർഗ്ഗനിർദ്ദേശങ്ങളോ ഇല്ലാതെ കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി നടത്തിയ കർഷകപ്രഖ്യാപനങ്ങൾ നടപ്പിലാക്കാതെ വീണ്ടും ആവർത്തിച്ച് പ്രധാനമന്ത്രി കർഷകരെ അപമാനിച്ചുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ കുറ്റപ്പെടുത്തി.

നവംബർ 8ന് ശേഷമുള്ള 50 ദിവസംകൊണ്ട് എത്രപണം ബാങ്കിൽ തിരികെയെത്തിയെന്നോ രാജ്യത്ത് കള്ളപ്പണമെത്രയെന്നോ വ്യക്തമാക്കുവാൻ കേന്ദ്രസർക്കാരിന് സാധിക്കാത്തത് നിർഭാഗ്യകരമാണ്. കർഷകരും ഗ്രാമീണജനതയും അധ്വാനിച്ച് സ്വരുക്കൂട്ടി സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമിട്ട പണം പിൻവലിക്കാനുള്ള നിയന്ത്രണങ്ങൾ എപ്പോൾ നീങ്ങുമെന്ന് വ്യക്തമാക്കുവാൻ കഴിഞ്ഞ ദിവസം രാജ്യത്തോടുനടത്തിയ അഭി സംബോധനയിൽ പ്രധാനമന്ത്രിക്കായില്ല. ജനജീവിതം കൂടുതൽ സങ്കീർണ്ണമാക്കി നിയന്ത്രണങ്ങൾ തുടരുമ്പോൾ പുതിയ സാമ്പത്തിക നടപടിക്കുമേൽ ജനങ്ങളുയർത്തുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്.

കർഷകർ ഉല്പന്നങ്ങൾ വിറ്റഴിക്കുവാൻ സാധിക്കാതെ സാമ്പത്തിക ക്ഷാമം നേരിടുമ്പോൾ പ്രധാനമന്ത്രിയുടെ ആവർത്തിച്ചുള്ള ക്ഷേമപ്രഖ്യാപനങ്ങൾ മുഖവിലയ്ക്കെടുക്കാനാവില്ല. 2016 ഫെബ്രുവരിയിലെ കേന്ദ്രബജറ്റിൽ 5 വർഷംകൊണ്ട് കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്നുള്ള പ്രഖ്യാപനവും പദ്ധതിനിർദ്ദേശങ്ങളും നടപ്പിലാക്കുവാൻ ഒരു ശ്രമവും നടത്താതെ നോട്ടുപ്രതിസന്ധിയിൽ വീണ്ടും ആവർത്തിക്കുന്നത് കർഷകരെ വിഢികളാക്കുന്നതാണ്.

2015 ലെ ഭക്ഷ്യസുരക്ഷാ നിയമത്തിൽ ഗർഭിണികൾക്ക് 6000 രൂപ ധനസഹായം നൽകുമെന്ന് വ്യവസ്ഥയുണ്ട്. ഈ പദ്ധതി നടപ്പിലാക്കാതെ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിയിൽ വീണ്ടും ആവർത്തിച്ചിരിക്കുന്നത് വിരോധാഭാസമാണ്. ആവാസ് യോജന പദ്ധതിപ്രകാരം നഗരങ്ങളിലെ ദരിദ്രർക്ക് 6 ലക്ഷം രൂപവരെയെടുക്കുന്ന വായ്പയ്ക്ക് നിലവിൽ വായ്പ ഇളവുകളുണ്ട്. ഈ ഇളവ് 20 ലക്ഷംവരെയുള്ള വായ്പയ്ക്ക് ഉയർത്തിയെന്ന പ്രഖ്യാപനം കൊട്ടിഘോഷിക്കുന്നത് ശരിയല്ല. 20 ലക്ഷം വരെ വായ്പയെടുക്കുന്ന നഗരത്തിലെ ദരിദ്രരെക്കുറിച്ചുള്ള കേന്ദ്രസർക്കാരിന്റെ കാഴ്ചപ്പാട് വളരെ വിചിത്രമാണെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.