കോട്ടയം: വിലയിടിവുമൂലം റബർ വിപണി വീണ്ടും തകർച്ച നേരിടുമ്പോൾ മുഖം തിരിഞ്ഞുനിൽക്കാതെ കർഷകരക്ഷയ്ക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും ചെറുകിട റബർ കർഷകർക്കായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച് നടപ്പാക്കിയ വിലസ്ഥിരതാപദ്ധതി പുനരുജ്ജീവിപ്പിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

മെയ് ഒന്നിന് 140 രൂപയുണ്ടായിരുന്ന ആർഎസ്എസ് നാല് റബറിന്റെ മെയ് ആറിലെ വ്യാപാരിവില 130 രൂപയായി താണു. ഈ നില തുടർന്ന് വൈകാതെ റബർവില 100 രൂപയിലെത്താനുള്ള സാഹചര്യമാണുള്ളത്. പ്രകൃതിദത്ത റബറിന്റെ രാജ്യാന്തര വിപണിയിലുണ്ടായ വിലയിടിവാണ് ആഭ്യന്തരവിപണിക്കും ആഘാതമായിരിക്കുന്നത്. ഇതിനു പ്രധാനകാരണം ക്രൂഡ് ഓയിലിന്റെ വിലത്തകർച്ചയാണ്. രാജ്യാന്തരമാർക്കറ്റിൽ കഴിഞ്ഞ അഞ്ചുമാസങ്ങളിലെ ഏറ്റവും കുറഞ്ഞ വിലയായ ബാരലിന് 45.52 യുഎസ് ഡോളറാണ് മെയ് നാലിനു രേഖപ്പെടുത്തിയത്. ക്രൂഡ് ഓയിൽ വിലത്തകർച്ച പ്രകൃതിദത്ത റബറിന്റെ വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. 2017 ജനുവരിയിലെ പുതുവർഷ ആഘോഷ പ്രഖ്യാപനത്തെത്തുടർന്ന് സജീവമായിരുന്ന ചൈനയുടെ ചരക്കുവാങ്ങലും ഇപ്പോൾ മന്ദീഭവിച്ചു.

പ്രകൃതിക്ഷോഭത്തെത്തുടർന്ന് നിലച്ചുപോയ തായ്ലണ്ടിലെ റബർ ഉല്പാദന പ്രൊവിൻസുകളിൽ ടാപ്പിങ് പുനരാരംഭിച്ച് ഉല്പാദനം വർദ്ധിച്ചിരിക്കുന്നതും രാജ്യാന്തര വിലയിടിവിന് ആക്കംകൂട്ടുന്നു. ഇതിന്റെ പ്രതിഫലനമായി ഇന്ത്യയിലെയും കേരളത്തിലെയും റബർ വിപണിയിൽ തകർച്ച തുടരാൻ സാധ്യതകളേറെയാണ്.

റബർ ഉല്പാദനം കുറഞ്ഞ് ഷീറ്റ്‌വരവ് നിലച്ചിരിക്കുമ്പോൾ റബറിന് ഏറ്റവും ഉയർന്ന വില ലഭിക്കേണ്ട ഏപ്രിൽ, മെയ് മാസങ്ങളിൽ വിലത്തകർച്ച നേരിട്ടിരിക്കുന്നത് കർഷകരിൽ ആശങ്കയുണർത്തുന്നു. ഉല്പാദനവർദ്ധനവ് ഉയർത്തിക്കാട്ടി റബർബോർഡ് നടത്തുന്ന കുപ്രചരണങ്ങൾ ആഭ്യന്തരവിപണി വിലയിടിക്കുവാൻ വ്യവസായികൾ പ്രേരണയേകുന്നുവെന്ന ആക്ഷേപം നിലനില്ക്കുന്നു. റബർ നയം വന്നാൽ കർഷകർ രക്ഷപെടുമെന്ന് പ്രചരിപ്പിക്കുന്നവർ കരട് റബർ നയം പഠിക്കാത്തവരാണ്. കുറഞ്ഞ വിലയിൽ അസംസ്‌കൃത റബർ ലഭ്യമാക്കി റബർ വ്യവസായത്തെ സംരക്ഷിക്കുന്ന റബർ നയം കർഷകന് ഉപകരിക്കില്ല. റബറിന്റെ ഉല്പാദനച്ചെലവ് കണക്കാക്കുവാനോ അടിസ്ഥാനവില നിശ്ചയിക്കുവാനോ റബർ സംഭരണത്തിനോ അനിയന്ത്രിതമായ ഇറക്കുമതിക്ക് കടിഞ്ഞാണിടാനോ ശ്രമിക്കാതെ കേന്ദ്രസർക്കാർ കർഷകവിരുദ്ധനിലപാട് തുടരുമ്പോൾ വരാൻ പോകുന്നത് റബർമേഖലയിൽ വീണ്ടും വൻ പ്രതിസന്ധിയാണെന്ന് വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ചെറുകിട കർഷകർക്ക് താല്ക്കാലികാശ്വാസം നൽകുന്ന സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാപദ്ധതി സജീവമാക്കണം. വിലത്തകർച്ചയിൽ കേരളത്തിൽ നിന്നുള്ള എംപിമാർ രാഷ്ട്രീയത്തിന് അതീതമായി ഒറ്റക്കെട്ടായി പാർലമെന്റ് വിഷയം സജീവമാക്കണമെന്നും കാർഷികസംസ്‌കാരവും കർഷക ആഭിമുഖ്യവുമുള്ള രാഷ്ട്രീയ പാർട്ടികളും കർഷക പ്രസ്ഥാനങ്ങളും സംഘടിച്ചുള്ള പ്രക്ഷോഭങ്ങൾക്കു തയ്യാറാകണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.