കൊച്ചി: വിലത്തകർച്ചയും കടബാധ്യതയുംമൂലം പ്രക്ഷോഭത്തിലേർപ്പെട്ടിരിക്കുന്നവരെ കൊന്നൊടുക്കിയും കർഷക ആത്മഹത്യയിലൂടെയും ഇന്ത്യയുടെ ഗ്രാമങ്ങളെ ശവപ്പറമ്പുകളാകാൻ അനുവദിക്കരുതെന്നും കർഷകരെ രക്ഷിക്കാൻ ഉത്തരവാദിത്വപ്പെട്ടവർ കർഷകരെ അടിച്ചമർത്തുന്നതുകൊടുംക്രൂരതയാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.

വൻ വ്യവസായികളുടെ കോടികൾ കിട്ടാക്കടമായി എഴുതിത്ത്തള്ളിയിട്ട് കാർഷിക കടങ്ങൾ എഴുതിത്ത്തള്ളണമെങ്കിൽ സംസ്ഥാനങ്ങൾ പണം കണ്ടെത്തണമെന്നുള്ള കേന്ദ്രധനമന്ത്രിയുടെ നിലപാട് കർഷകരെ രണ്ടാംതരം പൗരന്മാരായി കാണുന്നതാണ്. വിവിധ രാജ്യാന്തര കാർഷിക കരാറുകളിലൂടെ കേന്ദ്രസർക്കാർ ഇന്ത്യയുടെ കാർഷികമേഖലയെ തീറെഴുതിയിരിക്കുന്നു. വൻകിട കോർപ്പറേറ്റുകളുടെ കാർഷിക നിക്ഷേപങ്ങളും കാർഷിക വിപണികളും രൂപപ്പെടുമ്പോൾ ഇന്ത്യയിലെ ചെറുകിട കർഷകർ നാമാവശേഷമാകും.

2009-ലെ ആസിയാൻ വ്യാപാരക്കരാറിനെത്തുടർന്ന് 2014 നവംബർ 12ന് കേന്ദ്രവാണിജ്യമന്ത്രി നിർമ്മല സീതാരാമൻ ആസിയാൻ നിക്ഷേപക്കരാർ ഒപ്പുവെച്ചിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങൾ 2015 ജൂലൈ 1 മുതൽ ആരംഭിച്ചു. 2017 ജൂലൈ 18 മുതൽ 28 വരെ ഹൈദ്രാബാദിൽവെച്ച് ചൈന, ആസ്ത്രേലിയ, ന്യൂസിലാന്റ്, സൗത്തുകൊറിയ, പത്ത് ആസിയാൻ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ആർസിഇപി രാജ്യാന്തരക്കരാറിന്റെ 19-ാം റൗണ്ട് സമ്മേളനം ചേരുന്നു. ഇതിന്റെ തുടർച്ചയായി ഇന്ത്യ ആർസിഇപി കരാറിൽ ഒപ്പിടുമ്പോൾ ഇന്ത്യയുടെ കാർഷികമേഖല ഒന്നടങ്കം അംഗരാജ്യങ്ങൾക്കായി തുറന്നുകൊടുക്കപ്പെടും. നികുതിരഹിത കാർഷികോല്പന്ന ഇറക്കുമതി മാത്രമല്ല ഈ രാജ്യങ്ങളിലെ കോർപ്പറേറ്റുകളുടെ വൻ നിക്ഷേപങ്ങളും ഇന്ത്യയിലുണ്ടാകും. ഇപ്പോഴുള്ളതിലും അതിഭീകരമായ പ്രത്യാഘാതങ്ങളായിരിക്കും വരുംനാളുകളിൽ ഇന്ത്യയിലെ ചെറുകിടകർഷകർ നേരിടേണ്ടി വരുന്നത്.

പൊതുസമൂഹം കർഷകരോട് ചേർന്നുനിൽക്കേണ്ട സമയമാണിത്. രാജ്യത്തുടനീളം കർഷകപ്രക്ഷോഭം ശക്തിയാർജ്ജിച്ചിരിക്കുമ്പോൾ കേരളത്തിലെ കർഷകപ്രസ്ഥാനങ്ങളും കർഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികളും സഹകരിച്ച് സംഘടിച്ച് നീങ്ങണമെന്നും രാഷ്ട്രീയ പാർട്ടികളെന്നോ മുന്നണികളെന്നോ നോക്കാതെ ഇത്തരം കർഷകമുന്നേറ്റങ്ങളെ ഇൻഫാം പിന്തുണയ്ക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.