കൊച്ചി: പ്രതിസന്ധിയിലായിരിക്കുന്ന കാർഷികമേഖലയ്ക്ക് വീണ്ടും വൻ ആഘാതമേൽപ്പിച്ചു കൊണ്ട് കേന്ദ്രസർക്കാർ ഒപ്പിടാനൊരുങ്ങുന്ന റീജണൽ കോംപ്രിഹെൻസീവ് എക്കണോമിക് പാർട്ട്ണർഷിപ്പ് കർഷകവിരുദ്ധ കരാറിൽനിന്ന് ഇന്ത്യ പിന്മാറണമെന്നും കരാറിനെതിരെയുള്ള ദേശീയ പ്രക്ഷോഭത്തിൽ കർഷകപ്രസ്ഥാനങ്ങൾ സംഘടിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

ആസിയാൻ രാജ്യങ്ങളും ഇന്ത്യയും ചൈനയുമുൾപ്പെടെ 16 രാജ്യങ്ങൾ അംഗങ്ങളായുള്ള ആർസിഇപിയുടെ പത്തൊമ്പതാം റൗണ്ട് സമ്മേളനം ഹൈദ്രാബാദിൽ ചേരുന്നത് ജൂലൈ 28ന് സമാപിക്കും. ഈ വർഷാവസാനത്തോടുകൂടി പുത്തൻ കരാർ ഒപ്പിടാനുള്ള നീക്കമാണ് നടക്കുന്നത്. 16 രാജ്യങ്ങൾ ചേർന്നുള്ള ഒറ്റ വ്യാപാരവിപണി രൂപപ്പെടുമ്പോൾ അനിയന്ത്രിതവും നികുതിരഹിതവുമായ കാർഷികോല്പന്ന ഇറക്കുമതിയുണ്ടാകും. വിലത്തകർച്ചയും കടക്കെണിയുംമൂലം കർഷക ആത്മഹത്യകൾ പെരുകുന്ന രാജ്യത്തിന് പുത്തൻ കരാർ വൻ വെല്ലുവിളിയുയർത്തുന്നതാണ്. ഇതിനോടകം വിവിധ കാർഷികാവശ്യങ്ങളുമായി മധ്യപ്രദേശിൽ നിന്ന് ആരംഭിച്ച കർഷകപ്രക്ഷോഭ ജാഥ ഇന്ന് (18 ജൂലൈ) ഡൽഹിയിൽ സമാപിക്കുകയാണ്.

ജൂലൈ 22 മുതൽ 26 വരെ ആർസിഇപി രാജ്യാന്തര സമ്മേളനം നടക്കുന്ന ഹൈദ്രാബാദിൽ വിവിധ കർഷകപ്രസ്ഥാനങ്ങളുടെ ജനകീയ പ്രതിഷേധസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. പുത്തൻ കരാറിനെതിരെ ബദൽരേഖയും അവതരിപ്പിക്കും. തുടർന്നുള്ള രാജ്യവ്യാപക പ്രതിഷേധത്തിൽ ഇൻഫാമും പങ്കുചേരും.

ഓഗസ്റ്റ് 10ന് കേരളത്തിൽ സംയുക്ത കർഷകസമിതിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽവച്ച് സംസ്ഥാന കൺവൻഷൻ സംഘടിപ്പിക്കുന്നതും തുടർപ്രക്ഷോഭ പരിപാടികൾക്ക് രൂപരേഖ തയ്യാറാക്കുന്നതുമാണ്. ആർസിഇപി കരാറിനെതിരെയും വിവിധ കർഷകവിഷയങ്ങളിലും കേരളത്തിലുടനീളം കർഷകപ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും രാഷ്ട്രീയ പ്രാദേശിക ചിന്തകൾക്കതീതമായി കർഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികളും സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളും പങ്കുചേരണമെന്നും സഹകരിക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.