പാലാ: കാർഷികമേഖലയിലെ അതിരൂക്ഷമായ പ്രതിസന്ധി മറികടക്കാൻ കർഷകർ സംഘടിച്ചു മുന്നേറണമെന്നും പുത്തൻ കാർഷികമേഖലയെക്കുറിച്ച് കർഷകരെയും യുവതലമുറയെയും ബോധവൽക്കരിക്കണമെന്നും പാല രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇൻഫാമിന്റെ ആഭിമുഖ്യത്തിൽ ഭരണങ്ങാനത്തു നടന്ന സമരപ്രഖ്യാപന കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇൻഫാമിന്റെ വലിയ സാധ്യതകൾ കർഷകർ ഉപയോഗിക്കണം. മൂല്യവർദ്ധിത ഉല്പന്നങ്ങളിലേയ്ക്ക് കർഷകർ തിരിയണം. കർഷക ബാങ്കുകളും കൂട്ടായ്മകളും പുത്തൻ വിപണികൾ തേടണമെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു.

സമ്മേളനത്തിൽ ഇൻഫാം റീജിയണൽ ഡയറക്ടർ ഫാ.ജോസ് തറപ്പേൽ അധ്യക്ഷത വഹിച്ചു. ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി. ഇൻഫാം ദേശീയ പ്രസിഡന്റ് പി.സി.സിറിയക് മുഖ്യപ്രഭാഷണം നടത്തി. ഭരണങ്ങാനം തീർത്ഥാടനകേന്ദ്രം റെക്ടർ ഫാ.മാത്യു ചന്ദ്രൻകുന്നേൽ, ഡോ.എം.സി.ജോർജ്, ജോയി തെങ്ങുംകുടി, ജോസ് എടപ്പാട്ട് എന്നിവർ പ്രസംഗിച്ചു. ഇൻഫാം രൂപതാപ്രസിഡന്റ് മാത്യു മാമ്പറമ്പിൽ സ്വാഗതവും സെക്രട്ടറി ബേബി പന്തപ്പള്ളി കൃതജ്ഞതയും പറഞ്ഞു