കൊച്ചി: കേരള തമിഴ്‌നാട് അതിർത്തിയിലെ തേനിക്കടുത്ത് പൊട്ടിപ്പുറത്ത് നിർമ്മിക്കുന്ന കണികാപരീക്ഷണശാലയ്ക്കുള്ള പരിസ്ഥിതി അനുമതി ഹരിതട്രിബ്യൂണൽ റദ്ദാക്കിയിരിക്കുമ്പോൾ ഈ പദ്ധതിക്കായി പരിസ്ഥിതി ആഘാതപഠനം നടത്തിയ സലിം അലി സെന്ററിന്റെ രാജ്യാന്തര ബന്ധങ്ങളും, സാമ്പത്തിക സ്രോതസ്സുകളും, ഗാഡ്ഗിൽ സമിതി റിപ്പോർട്ട് രൂപീകരണത്തിലുള്ള ഇടപെടലുകളും കേന്ദ്രസർക്കാർ അന്വേഷണവിധേയമാക്കണമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

കേരളത്തിലെ 40 താലൂക്കുകൾ ഉൾപ്പെടെ പശ്ചിമഘട്ടത്തെ വിവിധ താലൂക്കുകൾ പരിസ്ഥിതിലോലമാക്കുവാൻ നിർദ്ദേശിച്ച ഗാഡ്ഗിൽ സമിതി റിപ്പോർട്ടിന്റെ പിന്നിൽ പ്രവർത്തിച്ചവരിൽ സലിം അലി സെന്ററും ഉൾപ്പെടുന്നു. ഗാഡ്ഗിൽ റിപ്പോർട്ടിൽ 22 ഭാഗങ്ങളിൽ സാക്കോണിന്റെ പങ്കാളിത്തം വിവരിക്കുന്നുണ്ട്. ഇവർ കണികാപരീക്ഷണത്തിനായി നടത്തിയ പരിസ്ഥിതി ആഘാതപഠനം കേന്ദ്രസർക്കാർ അംഗീകരിച്ചതിന്റെ പിന്നിലുള്ള വൻ ഗൂഢാലോചന ഹരിതട്രിബ്യൂണൽ വിധിയിലൂടെ മറനീക്കി പുറത്തുവന്നിരിക്കുയാണ്. സലിംഅലി സെന്ററിന് പരിസ്ഥിതി ആഘാതപഠനം നടത്തി റിപ്പോർട്ടുനൽകുവാൻ യോഗ്യതയില്ലെന്നുള്ള ട്രിബ്യൂണൽ വിധിയെ ഗൗരവമായി കാണേണ്ടിയിരിക്കുന്നു. പശ്ചിമഘട്ടസംരക്ഷണത്തിനായി ഗാഡ്ഗിൽ നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ യുപിഎ സർക്കാർ തിരക്കിട്ട് ശ്രമിച്ച കാലയളവിൽത്തന്നെയാണ് പശ്ചിമഘട്ടത്തിന്റെ പാറതുരന്ന് കണികാപരീക്ഷണത്തിനുള്ള കരാർ നടപ്പിലാക്കിയതെന്നുള്ളതും കൂട്ടിവായിക്കേണ്ടതാണ്.

പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി ഇടുക്കിയുൾപ്പെടെ പശ്ചിമഘട്ടത്തിലെ വിവിധ താലൂക്കുകൾ പരിസ്ഥിതിലോലമാക്കുവാൻ നിർദ്ദേശിച്ചതിനുപിന്നിൽ പ്രവർത്തിച്ചവർതന്നെ ഇതേ പരിസ്ഥിതിലോലപ്രദേശങ്ങളുടെ 2.5 കിലോമീറ്റർ ഉള്ളറകളിലൂടെ 80,000 ലക്ഷം ടൺ പാറ 1000 ടൺ ജലാറ്റിൻ ഉപയോഗിച്ച് ഭീകരമായ സ്ഫോടനം നടത്തി തുരക്കുന്നത് പരിസ്ഥിതിയെ ബാധിക്കില്ലെന്ന് പറഞ്ഞ് നിസാരവൽക്കരിച്ചിരിക്കുന്നത് വിരോധാഭാസമാണ്. ഗാഡ്ഗിൽ സമിതിയുടെ പ്രവർത്തനകാലഘട്ടത്തിലും, കണികാപരീക്ഷണത്തിന് പരിസ്ഥിതി ആഘാതപഠനകാലത്തും സലിം അലി സെന്ററിന്റെ തലപ്പത്തിരുന്നവരുടെ വിദേശപരിസ്ഥിതി സാമ്പത്തിക ഏജൻസികളുമായുള്ള ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്ന് വി സി.സെബാസ്റ്റ്യൻ കേന്ദ്രസർക്കാരിനോട് ആഭ്യർത്ഥിച്ചു