കോട്ടയം: സാധാരണജനങ്ങളെ കള്ളപ്പണത്തിന്റെ സൂക്ഷിപ്പുകാരായി അവഹേളിച്ച കേന്ദ്രസർക്കാരിനുള്ള ഏറ്റവും വലിയ തിരിച്ചടിയാണ് 2016 നവംബർ 8ന് റദ്ദാക്കിയ നോട്ടുകളുടെ 99 ശതമാനവും മടങ്ങിയെത്തിയെന്നുള്ള റിസർവ് ബാങ്കിന്റെ റിപ്പോർട്ടെന്നും നോട്ടു റദ്ദാക്കലിൽ ഏറ്റവും പ്രതിസന്ധിയിലായത് ഇന്ത്യയിലെ കർഷകരും ഗ്രാമീണജനതയും കാർഷികമേഖലയുമാണെന്നും കേന്ദ്രസർക്കാർ കർഷകസമൂഹത്തോട് മാപ്പ് പറയണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

നോട്ടുനിരോധനം ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിച്ചത് ഗ്രാമീണ കാർഷിക മേഖലയിലാണ്. അദ്ധ്വാനിച്ച് സ്വരൂക്കൂട്ടി ബാങ്കിൽ നിക്ഷേപിച്ച വിയർപ്പിന്റെ വിലയുള്ള പണം പിൻവലിക്കാൻ രാജ്യത്തുടനീളം ജനങ്ങൾക്ക് ക്യൂ നിൽക്കേണ്ടി വന്നു. പൊരിവെയിലിൽ ക്യൂവിൽ നിന്ന് കുഴഞ്ഞുവീണവരും വീണുമരിച്ചവരും ഒട്ടനവധി. എന്നിട്ടും കള്ളപ്പണം സർക്കാരിന് കണ്ടുപിടിക്കാൻ സാധിച്ചില്ല. കേന്ദ്രസർക്കാരിന്റെ ഈ നടപടിമൂലം കാർഷികോല്പന്നങ്ങൾ വിറ്റഴിക്കാനാവാതെ കർഷകർ രാജ്യത്തുടനീളം ആത്മഹത്യ ചെയ്തു. സാധാരണ ജനങ്ങളുടെയും കർഷകരുടെയും ജീവിതം വഴിമുട്ടി, കാർഷിക വളർച്ചാനിരക്ക് പൂജ്യത്തിൽ താഴ്ന്നിട്ടും നോട്ടുറദ്ദാക്കലിലൂടെ ഡിജിറ്റൽ സംവിധാനം നിലവിൽ വന്നുവെന്നും നികുതിയടവ് വർദ്ധിച്ചുവെന്നും പറഞ്ഞ് കേന്ദ്ര ധനമന്ത്രി നോട്ട് നിരോധനത്തിന്റെ പരാജയ ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുകയാണ്.

ഈ ജനകീയ വിഷയത്തെ ഉയർത്തിക്കാട്ടി പ്രതികരിക്കുന്നതിൽ പ്രതിപക്ഷമുൾപ്പെടെ ഇന്ത്യയിലെ വിവിധ രാഷ്ട്രീയപാർട്ടികളും ദയനീയമായി പരാജയപ്പെട്ടു. ജനകീയ കാർഷിക പ്രശ്നങ്ങളിൽ നിന്നും ഭരണസംവിധാനങ്ങൾ ഒളിച്ചോടുന്നതും രാജ്യത്തെ അടിസ്ഥാന സമ്പത്തായ കാർഷികമേഖലയെ അവഗണിക്കുന്നതും ഭാവിയിൽ വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.