കോട്ടയം: കേന്ദ്രമന്ത്രിയായി കേരളത്തിൽ നിന്ന് അൽഫോൻസ് കണ്ണന്താനം നിയമിക്കപ്പെട്ടതിനെ കേരളത്തിലെ കർഷകസമൂഹം ഏറെ പ്രതീക്ഷയോടെ കാണുന്നുവെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കേരളത്തിലെ റബറുൾപ്പെടെ വിവിധ കാർഷികോല്പന്നങ്ങളുടെ വിലയിടിവ് സൃഷ്ടിച്ചിരിക്കുന്ന വൻ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുവാൻ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുവാൻ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിനാവും. വിലത്തകർച്ച അതിജീവിക്കുവാനുള്ള പുത്തൻ കർഷക സംരംഭങ്ങളും കാർഷിക ടൂറിസമുൾപ്പെടെ നവീനപദ്ധതികളും ആവിഷ്‌കരിക്കേണ്ടതായിട്ടുണ്ട്. ഇതിനുതകുന്ന കർഷകപദ്ധതികൾ സെപ്റ്റംബർ 15ന് ഇൻഫാം സമർപ്പിക്കും.

പശ്ചിമഘട്ട പരിസ്ഥിതിലോലപ്രദേശം അന്തിമവിജ്ഞാപനം, വിവിധ രാജ്യങ്ങളിൽ നിന്നുള്ള അനിയന്ത്രിതവും നികുതിരഹിതവുമായ കാർഷികോല്പന്ന ഇറക്കുമതിക്ക് നിയന്ത്രണം, ഇന്ത്യ ഒപ്പിടാനൊരുങ്ങുന്ന ആർസിഇപി രാജ്യാന്തര കരാറിലെ കർഷകവിരുദ്ധ നിർദ്ദേശങ്ങൾ പിൻവലിക്കുക എന്നിവയിൽ അദ്ദേഹം ശക്തമായ ഇടപെടലുകൾ നടത്തുമെന്നാണ് പ്രതീക്ഷ. ചെറുവള്ളി വിമാനത്താവളം, ശബരി റെയിൽവേ, മലയോര ഹൈവേ, റബറധിഷ്ഠിത വ്യവസായ സംരംഭങ്ങൾ ഉൾപ്പെടെ മലയോര കാർഷിക വികസനം ടൂറിസത്തോടൊപ്പം മുഖ്യഅജണ്ടയാക്കിയാൽ കേരളത്തിൽ വികസനക്കുതിപ്പുണ്ടാകുമെന്നും ഈ രീതിയിലുള്ള പദ്ധതികൾക്ക് കർഷകരൊന്നടങ്കം രാഷ്ട്രീയത്തിനതീതമായി പിന്തുണനൽകുമെന്നും വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു