കൊച്ചി: കർഷകദിനാചരണത്തോടനുബന്ധിച്ച് ഇൻഫാം കേരളത്തിലെ വിവിധ സ്‌കൂളുകൾക്കും വിദ്യാർത്ഥി കർഷകർക്കുമായി ഏർപ്പെടുത്തിയ അവാർഡുകളും പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഭാവിതലമുറയ്ക്ക് കാർഷിക പ്രോത്സാഹനമായി സംസ്ഥാന തലത്തിൽ മികച്ച പച്ചക്കറികൃഷി ചെയ്യുന്ന സ്‌കൂളുകൾക്കും വിദ്യാർത്ഥികൾക്കുമാണ് ഇൻഫാമിന്റെ ജൈവകേരളം വിദ്യാർത്ഥികളിലൂടെ എന്ന പദ്ധതിയുടെ ഭാഗമായി അവാർഡുകൾ നൽകുന്നത്.

10,001 രൂപയും പ്രശംസാപത്രവും മെമന്റോയുമടങ്ങുന്ന പുരസ്‌കാരം കോട്ടയം ജില്ലയിലെ കിടങ്ങൂർ സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ നേടി. ഇടുക്കി ജില്ലയിലെ അടിമാലി മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്പെഷ്യൽ സ്‌കൂൾ, രാജകുമാരി ഹോളി ക്വീൻസ് യു.പി.സ്‌കൂൾ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എക്സലൻസ് അവാർഡുകൾക്ക് യഥാക്രമം തിരുവനന്തപുരം ഉള്ളൂർ ഗവൺമെന്റ് യു.പി.സ്‌കൂൾ, പന്തളം പൂഴിക്കാട് ഗവൺമെന്റ് യു.പി.സ്‌കൂൾ, കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ എച്ച്.എസ്.എസ്., ഇടുക്കി കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്.എസ്.എസ്, മാങ്കുളം വേളിയംപാറ അംഗൻവാടി, കണ്ണൂർ ചെറുകുന്ന് സെന്റ് മേരീസ് എൽ.പി.സ്‌കൂൾ, വൈക്കം വെസ്റ്റ് ജി.വി.എച്ച്.എസ്.എസ്. എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

ഇൻഫാം സ്റ്റേറ്റ് ലെവൽ ബെസ്റ്റ് സ്റ്റുഡന്റ് ഫാർമർ അവാർഡ് മുന്ന ഷാജഹാൻ, മൂവാറ്റുപുഴ നേടി. ജിത്തു അജയ് ആറ്റിങ്ങൽ തിരുവനന്തപുരം, ഡിനു ഓസ്റ്റിൻ നെല്ലിക്കൽ മൂവാറ്റുപുഴ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സ്റ്റുഡന്റ്സ് എക്സലൻസ് അവാർഡുകൾക്ക് അശ്വതി സന്തോഷ് & അക്ഷയ് സന്തോഷ് വാളകം, കൊട്ടാരക്കര, ജാസ്ന ജാഫർ, പുത്തൻപുരയ്ക്കൽ നെട്ടൂർ എറണാകുളം എന്നിവരും അർഹരായി. മൂവാറ്റുപുഴ മോനിപ്പള്ളിൽ സോന സെലസ്റ്റിൻ ഇൻഫാം സ്റ്റേറ്റ് റിസേർച്ച് അവാർഡിനും അർഹയായി. ജനസേവ ശിശുഭവൻ രക്ഷാധികാരി ജോസ് മാവേലിക്ക് ജനരക്ഷാ അവാർഡ് നൽകി ഇൻഫാം ആദരിക്കും.

കേരളത്തിലെ 364 സ്‌കൂൾ കൃഷിത്തോട്ടങ്ങൾ ജൂറി ചെയർമാൻ ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളിയുടെ നേതൃത്വത്തിൽ അംഗങ്ങളായ ഇൻഫാം സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട്. ദേശീയ ട്രസ്റ്റി ഡോ.എം.സി.ജോർജ്, ദേശീയ ട്രഷറർ ജോയി തെങ്ങുംകുടി, റോയി വള്ളമറ്റം, ഷൈൻ മാമ്പുഴ എന്നിവർ സന്ദർശിച്ച് വിലയിരുത്തുകയും കൃഷി പ്രോത്സാഹനത്തിന് വിദ്യാർത്ഥികളുമായി മുഖാമുഖ സംവാദം നടത്തുകയും ചെയ്തു.

അവാർഡുദാനം ജനുവരി 15ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വാഴക്കുളത്ത് ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി വി എസ്.സുനിൽകുമാർ വിതരണം ചെയ്യുമെന്ന് ഇൻഫാം സംസ്ഥാന ഡയറക്ടർ ഫാ.ജോസ് മോനിപ്പള്ളി, സംസ്ഥാന കൺവീനർ ജോസ് എടപ്പാട്ട് എന്നിവർ അറിയിച്ചു.