കൊച്ചി: കാർഷിക മേഖലയ്ക്ക് വൻ പ്രഹരമേൽപ്പിക്കുന്ന ആർസിഇപി കരാറുമായി മുന്നോട്ടുനീങ്ങുവാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ രാജ്യത്തെ കർഷകസംഘടനകളും കർഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികളും സംഘടിച്ചുനീങ്ങണമെന്ന് ഇൻഫാം സെക്രട്ടറി ജനറൽ ഷെവലിയർ വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.

ജൂലൈ 28ന് ഹൈദരാബാദിൽ സമാപിച്ച ആർസിഇപി 19-ാം റൗണ്ട് ചർച്ചകൾ തുടർനടപടികൾക്ക് ഇന്ത്യ പച്ചക്കൊടി കാട്ടിയിരിക്കുമ്പോൾ ആഗോള കാർഷിക വിപണിയായി ഇന്ത്യ മാറുകയാണ്. അടച്ചമുറിയിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെയും പാർലമെന്റിലും പൊതുസമൂഹത്തിലും പങ്കുവയ്ക്കാതെയും രഹസ്യമാക്കി വെയ്ക്കുന്നത് ജനാധിപത്യഭരണസംവിധാനത്തെ അവഹേളിക്കുന്നതാണ്. ജീവൻ രക്ഷാമരുന്നുകളുടെ കുത്തക ആഗോളകമ്പനികൾക്ക് തീറെഴുതുന്ന സാഹചര്യമാണ് ഇതുവരെ പുറത്തുവന്ന വിവരങ്ങളിൽ നിന്ന് മനസിലാക്കുന്നത്. കൂടാതെ ഇറക്കുമതി ചെയ്യുന്ന കാർഷികോല്പന്നങ്ങൾക്കും ഇന്ത്യയിലെ കർഷകരുടെ ഉല്പന്നങ്ങൾക്കും ഒരേ നയവും നിയമങ്ങളും ബാധകമാകുന്ന നിർദ്ദേശവും വലിയ ഭവിഷ്യത്താണ് ക്ഷണിച്ചുവരുത്തുന്നത്. ആർസിഇപി കരാറുകൊണ്ട് ഇന്ത്യയ്ക്ക് എന്തുനേട്ടമുണ്ടാകുമെന്ന് പൗരന്മാരെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വത്തിൽ നിന്നുള്ള സർക്കാരിന്റെ ഒളിച്ചോട്ടവും അംഗീകരിക്കാനാവില്ല.

2009-ൽ ഒപ്പിട്ട ആസിയാൻ സ്വതന്ത്രവ്യാപാരക്കരാർ പ്രകാരം 2019 ഡിസംബർ 31ന് മുമ്പായി കാർഷികോല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കം പരിപൂർണ്ണമായി എടുത്തുമാറ്റുമ്പോൾതന്നെ തുറന്ന വിപണിയിലൂടെ വൻ ആഭ്യന്തര കാർഷികത്തകർച്ചയാണ് നാം നേരിടാനിരിക്കുന്നത്. ഇപ്പോൾത്തന്നെ വിലത്തകർച്ചമൂലം ആത്മഹത്യയിൽ കർഷകരെത്തിയിരിക്കുമ്പോൾ രാജ്യത്തെ ശവപ്പറമ്പാക്കുവാനുള്ള സർക്കാർ നീക്കം അംഗീകരിക്കാനാവില്ല.

കരാറിനുശേഷം ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ നാലിരട്ടിയായി വർദ്ധിച്ചിരിക്കുമ്പോൾ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി ഇരട്ടിപോലുമില്ല. ഈ തിക്താനുഭവം നിലനിൽക്കുമ്പോഴെങ്കിലും ചൈനയും ആസ്ത്രേലിയയും ന്യൂസിലാന്റും ജപ്പാനും ദക്ഷിണകൊറിയയും ആസിയാനും ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള വൻ ഇറക്കുമതിയിൽ ഇന്ത്യയുടെ കാർഷികമേഖല തകർന്നടിയും. റബറുൾപ്പെടെ നാണ്യവിളകൾക്ക് നയംപ്രഖ്യാപിക്കില്ലെന്നുള്ള ഗവൺമെന്റ് നിലപാടും റബർ ആക്ട് റദ്ദുചെയ്യാനുള്ള നീക്കവും ആഭ്യന്തരവാണിജ്യനിയമങ്ങൾ വ്യാപാരകരാറുകൾക്ക് തടസ്സമാകരുതെന്നുള്ള അംഗരാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ്. പാർലമെന്റംഗങ്ങളും ഇതര ജനപ്രതിനിധികളും വിഷയങ്ങൾ പഠിക്കുവാൻ തയാറാക്കണം. ഇൻഫാമിന്റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ആർസിഇപി കരാറും കാർഷികമേഖലയിലെ പ്രതിസന്ധികളെക്കുറിച്ചും വിശീകരണസമ്മേളനങ്ങളും ജനകീയ ബോധവത്കരണപരിപാടികളും സംഘടിപ്പിക്കുമെന്നും സെബാസ്റ്റ്യൻ പറഞ്ഞു.