കോട്ടയം: കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായിത്തുടരുന്നതിന്റെ പശ്ചാത്തലത്തിൽ വിവിധ രാഷ്ട്രീയ നേതൃത്വങ്ങളെയും കർഷകപ്രസ്ഥാനങ്ങളെയും പങ്കെടുപ്പിച്ചുള്ള സർവ്വകക്ഷി സമ്മേളനം വിളിച്ചുചേർത്ത് ശക്തമായ കർഷകപ്രക്ഷോഭത്തിന് ഇൻഫാം നേതൃത്വം നൽകുമെന്നും കക്ഷിരാഷ്ട്രീയ അജണ്ടകളല്ല, മറിച്ച് കർഷകരുടെയും കാർഷികമേഖലയുടെയും സംരക്ഷണവും സമഗ്രവളർച്ചയുമാണ് ഇൻഫാമിന്റെ ലക്ഷ്യമെന്നും ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കർഷകപ്രസ്ഥാനങ്ങൾ വിഘടിച്ചുനിന്ന് പ്രാദേശികമായി നടത്തുന്ന സമരപ്രക്ഷോഭങ്ങളുടെ ശക്തിചോർന്നുപോകുന്നത് കർഷകർ തിരിച്ചറിയണം. കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ നടത്തിയ കർഷകസമരങ്ങൾ പോലും കഴിഞ്ഞനാളുകളിൽ വിജയംകണ്ടില്ല. കോട്ടയത്തുള്ള റബർബോർഡ് ആസ്ഥാന കവാടത്തിങ്കൽ രാഷ്ട്രീയ പാർട്ടികളും കർഷകപ്രസ്ഥാനങ്ങളും സമുദായസംഘടനകളും സത്യാഗ്രഹവും പിക്കറ്റിംഗും നിരന്തരം മാറിമാറി നടത്തി. എന്നിട്ട് റബർ കർഷകർ രക്ഷപെട്ടോ? രാജ്യാന്തരറബർവില ഉയർന്നപ്പോൾ കേരളത്തിലും റബർവില അല്പം മെച്ചപ്പെട്ടു. ഇതിന് കർഷകർ നന്ദിപറയേണ്ടത് ചൈന, തായ്ലന്റ് സർക്കാരുകളോടാണ്. റബറിന്റെ ആഭ്യന്തരവിപണി ഇപ്പോൾ വീണ്ടും ഇടിഞ്ഞിരിക്കുന്നു.

സ്വതന്ത്രമായി രാഷ്ട്രീയ നിലപാടുകൾ സ്വീകരിച്ച് മുന്നേറുവാൻ ഇൻഫാം കർഷകർക്ക് എന്നും കരുത്തേകും. കർഷകക്ഷേമം ലക്ഷ്യംവെയ്ക്കുന്ന സംഘടിത മുന്നേറ്റങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ രാജ്യാന്തര കോർപ്പറേറ്റുകൾ ഇന്ത്യൻ വിപണി കീഴടക്കുന്ന സ്ഥിതിവിശേഷമാണുള്ളത്. ഇതോടെ ചെറുകിട കർഷകരുടെ ജീവിതം വഴിമുട്ടും. കാർഷികസംസ്‌കാരവും കർഷക ആഭിമുഖ്യവുമുള്ളവർ പരസ്പരം സഹകരിച്ചു പ്രവർത്തിക്കുവാൻ തയ്യാറാകണം.

കാർഷികമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച കർഷകപ്രസ്ഥാനമെന്ന നിലയിൽ കർഷകരോടുള്ള ചരിത്രപരമായ കടമയും ഉത്തരവാദിത്വവുമാണ് ഇൻഫാം എക്കാലവും നിറവേറ്റുന്നത്. സ്വതന്ത്ര കർഷകപ്രസ്ഥാനമെന്ന നിലയിലുള്ള പ്രവർത്തനങ്ങൾ ഇൻഫാം ശക്തമായി തുടരുന്നതാണ്. കാർഷികമേഖലയിലെ പ്രശ്നങ്ങളേയും കർഷക നീതിനിഷേധ പ്രതിഷേധങ്ങളെയും നിസ്സാരവൽക്കരിച്ച് മുഖംതിരിഞ്ഞു നിൽക്കുന്ന ഭരണസംവിധാനങ്ങളുടെ വിരുദ്ധനിലപാടുകൾക്കെതിരെ മുന്നണികൾക്കും രാഷ്ട്രീയത്തിനും അതീതമായി കർഷകകൂട്ടായ്മകൾ ശക്തിപ്പെടുത്തും.

രാജ്യാന്തര വ്യാപാരക്കരാറുകൾ കാർഷികമേഖലയിലുയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് ഒരു കർഷകകൂട്ടായ്മയിൽ പ്രബന്ധം അവതരിപ്പിച്ചതിനെ ദുർവ്യാഖ്യാനം ചെയ്യുന്നവരുടെ രാഷ്ട്രീയ കുതന്ത്രങ്ങൾ വിലപ്പോവില്ല. വരാൻപോകുന്ന കാർഷികപ്രതിസന്ധികളെക്കുറിച്ച് കർഷകർക്ക് അറിവുപകരേണ്ടത് ഇൻഫാമിന്റെ കടമയും ദൗത്യവുമാണ്. രാഷ്ട്രീയപാർട്ടികളെന്നോ മുന്നണികളെന്നോ കർഷകസാമുദായിക സംഘടനകളെന്നോ വ്യത്യാസമില്ലാതെ ഈ പങ്കുവയ്ക്കലുകൾ ഇനിയും തുടരും. കർഷകദ്രോഹ രാജ്യാന്തരവ്യാപാരക്കരാറുകൾക്കെതിരെ പോരാടുവാൻ കർഷകാഭിമുഖ്യമുള്ള ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കർഷകസംഘടനകളും മുന്നോട്ടുവരണമെന്നാണ് ഇൻഫാമിന്റെ നിലപാടെന്നും തമിഴ്‌നാട്ടിലെ സംഘടിത കർഷകസമരം ഒരു പാഠമാണെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.